---
title: "വൈഭവ് പൂരം....! അണ്ടര്‍ 19ലോകകപ്പ് ഫൈനലില്‍ കൗമാര പ്രതിഭയുടെ വെടിക്കെട്ട് ബാറ്റിങ്, 80 പന്തിൽ 175 റൺസെടുത്ത് പുറത്ത്; ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്"
english_title: "india england under 19 world cup final vaibhav performanc"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340537/india-england-under-19-world-cup-final-vaibhav-performanc"
published_at: "2026-02-06T15:53:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6985c15da2178_u19.jpg"
keywords: []
---

# വൈഭവ് പൂരം....! അണ്ടര്‍ 19ലോകകപ്പ് ഫൈനലില്‍ കൗമാര പ്രതിഭയുടെ വെടിക്കെട്ട് ബാറ്റിങ്, 80 പന്തിൽ 175 റൺസെടുത്ത് പുറത്ത്; ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്

> **Lead Summary:** **ഹരാരെ: ( **[www.truevisionnews.com]** )** അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരേ ഇന്ത്യ ബാറ്റിങ് തുടരുന്നു. വൈഭവ് സൂര്യവംശി വെടിക്കെട്ട് സെഞ്ചുറിയുമായി കത്തിക്കയറി. 80 പന്തിൽ നിന്ന് 175 റൺസെടുത്ത് വൈഭവ് പുറത്തായി. 32 പന്തിൽ അർധസെഞ്ചുറി തികച്ച വൈഭവ് 55 പന്തിലാണ് സെഞ്ചുറി തികച്ചത്.

## Article Content

**ഹരാരെ: ( **[www.truevisionnews.com]** )** അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരേ ഇന്ത്യ ബാറ്റിങ് തുടരുന്നു. വൈഭവ് സൂര്യവംശി വെടിക്കെട്ട് സെഞ്ചുറിയുമായി കത്തിക്കയറി. 80 പന്തിൽ നിന്ന് 175 റൺസെടുത്ത് വൈഭവ് പുറത്തായി. 32 പന്തിൽ അർധസെഞ്ചുറി തികച്ച വൈഭവ് 55 പന്തിലാണ് സെഞ്ചുറി തികച്ചത്.

27 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 255 റൺസെന്ന നിലയിലാണ് ഇന്ത്യ. വൈഭവ് കത്തിക്കയറിയതോടെ ടീം 18 ഓവറിൽ 150 റൺസും 22-ാം ഓവറിൽ 200 റൺസും കടന്നു. ക്യാപ്റ്റൻ ആയുഷ് മാത്രെ അർധസെഞ്ചുറി നേടി പുറത്തായി.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ശ്രദ്ധയോടെയാണ് ബാറ്റേന്തിയത്. പവർപ്ലേയിലെ ആദ്യ ഓവറുകളിൽ പതിയെ ആണ് ഇന്ത്യൻ ബാറ്റർമാർ സ്‌കോറുയർത്തിയത്. സെമിയിൽ സെഞ്ചുറി നേടിയ മലയാളി താരം ആരോൺ ജോർജ് വെറും ഒൻപത് റൺസ് മാത്രമെടുത്ത് പുറത്തായി.

അതോടെ ഇന്ത്യ നാലോവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 20 റൺസെന്ന നിലയിലായി. പിന്നീട് ക്രീസിലിറങ്ങിയ ക്യാപ്റ്റൻ ആയുഷ് മാത്രെയും വൈഭവ് സൂര്യവംശിയും ചേർന്ന് ടീമിനെ കരകയറ്റി. ഇരുവരും ചേർന്ന് എട്ടോവറിൽ 53 റൺസിലെത്തിച്ചു.

പിന്നീട് വൈഭവ് സൂര്യവംശി ട്രാക്ക് മാറ്റിയതോടെ ഇന്ത്യൻ സ്‌കോർ ഉയർന്നു. ഒൻപതാം ഓവറിൽ 18 റൺസാണ് വൈഭവ് അടിച്ചെടുത്തത്. 11-ാം ഓവറിൽ താരം അർധസെഞ്ചുറിയും തികച്ചു. 32 പന്തിൽ നിന്നാണ് താരത്തിന്റെ ഫിഫ്റ്റി. ആയുഷ് മാത്രെയും വൈഭവിന് പിന്തുണയുമായി ക്രീസിൽ നിലയുറപ്പിച്ചതോടെ 14-ാം ഓവറിൽ സ്‌കോർ നൂറുകടന്നു.

14 ഓവർ അവസാനിക്കുമ്പോൾ 107-1 എന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നീട് വൈഭവ് കത്തിക്കയറി. ഇംഗ്ലണ്ട് ബൗളർമാരെ തലങ്ങും വിലങ്ങും വൈഭവ് പ്രഹരിച്ചു. 15-ാം ഓവറിൽ 15 റൺസാണ് ഇന്ത്യ അടിച്ചെടുത്തത്. 17-ാം ഓവറിൽ വൈഭവ് 22 റൺസ് അടിച്ചെടുത്തു. മൂന്ന് സിക്‌സറുകളും ഒരു ഫോറും താരം നേടി.

അതോടെ ഇന്ത്യൻ സ്കോർ 150 കടന്നു. എന്നാൽ അർധസെഞ്ചുറി തികച്ചതിന് പിന്നാലെ ആയുഷ് മാത്രെ കൂടാരം കയറി. 51 പന്തിൽ 53 റൺസെടുത്താണ് താരം പുറത്തായത്. പിന്നാലെ വൈഭവിന്റെ സെഞ്ചുറിയുമെത്തി. 55 പന്തിലാണ് വൈഭവ് മൂന്നക്കം തൊട്ടത്. 20 ഓവറിൽ 167-2 എന്ന നിലയിലായിരുന്നു ഇന്ത്യ.

സെഞ്ചുറിക്ക് പിന്നാലെയും വൈഭവ് കത്തിക്കയറി. 21-ാം ഓവറിൽ 19 റൺസും 22-ാം ഓവറിൽ 26 റൺസുമാണ് വൈഭവ് അടിച്ചെടുത്തത്. ഇംഗ്ലണ്ട് ബൗളർമാർക്ക് നോക്കിനിൽക്കാനേ സാധിച്ചുള്ളൂ. 23-ാം ഓവർ കഴിയുമ്പോഴേക്കും താരം 150 റൺസും തികച്ചു. എന്നാൽ 175 റൺസിൽ നിൽക്കേ വൈഭവ് പുറത്തായി. അണ്ടർ-19 ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സുകളിൽ ഒന്ന് കാഴ്ചവെച്ചാണ് വൈഭവ് സൂര്യവംശിയെന്ന പതിന്നാലുകാരൻ മടങ്ങിയത്. 15 വീതം ഫോറുകളും സിക്സറുകളും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്. വേദാന്ത് ത്രിവേദിയും വിഹാൻ മൽഹോത്രയുമാണ് ക്രീസിൽ.

ആറാം ലോകകപ്പ് കിരീടമാണ് ഇന്ത്യയുടെ ലക്ഷ്യം. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ ടീമാണ് ഇന്ത്യ. അഞ്ചുവട്ടമാണ് കപ്പുയർത്തിയത്. 2024-ലാണ് അവസാനമായി കിരീടം നേടിയത്. കഴിഞ്ഞതവണ ഓസ്ട്രേലിയയോട് ഫൈനലിൽ കീഴടങ്ങി. തുടർച്ചയായ മൂന്നാം ഫൈനലാണ് ഇന്ത്യക്ക്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340537/india-england-under-19-world-cup-final-vaibhav-performanc)