---
title: "കോഴിക്കോട്ടെ  ദീപക്കിന്റെ മരണം: പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും"
english_title: "Kozhikode Deepak's death: Court to consider accused Shimjitha's bail plea today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340412/kozhikode-deepaks-death-court-to-consider-accused-shimjithas-bail-plea-today"
published_at: "2026-02-06T07:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69854e8d55a8f_shimjuita.jpg"
keywords: []
---

# കോഴിക്കോട്ടെ  ദീപക്കിന്റെ മരണം: പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

> **Lead Summary:** **കോഴിക്കോട് : **ലൈംഗികാരോപണത്തെത്തുടർന്ന് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ മുസ്ലീം ലീഗ് നേതാവ് ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർജിയിൽ വാദം കേൾക്കുന്നത്.

## Article Content

**കോഴിക്കോട് : **ലൈംഗികാരോപണത്തെത്തുടർന്ന് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ മുസ്ലീം ലീഗ് നേതാവ് ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർജിയിൽ വാദം കേൾക്കുന്നത്.

ദീപക്കിന്റെ മരണത്തിന് പിന്നിൽ ഷിംജിതയുടെ ഭീഷണിയും സമ്മർദ്ദവുമാണെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. കേസിൽ പ്രതിയായതിന് പിന്നാലെ ഷിംജിത ഒളിവിൽ പോവുകയും പിന്നീട് മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിക്കുകയുമായിരുന്നു

അതേസമയം, ഷിംജിതയെ രണ്ട് ദിവസത്തേക്ക്  കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ കോളേജ് പോലീസ് കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചുമണിവരെ കസ്റ്റഡിയിൽ കിട്ടിയ ഷിംജിതയെ മെഡിക്കൽ കോളേജ് പൊലീസ് വിശദമായി ചോദ്യം ചെയ്തു.

ലൈംഗിക ആരോപണത്തിൽ ഉറച്ചു നിൽക്കുന്നതായി ഷിംജിത മാധ്യമങ്ങളോട് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്നാൽ നിയമനടപടി സ്വീകരിക്കാതെ, സമൂഹമാധ്യമത്തിൽ വീഡിയോ പ്രചരിപ്പിക്കുന്നതിലൂടെ വൈറലാകാനുള്ള ശ്രമമാണ് ഷിംജിതയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് പ്രോസിക്യൂഷന്റെ വാദം.

ബസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസിന് ഷിംജിത ഉന്നയിച്ചതുപോലെ ദീപക്കിന്റെ ഭാഗത്തുനിന്ന് അസ്വാഭാവികമായ പെരുമാറ്റം ഉണ്ടായതായി കണ്ടെത്താൻ കഴിഞ്ഞില്ല. തിരക്കുള്ള ബസിൽ സാധാരണയായി സംഭവിക്കാവുന്ന സ്പർശനം മാത്രമായിരുന്നു അതെന്നും, ഒന്നും സംഭവിക്കാത്ത രീതിയിലാണ് ഇരുവരും യാത്ര ചെയ്തതെന്നും പോലീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340412/kozhikode-deepaks-death-court-to-consider-accused-shimjithas-bail-plea-today)