---
title: "ഹിമാലയൻ മടക്കുകളിലേക്ക് ആത്മീയ യാത്ര; ചാർ ധാം തീർത്ഥാടനത്തിന് തുടക്കമായി"
english_title: "Char Dham pilgrimage begins"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340548/char-dham-pilgrimage-begins"
published_at: "2026-02-06T16:30:00+05:30"
category: "Travel"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6985ca4901b47_yathra.jpg"
keywords: []
---

# ഹിമാലയൻ മടക്കുകളിലേക്ക് ആത്മീയ യാത്ര; ചാർ ധാം തീർത്ഥാടനത്തിന് തുടക്കമായി

> **Lead Summary:** **[**ഹിമാലയൻ മലനിരകളുടെ വിശുദ്ധി തേടിയുള്ള വിഖ്യാതമായ 'ചാർ ധാം' തീർത്ഥാടനത്തിന് ഉത്തരാഖണ്ഡിൽ തുടക്കമാകുന്നു. മെയ് പത്തിന് ഗംഗോത്രി, യമുനോത്രി, കേദർനാഥ് ക്ഷേത്രങ്ങൾ ഭക്തർക്കായി തുറക്കും.

## Article Content

**[**ഹിമാലയൻ മലനിരകളുടെ വിശുദ്ധി തേടിയുള്ള വിഖ്യാതമായ 'ചാർ ധാം' തീർത്ഥാടനത്തിന് ഉത്തരാഖണ്ഡിൽ തുടക്കമാകുന്നു. മെയ് പത്തിന് ഗംഗോത്രി, യമുനോത്രി, കേദർനാഥ് ക്ഷേത്രങ്ങൾ ഭക്തർക്കായി തുറക്കും.

ബദ്രിനാഥ് ക്ഷേത്രം മെയ് 12-ന് തുറക്കുന്നതോടെ ഈ വർഷത്തെ യാത്ര പൂർണ്ണമാകും. ദേവഭൂമിയിലെ ആത്മീയ കേന്ദ്രങ്ങളായ ഈ നാല് പുണ്യസ്ഥലങ്ങളും സമുദ്രനിരപ്പിൽ നിന്ന് 3,500 മീറ്ററിലധികം ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

കഠിനമായ മഞ്ഞുവീഴ്ചയെത്തുടർന്ന് ആറുമാസത്തോളം അടച്ചിടുന്ന ഈ ക്ഷേത്രങ്ങൾ, വേനൽക്കാലത്തിന്റെ വരവോടെയാണ് ഭക്തർക്കായി തുറന്നുനൽകുന്നത്. പാരമ്പര്യമനുസരിച്ച് യമുനോത്രിയിൽ നിന്നാണ് യാത്ര ആരംഭിക്കേണ്ടത്.

യമുനയുടെ ഉത്ഭവസ്ഥാനമായ ഇവിടെയെത്താൻ ഏകദേശം ആറ് കിലോമീറ്റർ ട്രക്കിംഗ് ആവശ്യമാണ്. തുടർന്ന് ഭാഗീരഥി നദിയുടെ പ്രഭവകേന്ദ്രമായ ഗംഗോത്രിയും, മന്ദാകിനി തീരത്തെ ശിവക്ഷേത്രമായ കേദർനാഥും സന്ദർശിക്കണം.

കേദർനാഥിലേക്ക് 17 കിലോമീറ്റർ ട്രക്കിംഗ് പാതയാണുള്ളത്. അളകനന്ദാ നദിയോരത്തെ വിഷ്ണുക്ഷേത്രമായ ബദ്രിനാഥിൽ യാത്ര അവസാനിക്കുന്നു. കേദർനാഥും ബദ്രിനാഥും മാത്രം സന്ദർശിക്കുന്നതിനെ 'ദോ ധാം' യാത്ര എന്നും വിളിക്കുന്നു. മനാ ഗ്രാമം, വസുധാര വെള്ളച്ചാട്ടം, ഗോമുഖ് ട്രക്കിംഗ് എന്നിവയും ഈ യാത്രയിലെ പ്രധാന ആകർഷണങ്ങളാണ്.

യാത്രയ്ക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാണ്. ഉത്തരാഖണ്ഡ് സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ 'Tourist Care Uttarakhand' എന്ന മൊബൈൽ ആപ്പ് വഴിയോ ഓൺലൈനായി രജിസ്ട്രേഷൻ പൂർത്തിയാക്കാം.

കൂടാതെ, +91 8394833833 എന്ന നമ്പറിലേക്ക് 'Yatra' എന്ന് വാട്സാപ്പ് സന്ദേശം അയച്ചും രജിസ്റ്റർ ചെയ്യാം. ഹരിദ്വാർ, ഋഷികേശ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ ഓഫ്‌ലൈൻ രജിസ്ട്രേഷൻ സൗകര്യവും ലഭ്യമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340548/char-dham-pilgrimage-begins)