---
title: "'ഞാൻ ട്രാക്കിലുണ്ട്, ജീവിതം അവസാനിപ്പിക്കുകയാണ്'; കൊച്ചിയിൽ മരണമുനമ്പിൽ നിന്ന് യുവാവിനെ ജീവിതത്തിലേക്ക് പിടിച്ചുയർത്തി പോലീസ്"
english_title: "Police bring young man back to life from the brink of death in Kochi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340761/police-bring-young-man-back-to-life-from-the-brink-of-death-in-kochi"
published_at: "2026-02-07T16:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698715ac3a0ff_kochi_railway_track.jpg"
keywords: []
---

# 'ഞാൻ ട്രാക്കിലുണ്ട്, ജീവിതം അവസാനിപ്പിക്കുകയാണ്'; കൊച്ചിയിൽ മരണമുനമ്പിൽ നിന്ന് യുവാവിനെ ജീവിതത്തിലേക്ക് പിടിച്ചുയർത്തി പോലീസ്

> **Lead Summary:** **കൊച്ചി: [ ** പ്രണയനൈരാശ്യത്തെ തുടർന്ന് റെയിൽവേ ട്രാക്കിൽ ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി. മുളന്തുരുത്തി പോലീസ് സ്പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ ആർ. രജീഷാണ് മരണമുനമ്പിൽ നിന്നും യുവാവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

## Article Content

**കൊച്ചി: [ ** പ്രണയനൈരാശ്യത്തെ തുടർന്ന് റെയിൽവേ ട്രാക്കിൽ ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി. മുളന്തുരുത്തി പോലീസ് സ്പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ ആർ. രജീഷാണ് മരണമുനമ്പിൽ നിന്നും യുവാവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

ഖത്തറിലെ സ്വകാര്യ സ്ഥാപനത്തിൽ അസിസ്റ്റന്റ് മാനേജരായി ജോലി ചെയ്യുന്ന പേരാമ്പ്ര സ്വദേശിയായ ഇരുപത്തിയഞ്ചുകാരനാണ് ആമ്പല്ലൂർ റെയിൽവേ ട്രാക്കിൽ തീവണ്ടിക്ക് മുന്നിൽ ചാടാൻ ശ്രമിച്ചത്. യുവാവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ രജീഷ് ഉടൻ തന്നെ ഇടപെടുകയും യുവാവിനെ ട്രാക്കിൽ നിന്നും മാറ്റി സുരക്ഷിതനാക്കുകയുമായിരുന്നു.

മൂന്ന് ദിവസം മുമ്പ് യുവാവ് പെൺകുട്ടിയുടെ വീട്ടിലെത്തിയിരുന്നു. വീട്ടുകാർക്ക് അസൗകര്യമുണ്ടായതിനെ തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി യുവാവിനെ പിന്തിരിപ്പിച്ച് നാട്ടിലേക്ക് അയച്ചു. ശനിയാഴ്ച വീണ്ടും വീട്ടിലെത്തിയ യുവാവ് ചോക്ലേറ്റ് പായ്ക്കറ്റ് വലിച്ചെറിഞ്ഞ ശേഷം മടങ്ങി. ഇതോടെ സംശയം തോന്നിയ വീട്ടുകാർ വീണ്ടും പോലീസിനെ അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ യുവാവിനെ കണ്ടെത്താനായില്ല.

യുവാവുമായി ഫോണിൽ ബന്ധപ്പെട്ട സ്പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ ആർ.രജീഷിനോട്, താൻ കാഞ്ഞിരമറ്റത്ത് റെയിൽവെ ട്രാക്കിലാണെന്നും ജീവിതം അവസാനിപ്പിക്കാനാണ് തീരുമാനമെന്നും അറിയിച്ചു. മുളന്തുരുത്തി–കാഞ്ഞിരമറ്റം റെയിൽവെ പാതയിലാണെന്ന് തിരിച്ചറിഞ്ഞതോടെ അദ്ദേഹം സ്ഥലത്തേക്ക് തിരിച്ചു. ഇതിനിടെ മറ്റൊരു പോലീസ് സംഘവും സ്ഥലത്തെത്തി. ഇവിടെ പരിശോധന നടക്കുമ്പോഴാണ് പച്ച സിഗ്നൽ തെളിഞ്ഞ് നിൽക്കുന്ന സമയത്ത് ട്രാക്കിൽ കൈവിരിച്ച് നിൽക്കുന്ന യുവാവിനെ കണ്ടെത്തിയത്. ഉടൻ ഓടിയെത്തി ബലം പ്രയോഗിച്ച് ട്രാക്കിൽ നിന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പിന്നീട് മുളന്തുരുത്തി പൊലീസ് സ്റ്റേഷനിലെത്തിച്ച യുവാവിനെ പേരാമ്പ്രയിൽ നിന്ന് എത്തിയ വീട്ടുകാർക്കൊപ്പം പറഞ്ഞയച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340761/police-bring-young-man-back-to-life-from-the-brink-of-death-in-kochi)