---
title: "അയോധ്യയിലെ രാമക്ഷേത്രം ആക്രമിക്കാൻ പദ്ധതിയിട്ട കേസ്; അറസ്റ്റിലായ ഐഎസ് ഭീകരൻ ജയിലിൽ കൊല്ലപ്പെട്ടു"
english_title: "Arrested ISIS terrorist in Ayodhya case of planning to attack Ram temple dies in jail"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341099/arrested-isis-terrorist-in-ayodhya-case-of-planning-to-attack-ram-temple-dies-in-jail"
published_at: "2026-02-09T18:28:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6989da3e5eb85_crime.jpg"
keywords: []
---

# അയോധ്യയിലെ രാമക്ഷേത്രം ആക്രമിക്കാൻ പദ്ധതിയിട്ട കേസ്; അറസ്റ്റിലായ ഐഎസ് ഭീകരൻ ജയിലിൽ കൊല്ലപ്പെട്ടു

> **Lead Summary:** **ഫരീദാബാദ്: ( **[www.truevisionnews.com]** ) ** അയോധ്യയിലെ രാമക്ഷേത്രം ആക്രമിക്കാൻ പദ്ധതിയിട്ട കേസിൽ അറസ്റ്റിലായ ഐഎസ് ഭീകരൻ അബ്ദുൽ റഹ്‌മാൻ ഫരീദാബാദ് ജയിലിൽ കൊല്ലപ്പെട്ടു. സഹതടവുകാരനായ അരുൺ ചൗധരി എന്നയാളുടെ ആക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയിലാണ്‌ സംഭവം.

## Article Content

**ഫരീദാബാദ്: ( **[www.truevisionnews.com]** ) ** അയോധ്യയിലെ രാമക്ഷേത്രം ആക്രമിക്കാൻ പദ്ധതിയിട്ട കേസിൽ അറസ്റ്റിലായ ഐഎസ് ഭീകരൻ അബ്ദുൽ റഹ്‌മാൻ ഫരീദാബാദ് ജയിലിൽ കൊല്ലപ്പെട്ടു. സഹതടവുകാരനായ അരുൺ ചൗധരി എന്നയാളുടെ ആക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയിലാണ്‌ സംഭവം.

ജമ്മു കശ്മീർ സ്വദേശിയായ അബ്ദുൽ റഹ്‌മാനെ കശ്മീരിലെ നീംക ജയിലിൽനിന്ന് കഴിഞ്ഞ ദിവസമാണ് ഫരീദാബാദ് ജയിലിലേക്ക് മാറ്റിയത്. ഇവിടെവെച്ച് റഹ്‌മാനെ അരുൺ ചൗധരി ആക്രമിക്കുകയായിരുന്നു. മൃതദേഹം നിലവിൽ പോലീസ് കസ്റ്റഡിയിലാണെന്നും സിവിൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം കശ്മീരിലേക്ക് കൊണ്ടുപോകുമെന്നും അധികൃതർ അറിയിച്ചു.

കഴിഞ്ഞ ഓഗസ്റ്റിൽ അയോധ്യയിലെ രാമക്ഷേത്രം ആക്രമിക്കാൻ പദ്ധതിയിട്ടു എന്ന ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് അബ്ദുൽ റഹ്‌മാനെ പോലീസ് പിടികൂടുന്നത്. ഗുജറാത്ത് എടിഎസ്, ഫരീദാബാദ് പോലീസ്, ഇന്റലിജൻസ് ബ്യൂറോ എന്നിവർ സംയുക്തമായി രാജസ്ഥാനിലെ പാലിയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അൽ ഖ്വയ്ദയുടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ നേതാവായ അബു സൗഫിയാനുമായി റഹ്‌മാന് അടുത്ത ബന്ധമുണ്ടെന്ന് ഇന്റലിജൻസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു.

അതേസമയം, തന്റെ മകനെ ബോധപൂർവ്വം ഈ കേസിൽ കുടുക്കിയതാണെന്ന് അബ്ദുൽ റഹ്‌മാന്റെ അമ്മ ആരോപിക്കുന്നു. സംഭവത്തിൽ ജയിൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെക്കുറിച്ച് അന്വേഷണം നടക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341099/arrested-isis-terrorist-in-ayodhya-case-of-planning-to-attack-ram-temple-dies-in-jail)