---
title: "' ഇന്ത്യയോ, ഓസ്‌ട്രേലിയയോ അല്ല; കപ്പടിക്കാൻ പോകുന്നത് ആ ടീം'; ലോകകപ്പ് പ്രവചനവുമായി അശ്വിൻ!"
english_title: "Ravichandran Ashwin with his World Cup prediction"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340423/ravichandran-ashwin-with-his-world-cup-prediction"
published_at: "2026-02-06T09:23:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698565ca07071_tru2.jpg"
keywords: []
---

# ' ഇന്ത്യയോ, ഓസ്‌ട്രേലിയയോ അല്ല; കപ്പടിക്കാൻ പോകുന്നത് ആ ടീം'; ലോകകപ്പ് പ്രവചനവുമായി അശ്വിൻ!

> **Lead Summary:** ടി20 ലോകകപ്പിന് കളമൊരുങ്ങുമ്പോൾ പ്രവചനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. കിരീടപ്പോരാട്ടത്തിൽ ഇന്ത്യയോ കരുത്തരായ ഓസ്‌ട്രേലിയയോ അല്ല, മറിച്ച് ന്യൂസിലൻഡാണ് ഇത്തവണ അത്ഭുതങ്ങൾ കാട്ടുകയെന്നാണ് അശ്വിന്റെ നിരീക്ഷണം. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അശ്വിൻ ഈ അഭിപ്രായപ്രകടനം നടത്തിയത്.

## Article Content

ടി20 ലോകകപ്പിന് കളമൊരുങ്ങുമ്പോൾ പ്രവചനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. കിരീടപ്പോരാട്ടത്തിൽ ഇന്ത്യയോ കരുത്തരായ ഓസ്‌ട്രേലിയയോ അല്ല, മറിച്ച് ന്യൂസിലൻഡാണ് ഇത്തവണ അത്ഭുതങ്ങൾ കാട്ടുകയെന്നാണ് അശ്വിന്റെ നിരീക്ഷണം. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അശ്വിൻ ഈ അഭിപ്രായപ്രകടനം നടത്തിയത്.

ഇന്ത്യക്കെതിരായ ടി20 പരമ്പരയിൽ 4-1ന് തോറ്റെങ്കിലും, ആ പരാജയങ്ങളിൽ നിന്ന് കിവികൾ പഠിച്ച പാഠങ്ങൾ ടൂർണമെന്റിൽ അവർക്ക് തുണയാകുമെന്ന് അശ്വിൻ വിശ്വസിക്കുന്നു. ഐസിസി ടൂർണമെന്റുകളിൽ എന്നും ഇന്ത്യക്ക് കടുത്ത വെല്ലുവിളി ഉയർത്തുന്ന ന്യൂസിലൻഡ്, കൃത്യമായ പ്ലാനിംഗോടെയാണ് ഇത്തവണ എത്തുന്നത്.

ഓസ്‌ട്രേലിയയേക്കാൾ കൂടുതൽ കിരീടസാധ്യത താൻ കൽപ്പിക്കുന്നത് ബ്ലാക്ക് ക്യാപ്‌സിനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, മുൻ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ വലിയ പ്രതിസന്ധിയിലാണെന്നും അശ്വിൻ ചൂണ്ടിക്കാട്ടി.

പാകിസ്ഥാനെതിരായ പരമ്പരയിലെ 3-0ന്റെ തോൽവിക്ക് പുറമെ, മിച്ചൽ സ്റ്റാർക്കിന്റെ വിരമിക്കലും പാറ്റ് കമ്മിൻസിന്റെ പരിക്കും ടീമിനെ തളർത്തിയിട്ടുണ്ട്. ശ്രീലങ്കയിലെ സ്പിൻ പിച്ചുകളിൽ ആദം സാംപയെ മാത്രം ആശ്രയിച്ച് കളിക്കാനിറങ്ങുന്ന ഓസീസ് നിരയ്ക്ക് സാംപയ്ക്ക് പരിക്കേറ്റാൽ പകരക്കാരില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം നിരീക്ഷിച്ചു.

എങ്കിലും ന്യൂസിലൻഡിന്റെ പാത അത്ര സുഗമമാകില്ല. പ്രമുഖ താരങ്ങളുടെ പരിക്കും ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്ഥാനും അടങ്ങുന്ന 'മരണ ഗ്രൂപ്പിലെ' പോരാട്ടങ്ങളും അവർക്ക് വലിയ വെല്ലുവിളിയാകുമെന്ന് ഉറപ്പാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340423/ravichandran-ashwin-with-his-world-cup-prediction)