---
title: "തിരുവല്ല സ്പായിലെ ബലാത്സംഗക്കേസ്; പൊലീസ്-ഗുണ്ടാ അവിശുദ്ധ കൂട്ടുകെട്ടെന്ന് സംശയം, പൊലീസിൽ ആഭ്യന്തര അന്വേഷണം"
english_title: "Thiruvalla Spa rape case Police goon collusion suspected investigation to be handed over to police"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340628/thiruvalla-spa-rape-case-police-goon-collusion-suspected-investigation-to-be-handed-over-to-police"
published_at: "2026-02-07T07:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6986a307e94b6_spa_case.jpg"
keywords: []
---

# തിരുവല്ല സ്പായിലെ ബലാത്സംഗക്കേസ്; പൊലീസ്-ഗുണ്ടാ അവിശുദ്ധ കൂട്ടുകെട്ടെന്ന് സംശയം, പൊലീസിൽ ആഭ്യന്തര അന്വേഷണം

> **Lead Summary:** **പത്തനംതിട്ട: ( **[www.truevisionnews.com]** )** തിരുവല്ലയിൽ സ്പാ ജീവനക്കാരിയെ കാപ്പ കേസ് പ്രതി ബലാത്സംഗം ചെയ്ത സംഭവത്തിൽ പൊലീസിലും ആഭ്യന്തര അന്വേഷണം. പൊലീസ്-ഗുണ്ടാ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്ന സംശയത്തെ തുടർന്നാണ് ഉന്നത നിർദേശത്തെ തുടർന്ന് അന്വേഷണം വ്യാപിപ്പിക്കുന്നത്.

## Article Content

**പത്തനംതിട്ട: ( **[www.truevisionnews.com]** )** തിരുവല്ലയിൽ സ്പാ ജീവനക്കാരിയെ കാപ്പ കേസ് പ്രതി ബലാത്സംഗം ചെയ്ത സംഭവത്തിൽ പൊലീസിലും ആഭ്യന്തര അന്വേഷണം. പൊലീസ്-ഗുണ്ടാ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്ന സംശയത്തെ തുടർന്നാണ് ഉന്നത നിർദേശത്തെ തുടർന്ന് അന്വേഷണം വ്യാപിപ്പിക്കുന്നത്.

പൊലീസുകാർ സ്പാകളിൽനിന്ന് മാസപ്പടി വാങ്ങുന്നതായും പൊലീസുകാരിൽ ചിലർ സ്പാകളിൽ നിത്യസന്ദർശകരാണെന്നുമുള്ള സംശയങ്ങളുണ്ട്. അതേസമയം കേസിൽ ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും. നിലവിൽ പ്രധാനപ്രതിയയായ മരണ സുബിൻ എന്നറിയപ്പെടുന്ന സുബിൻ അലക്സാണ്ടർ ചാക്കോ, ബെർലിൻ ദാസ് എന്നീ രണ്ട് പ്രതികൾ മാത്രമാണ് പിടിയിലായത്.

ഫെബ്രുവരി ഒന്നിന് വൈകുന്നേരം മൂന്നുമണിയോടെയായിരുന്നു സംഭവം. സ്പായിലേക്ക് അതിക്രമിച്ച് കയറിയ യുവാക്കൾ അവിടെയുണ്ടായിരുന്ന സ്ത്രീകളോട് അപമര്യാദമായി പെരുമാറുകയായിരുന്നു. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കാപ്പ കേസ് പ്രതി സുബിനെതിരെയാണ് യുവതി പരാതി നൽകിയത്.

ആറംഗ സംഘമാണ് സ്പായിൽ അതിക്രമിച്ച് കയറിയത്. നാൽപ്പതിനായിരം മുതൽ അമ്പതിനായിരം രൂപ വരെ പിരിവാണ് ഇവർ ആവശ്യപ്പെട്ടത്. ആദ്യഘട്ടത്തിൽ പരാതി നൽകാൻ യുവതികൾ തയ്യാറായിരുന്നില്ല. പിന്നീട് പൊലീസ് ധൈര്യം നൽകിയതിന് പിന്നാലെ ഒരു യുവതി കാര്യങ്ങൾ തുറന്നുപറയുകയായിരുന്നു. തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് യുവതി പരാതി നൽകിയത്. തുടർന്ന് സുബിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഒന്നാംപ്രതി സുബിൻ ഭീഷണിപ്പെടുത്തി ജീവനക്കാരിയോട് പണം ആവശ്യപ്പെടുകയായിരുന്നു. പണം നൽകാതിരുന്നതോടെ യുവതിയെ ബലംപ്രയോഗിച്ച് അടുത്ത മുറിയിലേക്ക് കൊണ്ടുപോയി. സ്പാ ബെഡിലേക്ക് യുവതിയെ തളളിയിട്ട് കഴുത്തിൽ സ്റ്റീൽ കത്തിവെച്ച് ഭയപ്പെടുത്തിയാണ് പ്രതി ബലാത്സംഗം ചെയ്തതെന്നാണ് വിവരം.

പ്രതി യുവതിയെ ബലംപ്രയോഗിച്ച് നിർത്തി സെൽഫിയെടുക്കുകയും മുഖത്തും ശരീരത്തും മർദിക്കുകയും ചെയ്തു. സ്പായിൽ വന്ന മറ്റൊരാൾക്കൊപ്പം ജീവനക്കാരിയെ നിർത്തി വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. രണ്ടുമുതൽ ആറുവരെ പ്രതികൾ ജീവനക്കാരിയുടെ കയ്യിൽ നിന്നും ബലംപ്രയോഗിച്ച് 2500 രൂപ കൈക്കലാക്കിയെന്നും പരാതിയിലുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340628/thiruvalla-spa-rape-case-police-goon-collusion-suspected-investigation-to-be-handed-over-to-police)