---
title: "'കഴുത്തിൽ കത്തി വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതികൾ പീഡിപ്പിച്ചത്, 'മരണ സുബിൻ' പീഡന ദൃശ്യങ്ങൾ പകർത്തി' - വെളിപ്പെടുത്തലുകളുമായി അതിജീവിത"
english_title: "Thiruvalla spa rape case: Survivor reveals details"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340667/thiruvalla-spa-rape-case-survivor-reveals-details-new-"
published_at: "2026-02-07T11:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6986cebec4b26_case.jpg"
keywords: []
---

# 'കഴുത്തിൽ കത്തി വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതികൾ പീഡിപ്പിച്ചത്, 'മരണ സുബിൻ' പീഡന ദൃശ്യങ്ങൾ പകർത്തി' - വെളിപ്പെടുത്തലുകളുമായി അതിജീവിത

> **Lead Summary:** **കോട്ടയം: ** തിരുവല്ലയിലെ സ്പായിൽ നടന്ന ക്രൂരമായ ബലാത്സംഗ കേസിൽ പ്രതികൾക്കെതിരെ കൂടുതൽ ഗുരുതരമായ വെളിപ്പെടുത്തലുകളുമായി അതിജീവിത രംഗത്ത്. ഗുണ്ടാപ്പിരിവും കൊട്ടേഷനുമാണ് നടന്നതെന്നും, കൊലവിളിക്ക് നടുവിലാണ് താൻ പീഡനത്തിന് ഇരയായതെന്നും അതിജീവിത വെളിപ്പെടുത്തി.

## Article Content

**കോട്ടയം: ** തിരുവല്ലയിലെ സ്പായിൽ നടന്ന ക്രൂരമായ ബലാത്സംഗ കേസിൽ പ്രതികൾക്കെതിരെ കൂടുതൽ ഗുരുതരമായ വെളിപ്പെടുത്തലുകളുമായി അതിജീവിത രംഗത്ത്. ഗുണ്ടാപ്പിരിവും കൊട്ടേഷനുമാണ് നടന്നതെന്നും, കൊലവിളിക്ക് നടുവിലാണ് താൻ പീഡനത്തിന് ഇരയായതെന്നും അതിജീവിത വെളിപ്പെടുത്തി.

സ്പായിൽ എത്തിയ പ്രതികൾ അമ്പതിനായിരം രൂപ ഗുണ്ടാപ്പിരിവായി ആവശ്യപ്പെട്ടു. ഇത് നൽകാത്തതിനെ തുടർന്നാണ് അക്രമം അഴിച്ചുവിട്ടത്. കഴുത്തിൽ കത്തി വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതികൾ പീഡിപ്പിച്ചത്. മുഖ്യപ്രതിയായ 'മരണ സുബിൻ' പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി.

സ്പായിൽ ഉണ്ടായിരുന്ന ഒരു കസ്റ്റമറെ ഉപദ്രവിച്ച ശേഷം, അദ്ദേഹത്തിനൊപ്പം തന്നെ നിർബന്ധിച്ച് കിടത്തിയും നഗ്നദൃശ്യങ്ങൾ ചിത്രീകരിച്ചു.തങ്ങൾക്ക് ഉന്നത രാഷ്ട്രീയ-ഗുണ്ടാ സ്വാധീനമുണ്ടെന്നും ആരെയും ഭയമില്ലെന്നും പ്രതികൾ ഭീഷണിപ്പെടുത്തി.സ്പായിലെ തന്റെ സഹപ്രവർത്തക പീഡനത്തിന് ഒത്താശ ചെയ്തതായും അതിജീവിത ആരോപിക്കുന്നു.

അതേസമയം തിരുവല്ലയിൽ സ്പാ ജീവനക്കാരിയെ കാപ്പ കേസ് പ്രതി ബലാത്സംഗം ചെയ്ത സംഭവത്തിൽ പൊലീസിലും ആഭ്യന്തര അന്വേഷണം. പൊലീസ്-ഗുണ്ടാ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്ന സംശയത്തെ തുടർന്നാണ് ഉന്നത നിർദേശത്തെ തുടർന്ന് അന്വേഷണം വ്യാപിപ്പിക്കുന്നത്.

പൊലീസുകാർ സ്പാകളിൽനിന്ന് മാസപ്പടി വാങ്ങുന്നതായും പൊലീസുകാരിൽ ചിലർ സ്പാകളിൽ നിത്യസന്ദർശകരാണെന്നുമുള്ള സംശയങ്ങളുണ്ട്. അതേസമയം കേസിൽ ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും. നിലവിൽ പ്രധാനപ്രതിയയായ മരണ സുബിൻ എന്നറിയപ്പെടുന്ന സുബിൻ അലക്സാണ്ടർ ചാക്കോ, ബെർലിൻ ദാസ് എന്നീ രണ്ട് പ്രതികൾ മാത്രമാണ് പിടിയിലായത്.

ഫെബ്രുവരി ഒന്നിന് വൈകുന്നേരം മൂന്നുമണിയോടെയായിരുന്നു സംഭവം. സ്പായിലേക്ക് അതിക്രമിച്ച് കയറിയ യുവാക്കൾ അവിടെയുണ്ടായിരുന്ന സ്ത്രീകളോട് അപമര്യാദമായി പെരുമാറുകയായിരുന്നു. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കാപ്പ കേസ് പ്രതി സുബിനെതിരെയാണ് യുവതി പരാതി നൽകിയത്.

ആറംഗ സംഘമാണ് സ്പായിൽ അതിക്രമിച്ച് കയറിയത്. നാൽപ്പതിനായിരം മുതൽ അമ്പതിനായിരം രൂപ വരെ പിരിവാണ് ഇവർ ആവശ്യപ്പെട്ടത്. ആദ്യഘട്ടത്തിൽ പരാതി നൽകാൻ യുവതികൾ തയ്യാറായിരുന്നില്ല. പിന്നീട് പൊലീസ് ധൈര്യം നൽകിയതിന് പിന്നാലെ ഒരു യുവതി കാര്യങ്ങൾ തുറന്നുപറയുകയായിരുന്നു. തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് യുവതി പരാതി നൽകിയത്. തുടർന്ന് സുബിനെ പൊലീസ് അറസ്റ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340667/thiruvalla-spa-rape-case-survivor-reveals-details-new-)