---
title: "'ജനങ്ങളുമായുള്ള ബന്ധത്തിൽ സഖാക്കൾക്ക് പോരായ്മ'; ഗൃഹസന്ദർശന പരിപാടിയിൽ വീഴ്ച പറ്റിയെന്ന് സിപിഐഎം വിലയിരുത്തൽ"
english_title: "CPI(M) says home visit program is yet to be completed effectively State Committee sends circular to subordinate units"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340987/cpim-says-home-visit-program-is-yet-to-be-completed-effectively-state-committee-sends-circular-to-subordinate-units"
published_at: "2026-02-09T11:07:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698972bcc400b_cpim.jpg"
keywords: []
---

# 'ജനങ്ങളുമായുള്ള ബന്ധത്തിൽ സഖാക്കൾക്ക് പോരായ്മ'; ഗൃഹസന്ദർശന പരിപാടിയിൽ വീഴ്ച പറ്റിയെന്ന് സിപിഐഎം വിലയിരുത്തൽ

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** ) **സിപിഐഎമ്മിന്റെ ഗൃഹസന്ദർശനത്തിൽ കീഴ്ഘടകങ്ങൾ കുറ്റകരമായ അനാസ്ഥ കാട്ടിയെന്ന് നേതൃത്വം. ഗൃഹസന്ദർശന പരിപാടി തീരുമാനിച്ചത് പോലെ പൂർത്തീകരിക്കാനായില്ല. ജനങ്ങളുമായുള്ള ബന്ധത്തിൽ പോരായ്മ പരിപാടിയിൽ വ്യക്തമായെന്നുമാണ് നേത്യത്വത്തിന്റെ വിലയിരുത്തൽ. ഗൃഹസന്ദർശന പരിപാടിയോട് കാണിക്കുന്ന അനാസ്ഥ തിരുത്താൻ ഇടപെടണമെന്നും സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** ) **സിപിഐഎമ്മിന്റെ ഗൃഹസന്ദർശനത്തിൽ കീഴ്ഘടകങ്ങൾ കുറ്റകരമായ അനാസ്ഥ കാട്ടിയെന്ന് നേതൃത്വം. ഗൃഹസന്ദർശന പരിപാടി തീരുമാനിച്ചത് പോലെ പൂർത്തീകരിക്കാനായില്ല. ജനങ്ങളുമായുള്ള ബന്ധത്തിൽ പോരായ്മ പരിപാടിയിൽ വ്യക്തമായെന്നുമാണ് നേത്യത്വത്തിന്റെ വിലയിരുത്തൽ. ഗൃഹസന്ദർശന പരിപാടിയോട് കാണിക്കുന്ന അനാസ്ഥ തിരുത്താൻ ഇടപെടണമെന്നും സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു.

ജനുവരി ഒന്ന് മുതൽ 15 വരെ നീണ്ടുനിൽക്കുന്ന ഗൃഹസന്ദർശന പരിപാടിയാണ് സിപിഐഎം തീരുമാനിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ തോൽവി മറികടക്കാനല്ല ഇടപെടലിന്റെ ഭാഗമായിട്ടായിരുന്നു ഗൃഹസന്ദർശന പരിപാടി ആസൂത്രണം ചെയ്തിരുന്നത്. എന്നാൽ പലയിടത്തും ഇത് ഫലപ്രദമായി നടന്നില്ല. നേതാക്കന്മാർ എത്തിയ സ്ഥലങ്ങളിൽ മാത്രമാണ് ഗൃഹസന്ദർശനം കാര്യമായി നടന്നിട്ടുള്ളതെന്നും നേത്യത്വം വിമർശിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വീണ്ടും ഗൃഹസന്ദർശന പരിപാടി ആസൂത്രണം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് സിപിഐഎം. വനിതാ സ്‌ക്വാഡിനെ അടക്കം രംഗത്തിറക്കിയുള്ള പ്രവർത്തനങ്ങളാണ് നേത്യത്വം കണക്കുകൂട്ടുന്നത്.

അതേസമയം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറ്റൊരു കമ്മിറ്റി രൂപീകരിക്കണമെന്നും സർക്കുലറിൽ നിർദേശമുണ്ട്. പാർട്ടി ബൂത്ത് കമ്മിറ്റിക്ക് പുറമെ മുൻകാല പാർട്ടി പ്രവർത്തകർ, പാർടി മെമ്പർമാരല്ലാത്ത സജീവ അനുഭാവികൾ, പൊതുസ്വീകാര്യതയുള്ളവർ തുടങ്ങിയവരെ ഉൾപ്പെടുത്തി സഹായക കമ്മിറ്റികൾ രൂപീകരിക്കണമെന്നാണ് നിർദേശം.

വോട്ടർമാരും അവരുടെ കുടുംബങ്ങളുമായും അടുത്ത ബന്ധം സ്ഥാപിക്കണം, പാർട്ടിയിൽനിന്നും വിട്ടുപോയവരെ തിരിച്ചുകൊണ്ടുവരാനുള്ള ഇടപെടൽ നടത്തണം, സ്ത്രീകളുടെ പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിക്കണം, ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട സ്ത്രീ സഖാക്കളെയും സ്‌ക്വാഡിൽ ഉൾപ്പെടുത്താൻ സാധിക്കണമെന്നും നിർദേശത്തിൽ പറയുന്നു.

എൽഡിഎഫ് കെട്ടുറപ്പോടെ എല്ലാ മേഖലകളിലും പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം, എവിടെയെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിൽ അവ പരിഹരിക്കുന്നതിന് പ്രത്യേകം ഇടപെടണം, ഇക്കാര്യത്തിൽ മേൽക്കമ്മിറ്റികളുടെ പ്രത്യേക ശ്രദ്ധയുണ്ടാകണം, ഓരോ മേഖലയിലെയും ചെറുതും വലുതുമായ സാമുദായിക സംഘടനകളുമായി നല്ല ബന്ധം പുലർത്താൻ ശ്രദ്ധിക്കണമെന്നും നിർദേശത്തിലുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340987/cpim-says-home-visit-program-is-yet-to-be-completed-effectively-state-committee-sends-circular-to-subordinate-units)