---
title: "ഉത്തർപ്രദേശിൽ ടാങ്കർ ലോറി ഇടിച്ച് ആറ് ബസ് യാത്രക്കാർ മരിച്ചു"
english_title: "Six bus passengers killed after tanker lorry hits bus in Uttar Pradesh"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340820/six-bus-passengers-killed-after-tanker-lorry-hits-bus-in-uttar-pradesh"
published_at: "2026-02-07T23:29:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69877d8b47e55_ACCOINT.jpg"
keywords: []
---

# ഉത്തർപ്രദേശിൽ ടാങ്കർ ലോറി ഇടിച്ച് ആറ് ബസ് യാത്രക്കാർ മരിച്ചു

> **Lead Summary:** **ലഖ്‌നൗ:** ഉത്തർപ്രദേശിലെ മഥുരയിൽ യമുന എക്‌സ്പ്രസ് വേയിൽ ടാങ്കർ ലോറി ഇടിച്ച് ആറ് ബസ് യാത്രക്കാർ മരിച്ചു. വെള്ളിയാഴ്ച രാത്രി വൈകിയാണ് അപകടം നടന്നത്.

## Article Content

**ലഖ്‌നൗ:** ഉത്തർപ്രദേശിലെ മഥുരയിൽ യമുന എക്‌സ്പ്രസ് വേയിൽ ടാങ്കർ ലോറി ഇടിച്ച് ആറ് ബസ് യാത്രക്കാർ മരിച്ചു. വെള്ളിയാഴ്ച രാത്രി വൈകിയാണ് അപകടം നടന്നത്.

മരിച്ചവരിൽ നാലുപേർ ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. ഡൽഹിയിൽ നിന്ന് കാൺപൂരിലേക്ക് പോകുകയായിരുന്ന ബസ് യാത്രയ്ക്കിടെ ശൗചാലയ ആവശ്യങ്ങൾക്കായി നിർത്തിയപ്പോഴാണ് ദുരന്തമുണ്ടായത്.

ബസ് നിർത്തിയതിനെത്തുടർന്ന് പുറത്തിറങ്ങി റോഡരികിൽ നിന്ന യാത്രക്കാരുടെ ഇടയിലേക്ക് അമിതവേഗത്തിൽ വന്ന ടാങ്കർ ലോറി പാഞ്ഞുകയറുകയായിരുന്നു.

ആറുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന് ശേഷം നിർത്താതെ പോയ ടാങ്കർ ലോറിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

മരിച്ചവരുടെ കുടുംബങ്ങൾക്ക് ജില്ലാ ഭരണകൂടം ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340820/six-bus-passengers-killed-after-tanker-lorry-hits-bus-in-uttar-pradesh)