---
title: "ഇനി മുളക് സൂപ്പിൽ കുളിക്കാം! ചൈനയിലെ വിചിത്രമായ സ്പാ സഞ്ചാരികളെ ആകർഷിക്കുന്നു"
english_title: "Strange spa in China"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341031/strange-spa-in-china"
published_at: "2026-02-09T13:15:00+05:30"
category: "Travel"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698990b2a3767_TRAVEL.jpg"
keywords: []
---

# ഇനി മുളക് സൂപ്പിൽ കുളിക്കാം! ചൈനയിലെ വിചിത്രമായ സ്പാ സഞ്ചാരികളെ ആകർഷിക്കുന്നു

> **Lead Summary:** **[** യാത്രകളിൽ വ്യത്യസ്തത ആഗ്രഹിക്കുന്നവർക്കായി ചൈനയിൽ ഒരുങ്ങുന്നത് കൗതുകകരമായ ഒരു അനുഭവം. കാഴ്ചകൾ കണ്ട് മടുത്തവർക്ക് ഇനി ചൈനയിലെ ഹാർബിൻ നഗരത്തിൽ പോയി ഒരു 'മുളക് സൂപ്പിൽ' കിടന്ന് റിലാക്‌സ് ചെയ്യാം.

## Article Content

**[** യാത്രകളിൽ വ്യത്യസ്തത ആഗ്രഹിക്കുന്നവർക്കായി ചൈനയിൽ ഒരുങ്ങുന്നത് കൗതുകകരമായ ഒരു അനുഭവം. കാഴ്ചകൾ കണ്ട് മടുത്തവർക്ക് ഇനി ചൈനയിലെ ഹാർബിൻ നഗരത്തിൽ പോയി ഒരു 'മുളക് സൂപ്പിൽ' കിടന്ന് റിലാക്‌സ് ചെയ്യാം.

ഹാർബിനിലെ മേപ്പിൾ ലീഫ് വില്ലേജ് ഹോട്ട് സ്പ്രിംഗ് റിസോർട്ടാണ് തങ്ങളുടെ വിചിത്രമായ 'ഹോട്ട് പോട്ട് സ്പാ'യിലൂടെ ആഗോളതലത്തിൽ ശ്രദ്ധ നേടുന്നത്. പ്രശസ്ത ട്രാവൽ വ്ലോഗർ ജോർദാൻ എഗ്ബെർട്ട് ഈ സ്പായുടെ ദൃശ്യങ്ങൾ പങ്കുവെച്ചതോടെയാണ് സംഗതി സോഷ്യൽ മീഡിയയിൽ വൈറലായത്.

ചൈനക്കാരുടെ പ്രിയപ്പെട്ട വിഭവമായ ഹോട്ട് പോട്ടിന്റെ മാതൃകയിലാണ് ഈ നീന്തൽക്കുളം രൂപകൽപ്പന ചെയ്തിരിക്കുന്നത്. 'യിൻ യാങ് പൂൾ' എന്ന് വിളിക്കപ്പെടുന്ന ഈ കുളത്തിന് രണ്ട് ഭാഗങ്ങളാണുള്ളത്. ഒരു വശത്ത് മുളകും മസാലകളും സുഗന്ധവ്യഞ്ജനങ്ങളും ഔഷധസസ്യങ്ങളും ചേർത്ത ചുവന്ന നിറത്തിലുള്ള വെള്ളമാണ്.

മറുവശത്ത് ഈന്തപ്പഴവും പച്ചക്കറികളും ചേർത്ത പാൽനിറത്തിലുള്ള വെള്ളവും. മുളക് വെള്ളത്തിൽ മുങ്ങിക്കിടക്കുന്നത് ശരീരത്തിലെ രക്തയോട്ടം വർദ്ധിപ്പിക്കാനും ഉന്മേഷം നൽകാനും സഹായിക്കുമെന്നാണ് റിസോർട്ട് അധികൃതരുടെ അവകാശവാദം.

എരിവ് ചർമ്മത്തിന് ദോഷകരമാകാത്ത രീതിയിലാണ് ഇതിന്റെ ക്രമീകരണമെങ്കിലും, സഞ്ചാരികൾ പ്രധാനമായും ഫോട്ടോ എടുക്കാനും വിനോദത്തിനുമായാണ് ഇവിടെ എത്തുന്നത്. മുളക് കുളത്തിന് പുറമെ, ആയിരക്കണക്കിന് ജെല്ലി ബോളുകൾ നിറഞ്ഞ കുളവും ഫിഷ് സ്പായും ഉൾപ്പെടെ മുപ്പതിലധികം വൈവിധ്യമാർന്ന നീന്തൽക്കുളങ്ങൾ ഇവിടെയുണ്ട്.

പുറത്ത് മൈനസ് ഡിഗ്രി തണുപ്പിൽ മഞ്ഞ് വീഴുമ്പോൾ, 40 ഡിഗ്രി ചൂടുള്ള വെള്ളത്തിൽ കിടക്കാമെന്നതാണ് ഇവിടുത്തെ പ്രധാന ആകർഷണം. ഏകദേശം 1200 മുതൽ 1700 ഇന്ത്യൻ രൂപ വരെയാണ് ഈ റിസോർട്ടിലെ പ്രവേശന ഫീസ്. ചൈനയിലെ പ്രശസ്തമായ ഹാർബിൻ ഐസ്‌ ഫെസ്‌റ്റിവലിന് പോകുന്നവർക്ക് പരീക്ഷിക്കാവുന്ന ഒരു വേറിട്ട അനുഭവമാണിത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341031/strange-spa-in-china)