---
title: "അടിയും തിരിച്ചടിയും...! ജമാഅത്തെ ഇസ്ലാമിയെ ചൊല്ലി വി ഡി സതീശനും- എം വി ഗോവിന്ദനും തമ്മിൽ പോര് കനക്കുന്നു"
english_title: "A fight rages between VD Satheesan and MV Govindan over Jamaat-e-Islam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340718/a-fight-rages-between-vd-satheesan-and-mv-govindan-over-jamaat-e-islam"
published_at: "2026-02-07T14:05:00+05:30"
category: "InFocus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6986fb0ec4995_vd_satheesan-_mv_govindan.jpg"
keywords: []
---

# അടിയും തിരിച്ചടിയും...! ജമാഅത്തെ ഇസ്ലാമിയെ ചൊല്ലി വി ഡി സതീശനും- എം വി ഗോവിന്ദനും തമ്മിൽ പോര് കനക്കുന്നു

> **Lead Summary:** **( **[www.truevisionnews.com]** ) **ജമാഅത്തെ ഇസ്ലാമിയെ ചൊല്ലി വിഡി സതീശനും- എംവി ഗോവിന്ദനും തമ്മിൽ പോര് കനക്കുന്നു. വർഗീയ നിലപാടിനെ വെള്ളപൂശാനും രണ്ട് വോട്ട് കിട്ടാനും സതീശൻ എന്തും ചെയ്യുമെന്നും വർഗീയവാദികൾക്ക് ഒപ്പം ചേരാനുള്ള നിലപാടാണ് വി ഡി സതീശൻ ഇപ്പോൾ എടുത്തിരിക്കുന്നത് എന്നും എം വി ഗോവിന്ദൻ. ജമാഅത്തെ ഇസ്ലാമി യുടെ പിന്തുണ സ്വീകരിക്കുമെന്ന സതീശന്റെ പ്രസ്താവന ഇതിന്‌ തെളിവാണെന്നും എൽഡിഎഫ്‌ വടക്കൻ മേഖലാജാഥയ്ക്ക്‌ കോഴിക്കോട്ടെ വിവിധ കേന്ദ്രങ്ങളിൽ നൽകിയ സ്വീകരണയോഗങ്ങളിൽ എം വി ഗോവിന്ദൻ ഇന്നലെ പറഞ്ഞു.

## Article Content

**( **[www.truevisionnews.com]** ) **ജമാഅത്തെ ഇസ്ലാമിയെ ചൊല്ലി വിഡി സതീശനും- എംവി ഗോവിന്ദനും തമ്മിൽ പോര് കനക്കുന്നു. വർഗീയ നിലപാടിനെ വെള്ളപൂശാനും രണ്ട് വോട്ട് കിട്ടാനും സതീശൻ എന്തും ചെയ്യുമെന്നും വർഗീയവാദികൾക്ക് ഒപ്പം ചേരാനുള്ള നിലപാടാണ് വി ഡി സതീശൻ ഇപ്പോൾ എടുത്തിരിക്കുന്നത് എന്നും എം വി ഗോവിന്ദൻ. ജമാഅത്തെ ഇസ്ലാമി യുടെ പിന്തുണ സ്വീകരിക്കുമെന്ന സതീശന്റെ പ്രസ്താവന ഇതിന്‌ തെളിവാണെന്നും എൽഡിഎഫ്‌ വടക്കൻ മേഖലാജാഥയ്ക്ക്‌ കോഴിക്കോട്ടെ വിവിധ കേന്ദ്രങ്ങളിൽ നൽകിയ സ്വീകരണയോഗങ്ങളിൽ എം വി ഗോവിന്ദൻ ഇന്നലെ പറഞ്ഞു.

പ്രതിപക്ഷ നേതാവ് ജാഥ അവതരിപ്പിക്കുന്നത് ജമാഅത്തെ ഇസ്‌ലാമിയെ വെള്ളപൂശാനാണ് എന്നും ഗോവിന്ദൻ വിമർശിച്ചു. 'ശൈഖ് മുഹമ്മദ് കാരക്കുന്നും ജമാഅത്തെ ഇസ്‌ലാമിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയും പരസ്യമായി പറഞ്ഞത് ഇസ്‌ലാം മതരാഷ്ട്രം എന്ന സങ്കല്പം മാറ്റാനാവില്ലെന്നാണ്. പച്ചമലയാളം അറിയുന്നവർക്കെല്ലാമറിയാം അത് അവരുടെ വർഗീയമായ നിലപാടാണ് എന്ന്.

ന്യൂനപക്ഷ വർഗീയതയുടെ പ്രമുഖ സ്ഥാനത്തുള്ള ജമാഅത്തെ ഇസ്‌ലാമിയെ ഒപ്പം ചേർക്കാനുള്ള തത്രപ്പാടിലാണ് ഈ പ്രചരണം. മതനിരപേക്ഷ ഉള്ളടക്കമുള്ള കേരളത്തിലെ ജനങ്ങൾ ഇത് തിരിച്ചറിയുമെന്നും വർഗീയ സമീപനത്തെ ജനങ്ങൾ തള്ളിക്കളയും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല എന്നും' എം വി ഗോവിന്ദൻ പറഞ്ഞു.

ഇസ്ലാമിക ലോകം നടപ്പാക്കാനുള്ള പാർടിയാണ്‌ തങ്ങളുടേതെന്ന്‌ ജമാഅത്തെ ഇസ്ലാമിയുടെ നേതാക്കൾ പറയുമ്പോൾ മതേതര ഉള്ളടക്കമുള്ള ഒന്നായാണ്‌ സതീശൻ അവരെ കാണുന്നത്‌. ജമാഅത്തെ ഇസ്ലാമിയെ വിമർശിക്കുമ്പോൾ അത്‌ മുസ്ലിംവിരുദ്ധമാണെന്ന്‌ പറയുന്നത്‌ വർഗീയതയുടെ ഭാഗമാണ്‌. എങ്ങിനെയും അധികാരത്തിലെത്തിയാൽ മതിയെന്ന നിലപാടി-ലാണ്‌ യുഡിഎഫ്‌. അത്‌ ജനജീവിതം മെച്ചപ്പെടുത്താൻ വേണ്ടിയല്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

അതേസമയം ജമാഅത്തെ ഇസ്‌ലാമിയുടെ യുഡിഎഫ് പിന്തുണയെ വിമര്‍ശിച്ച സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ശക്തമായ മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്ത് വന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ട് വാങ്ങി ജയിച്ച ആളാണ് എം വി ഗോവിന്ദനെന്നും ഇപ്പോള്‍ ആരോപണം ഉന്നയിക്കാന്‍ ഗോവിന്ദന് നാണമുണ്ടോയെന്നും സതീശന്‍ ചോദിച്ചു. നാല് പതിറ്റാണ്ട് ജമാഅത്തെ ഇസ്‌ലാമി സിപിഐഎമ്മിനോടൊപ്പമായിരുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു.

'താന്‍ മത്സരിച്ച അഞ്ച് തെരഞ്ഞെടുപ്പുകളിലും തനിക്കെതിരെ നിലകൊണ്ടവരാണ് ജമാഅത്തെ ഇസ്‌ലാമി. അന്നായിരുന്നു അവര്‍ മതരാഷ്ട്രവാദം ഉയര്‍ത്തിപ്പിടിച്ചത്. അവര്‍ രൂപീകരിച്ച വെല്‍ഫെയര്‍ പാര്‍ട്ടിയാണ് ഇപ്പോള്‍ തങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത്. ജമാഅത്തെ ഇസ്‌ലാമി മതരാഷ്ട്രവാദം ഉപേക്ഷിച്ചു എന്ന് അവരുടെ അമീര്‍ തന്നെയാണ് പറഞ്ഞിരിക്കുന്നത്. ജമാഅത്തെ ഇസ്‌ലാമിക്ക് അമീറിനേക്കാള്‍ വലിയൊരാളില്ല. അദ്ദേഹമാണ് ജമാഅത്തെ ഇസ്‌ലാമി മതരാഷ്ട്രവാദം ഉപേക്ഷിച്ചു എന്ന് പറയുന്നത്. സിപിഐഎമ്മിന്റെ കൂടെയുള്ളപ്പോള്‍ ജമാഅത്തെ ഇസ്‌ലാമിക്ക് മതരാഷ്ട്രവാദം ഉണ്ടായിരുന്നു. പിണറായി വിജയന്‍ അവരെ ന്യായീകരിക്കുന്ന വീഡിയോ ക്ലിപ്പ് തന്റെ കൈവശം ഉണ്ട്.

ദേശാഭിമാനിയുടെ എഡിറ്റോറിയലുണ്ട്. അവരുടെ കൂടെയുള്ളപ്പോള്‍ മതേതരം, യുഡിഎഫിനോടൊപ്പം വന്നാല്‍ വര്‍ഗീയം. പരസ്പര വിരുദ്ധമായി സംസാരിക്കരുത്. പിണറായി വിജയന് ഒരു അബദ്ധം പറ്റിയതയാണ്. ജമാഅത്തെ ഇസ് ലാമിയുമായി ഒരു ബന്ധവുമില്ലെന്ന് പിണറായി പറഞ്ഞിരുന്നു. അന്ന് ജമാഅത്തെ ഇസ്‌ലാമിയുടെ അമീറിനൊപ്പം പിണറായി വിജയന്‍ ഇരിക്കുന്ന വീഡിയോ താന്‍ പുറത്തുവിട്ടിരുന്നു. പിറ്റേദിവസം മലപ്പുറത്ത് വെച്ച് പിണറായി അത് സമ്മതിച്ചതാണെന്നും' സതീശന്‍ പറഞ്ഞു.

ഒന്നും പറയാനില്ലാത്തതുകൊണ്ട് ആടിനെ പേപ്പട്ടി ആക്കുന്ന പ്രചാരണവുമായി സിപിഐഎം ഇറങ്ങിയിരിക്കുകയാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും എല്‍ഡിഎഫ് ഈ പ്രചാരണം നടത്തിയിരുന്നു. ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതയെയും പ്രോത്സാഹിപ്പിക്കില്ല എന്ന ശക്തമായ നിലപാടാണ് തങ്ങള്‍ സ്വീകരിക്കുന്നത്. ആര് വര്‍ഗീയത പറഞ്ഞാലും തങ്ങള്‍ അതിനെതിരായ നിലപാട് സ്വീകരിക്കും. ഒരു വീട്ടുവീഴ്ചയും ഉണ്ടാകില്ല. അതിനുള്ള നട്ടെല്ല് തങ്ങള്‍ക്കുണ്ടെന്നും സതീശന്‍ വ്യക്തമാക്കി.

ഇന്ന് മാധ്യമങ്ങളെ കണ്ടപ്പോഴും എം വി ഗോവിന്ദനെതിരെ വി ഡി സതീശന്‍ രംഗത്തെത്തിയിരുന്നു. 42 വര്‍ഷം ജമാഅത്തെ ഇസ്‌ലാമി സിപിഐഎമ്മിനൊപ്പമായിരുന്നുവെന്നും എം വി ഗോവിന്ദന് മറവിരോഗമാണെന്നുമായിരുന്നു സതീശന്റെ പ്രതികരണം. മറവിരോഗം വന്നാല്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. മനഃപൂര്‍വമായ മറവിയാണത്. യുഡിഎഫിന് പിന്തുണ നല്‍കിയപ്പോള്‍ ജമാഅത്തെ ഇസ്‌ലാമി വര്‍ഗീയവാദിയാകുന്നത് എങ്ങനെയാണെന്നും സതീശന്‍ ചോദിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭരണപക്ഷവും പ്രതിപക്ഷവും തങ്ങളുടെ കടുകട്ടി നിലപാടുമായി മുന്നോട്ട് വരുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340718/a-fight-rages-between-vd-satheesan-and-mv-govindan-over-jamaat-e-islam)