---
title: "അതിദാരുണം...: കോട്ടയിൽ മൂന്നുനില കെട്ടിടം തകർന്നുവീണ് രണ്ട് പേർക്ക് ദാരുണാന്ത്യം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്"
english_title: "Two people died after a three-storey building collapsed in Kota, Rajasthan."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340840/two-people-died-after-a-three-storey-building-collapsed-in-kota-rajasthan"
published_at: "2026-02-08T08:36:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6987fdf2e5a45_cladh.jpg"
keywords: []
---

# അതിദാരുണം...: കോട്ടയിൽ മൂന്നുനില കെട്ടിടം തകർന്നുവീണ് രണ്ട് പേർക്ക് ദാരുണാന്ത്യം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

> **Lead Summary:** **ജയ്‌പൂർ: **രാജസ്ഥാനിലെ കോട്ടയിൽ മൂന്നുനില കെട്ടിടം തകർന്നുവീണ് രണ്ട് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

## Article Content

**ജയ്‌പൂർ: **രാജസ്ഥാനിലെ കോട്ടയിൽ മൂന്നുനില കെട്ടിടം തകർന്നുവീണ് രണ്ട് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. കോട്ടയിലെ തൽവാണ്ടി മേഖലയിലെ മൂന്നുനില കെട്ടിടമാണ് തകർന്നുവീണത്. ഭക്ഷണശാലയായിരുന്നു ഈ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നത്. എന്താണ് അപകടകാരണം എന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. സംഭവം നടന്നയുടൻതന്നെ അധികൃതർ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു.

തകർന്നുവീഴുന്ന സമയത്ത് ഭക്ഷണശാലയിൽ നിരവധി പേർ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. അതുകൊണ്ടുതന്നെ കൂടുതൽ പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിട്ടുണ്ടാകാം എന്ന നിഗമനത്തിലാണ് പൊലീസ്. കൂറ്റൻ യന്ത്രങ്ങളും മറ്റും ഉപയോഗിച്ചാണ് കെട്ടിടാവശിഷ്ടങ്ങൾ നീക്കുന്നത്. 

സംഭവത്തിൽ പ്രതികരിച്ച് ലോക്സഭാ എംപിയും സ്പീക്കറുമായ ഓം ബിർള രംഗത്തെത്തി. അപകടത്തിൽ നടുക്കം രേഖപ്പെടുത്തിയ ഓം ബിർള, മരണപ്പെട്ടവരുടെ കുടുംബത്തിന് എല്ലാ സഹായവും ഉറപ്പ് നൽകുന്നതായി പറഞ്ഞു. ജില്ലാ കളക്ടറുമായും പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ച ഓം ബിർള, രക്ഷാപ്രവർത്തനം ഊർജിതമാക്കാനും പരിക്കേറ്റവർക്ക് കൃത്യമായ ചികിത്സ ലഭ്യമാക്കാനും നിർദേശിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340840/two-people-died-after-a-three-storey-building-collapsed-in-kota-rajasthan)