---
title: "ഡൽഹിയെ തകർത്ത് 'ക്വീൻസ് ഓഫ് ബെംഗളൂരു'; മന്ദാന കരുത്തിൽ ആർസിബിക്ക് രണ്ടാം കിരീടം!"
english_title: "RCB wins second title"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340424/rcb-wins-second-title"
published_at: "2026-02-06T09:29:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6985673e5be05_tru3.jpg"
keywords: []
---

# ഡൽഹിയെ തകർത്ത് 'ക്വീൻസ് ഓഫ് ബെംഗളൂരു'; മന്ദാന കരുത്തിൽ ആർസിബിക്ക് രണ്ടാം കിരീടം!

> **Lead Summary:** **[ **വനിതാ പ്രീമിയർ ലീഗിന്റെ ആവേശം വാനോളമുയർന്ന കലാശപ്പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ തകർത്ത് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് കിരീടമധുരം. വഡോദരയിൽ നടന്ന ഫൈനലിൽ ഡൽഹി ഉയർത്തിയ 204 റൺസിന്റെ റെക്കോർഡ് വിജയലക്ഷ്യം ആറ് വിക്കറ്റ് ശേഷിക്കെ മറികടന്നാണ് സ്മൃതി മന്ദാനയും സംഘവും രണ്ടാം തവണയും ഡബ്ല്യുപിഎൽ ട്രോഫിയിൽ മുത്തമിട്ടത്.

## Article Content

**[ **വനിതാ പ്രീമിയർ ലീഗിന്റെ ആവേശം വാനോളമുയർന്ന കലാശപ്പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ തകർത്ത് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് കിരീടമധുരം. വഡോദരയിൽ നടന്ന ഫൈനലിൽ ഡൽഹി ഉയർത്തിയ 204 റൺസിന്റെ റെക്കോർഡ് വിജയലക്ഷ്യം ആറ് വിക്കറ്റ് ശേഷിക്കെ മറികടന്നാണ് സ്മൃതി മന്ദാനയും സംഘവും രണ്ടാം തവണയും ഡബ്ല്യുപിഎൽ ട്രോഫിയിൽ മുത്തമിട്ടത്.

2024-ലെ കന്നി കിരീടത്തിന് ശേഷം ബെംഗളൂരു നേടുന്ന രണ്ടാമത്തെ ഐപിഎൽ കിരീടമാണിത്. അതേസമയം, തുടർച്ചയായ നാലാം ഫൈനലിലും തോൽവിയേറ്റുവാങ്ങാനായിരുന്നു ഡൽഹിയുടെ വിധി. റെക്കോർഡ് സ്കോർ പിന്തുടർന്നിറങ്ങിയ ആർസിബിക്ക് തുടക്കത്തിൽ തന്നെ ഗ്രേസ് ഹാരിസിനെ നഷ്ടമായെങ്കിലും ക്യാപ്റ്റൻ സ്മൃതി മന്ദാനയും ജോർജിയ വോളും ചേർന്നുള്ള വെടിക്കെട്ട് കൂട്ടുകെട്ട് മത്സരം ഡൽഹിയിൽ നിന്ന് തട്ടിയകറ്റി.

41 പന്തിൽ 87 റൺസുമായി സ്മൃതി മുന്നിൽ നിന്ന് നയിച്ചപ്പോൾ 79 റൺസെടുത്ത വോൾ മികച്ച പിന്തുണ നൽകി. രണ്ടാം വിക്കറ്റിൽ ഇരുവരും പടുത്തുയർത്തിയ 165 റൺസിന്റെ കൂട്ടുകെട്ട് വനിതാ ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന പാർട്ണർഷിപ്പായി മാറി.

മലയാളി താരം മിന്നുമണിയുടെ പന്തിൽ വോൾ പുറത്തായതിന് പിന്നാലെ സ്മൃതിയും റിച്ച ഘോഷും മടങ്ങിയതോടെ മത്സരം അവസാന ഓവറുകളിലേക്ക് നീണ്ടു. അവസാന ഓവറിൽ 10 റൺസ് ജയിക്കാൻ വേണ്ടിയിരിക്കെ രാധാ യാദവിന്റെ പോരാട്ടവീര്യമാണ് ആർസിബിയെ വിജയതീരത്തെത്തിച്ചത്.

ശ്രീ ചരിണിയുടെ പന്തുകൾ തുടർച്ചയായി ബൗണ്ടറി കടത്തി രാധാ യാദവ് ബെംഗളൂരു ആരാധകരെ ആവേശത്തിലാഴ്ത്തി. നേരത്തെ ജെമീമ റോഡ്രിഗസിന്റെ അർധസെഞ്ചുറിയുടെയും ലോറ വോൾവാർഡിന്റെയും ഷഫാലി വർമ്മയുടെയും വെടിക്കെട്ട് ബാറ്റിംഗിന്റെയും കരുത്തിലാണ് ഡൽഹി 203 റൺസ് എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.

ഫൈനലിലെ ഏറ്റവും ഉയർന്ന സ്കോർ സ്വന്തമാക്കിയിട്ടും ഫീൽഡിംഗിലെ പിഴവുകളും മന്ദാനയുടെ തകർപ്പൻ ഫോമും ഡൽഹിക്ക് വീണ്ടും കിരീടം നഷ്ടപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340424/rcb-wins-second-title)