---
title: "ശബരിമല സ്വർണകൊള്ള കേസ്; എൻ. വാസുവിന്റെ ജാമ്യഹർജി ഇന്ന് പരിഗണിക്കും"
english_title: "Sabarimala gold robbery case; N. Vasu's bail plea to be considered today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341136/sabarimala-gold-robbery-case-n-vasus-bail-plea-to-be-considered-today"
published_at: "2026-02-10T06:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698a89e72988b_4.jpg"
keywords: []
---

# ശബരിമല സ്വർണകൊള്ള കേസ്; എൻ. വാസുവിന്റെ ജാമ്യഹർജി ഇന്ന് പരിഗണിക്കും

> **Lead Summary:** ശബരിമല സ്വർണകൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസുവിന്റെ ജാമ്യഹർജി കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും.

## Article Content

ശബരിമല സ്വർണകൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസുവിന്റെ ജാമ്യഹർജി കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും.

അറസ്റ്റിലായി 90 ദിവസം പിന്നിട്ട സാഹചര്യത്തിൽ സ്വാഭാവിക ജാമ്യം അനുവദിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ശബരിമലയിലെ സ്വർണ്ണക്കട്ടിള നിർമ്മാണവുമായി ബന്ധപ്പെട്ട ക്രമക്കേടിൽ മൂന്നാം പ്രതിയായ ഇദ്ദേഹത്തെ 2025 നവംബർ 11-നാണ് അന്വേഷണ സംഘം പിടികൂടിയത്.

കേസിലെ മറ്റൊരു പ്രധാന പ്രതിയായ തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യാപേക്ഷയിലും കോടതിയിൽ ഇന്ന് വാദം തുടരും. രണ്ട് പ്രതികളുടെയും ജാമ്യനീക്കങ്ങളെ പ്രോസിക്യൂഷൻ ശക്തമായി എതിർക്കാനാണ് സാധ്യത.

അന്വേഷണം നിർണ്ണായക ഘട്ടത്തിലാണെന്നും പ്രതികൾക്ക് ജാമ്യം നൽകുന്നത് തെളിവ് നശിപ്പിക്കാൻ ഇടയാക്കുമെന്നും വിജിലൻസ് കോടതിയെ അറിയിച്ചേക്കും. വരും ദിവസങ്ങളിൽ കേസിൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്നാണ് സൂചന.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341136/sabarimala-gold-robbery-case-n-vasus-bail-plea-to-be-considered-today)