---
title: "ബംഗ്ലാദേശില്‍ നിപ വൈറസ് ബാധ; ഒരു മരണം, അതീവ ജാഗ്രത"
english_title: "Nipah virus outbreak in Bangladesh; one death"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340688/nipah-virus-outbreak-in-bangladesh-one-death-new-update"
published_at: "2026-02-07T12:02:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6986de43b6743_npah.jpg"
keywords: []
---

# ബംഗ്ലാദേശില്‍ നിപ വൈറസ് ബാധ; ഒരു മരണം, അതീവ ജാഗ്രത

> **Lead Summary:** ധാക്ക: ബംഗ്ലാദേശില്‍ നിപ വൈറസ് ബാധിച്ച് ഒരു മരണം . ജനുവരി 28ന് മരിച്ച സ്ത്രീക്ക് നിപ വൈറസ് ബാധ ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു .

## Article Content

ധാക്ക: ബംഗ്ലാദേശില്‍ നിപ വൈറസ് ബാധിച്ച് ഒരു മരണം . ജനുവരി 28ന് മരിച്ച സ്ത്രീക്ക് നിപ വൈറസ് ബാധ ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു .

പശ്ചിമ ബംഗാളിൽ നിപ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ബംഗ്ലാദേശിലും വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത് ആരോഗ്യരംഗത്ത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. മരിച്ച സ്ത്രീയുമായി ബന്ധമുണ്ടായിരുന്ന 35 പേരെ പരിശോധിച്ചെങ്കിലും ആര്‍ക്കും രോഗബാധയില്ല.

ജനുവരി 21നാണ് നവഗാവ് ജില്ലയിലെ 50 വയസുള്ള സ്ത്രീയെ പനിയും മറ്റ് ലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ അടുത്ത കാലത്തൊന്നും മറ്റിടങ്ങളിലേക്ക് യാത്ര ചെയ്തിരുന്നില്ല.

എന്നാല്‍, ഈന്തപ്പനയില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന ഒരുതരം പാനീയം കുടിച്ചിരുന്നു. ചികിത്സയിലിരിക്കെ 28ന് മരിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇവരുടെ സ്രവം നിപ പരിശോധനയ്ക്ക് എടുത്തത്.

എന്താണ് നിപ വൈറസ്?

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു വൈറസാണ് നിപ. 'ഫ്രൂട്ട് ബാറ്റ്' (Fruit Bats) എന്നറിയപ്പെടുന്ന പഴംതീനി വവ്വാലുകളാണ് ഈ വൈറസിന്റെ സ്വാഭാവിക ഉറവിടം. വവ്വാലുകളിൽ നിന്ന് പന്നികളിലേക്കും മറ്റ് വളർത്തുമൃഗങ്ങളിലേക്കും, അവയിൽ നിന്ന് മനുഷ്യരിലേക്കും രോഗം പടരാം. കൂടാതെ, രോഗബാധിതരായ മനുഷ്യരിൽ നിന്ന് നേരിട്ടും രോഗം പകരാൻ സാധ്യതയുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340688/nipah-virus-outbreak-in-bangladesh-one-death-new-update)