---
title: "കോഴിക്കോട് സംസ്ഥാനപാതയിൽ ബൈക്കും മിനി പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു"
english_title: "A young man died after a bike and a mini pickup van collided on the Kozhikode state highway"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340737/a-young-man-died-after-a-bike-and-a-mini-pickup-van-collided-on-the-kozhikode-state-highway"
published_at: "2026-02-07T14:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6987048483391_accident.jpg"
keywords: []
---

# കോഴിക്കോട് സംസ്ഥാനപാതയിൽ ബൈക്കും മിനി പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

> **Lead Summary:** കോഴിക്കോട് : മുക്കത്തിനു സമീപം കറുത്തപറമ്പിൽ ശനി പുലർച്ചെയുണ്ടായ വാഹന അപകടത്തിൽ യുവാവ് മരിച്ചു. മുക്കം കറുത്തപറമ്പ് കൂവപ്പറമ്പത്ത് കെ.പി. സച്ചിൻ ആണ് മരിച്ചത്. എടവണ്ണ– കൊയിലാണ്ടി സംസ്ഥാനപാതയിൽ പുലർച്ചെ 5.15ന് ആണ് അപകടം ഉണ്ടായത്.

## Article Content

കോഴിക്കോട് : മുക്കത്തിനു സമീപം കറുത്തപറമ്പിൽ ശനി പുലർച്ചെയുണ്ടായ വാഹന അപകടത്തിൽ യുവാവ് മരിച്ചു. മുക്കം കറുത്തപറമ്പ് കൂവപ്പറമ്പത്ത് കെ.പി. സച്ചിൻ ആണ് മരിച്ചത്. എടവണ്ണ– കൊയിലാണ്ടി സംസ്ഥാനപാതയിൽ പുലർച്ചെ 5.15ന് ആണ് അപകടം ഉണ്ടായത്.

സച്ചിൻ സഞ്ചരിച്ച ബൈക്കും പാൽ കൊണ്ടുപോകുകയായിരുന്ന മിനി പിക്കപ്പ് വാനും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സച്ചിനെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

അതേസമയം മാലൂർക്കുന്ന് എ.ആർ. ക്യാംപ് റോഡിലുണ്ടായ സ്‌കൂട്ടർ അപകടത്തിൽ പിതാവും മകളും മരിച്ച സംഭവത്തിന്റെ നടുക്കത്തിലാണ് നാട്ടുകാർ. താവം പള്ളിക്കര സ്വദേശി റാഫി (48), മകൾ ഫാത്തിമ നേഹ (18) എന്നിവരാണ് മരിച്ചത്.

മകൾ കാത്തിരിക്കുന്നുണ്ടെന്നും പറഞ്ഞ് മരണവീട്ടിൽ നിന്ന് ഇറങ്ങിയ റാഫി സ്വന്തം മരണത്തിലേക്കാണ് ഇറങ്ങിയതെന്ന് നാട്ടുകാർക്ക് ഇനിയും വിശ്വസിക്കാനായിട്ടില്ല. സഹോദരന്റെ അടുത്ത ബന്ധു മരിച്ചതിനാലാണ് വൈകിട്ട് റാഫി ചെറുവറ്റയിലെത്തിയത്.

മകളെ കോളേജിൽനിന്ന് കൂട്ടാനുണ്ടെന്ന് പറഞ്ഞ് ഇവിടെനിന്ന് സംസ്‌കാര ചടങ്ങിന് മുമ്പേ സ്‌കൂട്ടറുമെടുത്ത് ഇറങ്ങി. വെള്ളിമാട്കുന്ന് ജെഡിടി കോളേജിലെ ഒന്നാം വർഷ ബികോം വിദ്യാർത്ഥിനിയായ ഫാത്തിമ നേഹയെ കൂട്ടി വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.

മാലൂർകുന്നിൽനിന്ന് കണ്ണാടിക്കലേക്കുള്ള എളുപ്പവഴിയാണ് ഇരുവരുടെയും ജീവനെടുത്തത്. മാലൂർക്കുന്ന് എആർ ക്യാംപ് റോഡ് വഴി പറമ്പിൽ ബസാർ ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്ന ഇരുവരും സഞ്ചരിച്ച സ്‌കൂട്ടർ ഇറക്കത്തിൽ നിയന്ത്രണം വിട്ട് താഴ്ചയിലുള്ള വീടിന്റെ തറയിൽ പതിക്കുകയായിരുന്നു.

ഇവിടെ നിർത്തിയിട്ടിരുന്ന രണ്ട് സ്‌കൂട്ടറുകളെയും തട്ടിത്തെറിപ്പിച്ചാണ് 20 അടിയോളമുള്ള താഴ്ചയിലേക്ക് റാഫിയും മകളും പതിച്ചത്. നിലത്തേക്ക് വീഴുന്നതിനിടെ ഹെൽമെറ്റ് തെറിച്ചുപോയിരുന്നു. തലയിടിച്ച് വീണതിനാൽ സംഭവ സ്ഥലത്തുതന്നെ ഇരുവരും മരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340737/a-young-man-died-after-a-bike-and-a-mini-pickup-van-collided-on-the-kozhikode-state-highway)