---
title: "ശബരിമല സ്വർണക്കൊള്ള കേസ്: ഒന്നാം പ്രതി ഉണ്ണികൃഷ്‌ണൻ പോറ്റി ഇന്ന് എസ്ഐടിക്ക് മുന്നിൽ ഹാജരാകും"
english_title: "Sabarimala gold robbery case: UnnikrishnanPotty to appear before Special Investigation Team today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340403/sabarimala-gold-robbery-case-unnikrishnanpotty-to-appear-before-special-investigation-team-today"
published_at: "2026-02-06T06:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69853af74b6bb_potty.jpg"
keywords: []
---

# ശബരിമല സ്വർണക്കൊള്ള കേസ്: ഒന്നാം പ്രതി ഉണ്ണികൃഷ്‌ണൻ പോറ്റി ഇന്ന് എസ്ഐടിക്ക് മുന്നിൽ ഹാജരാകും

> **Lead Summary:** **തിരുവനന്തപുരം: **ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. ജാമ്യം അനുവദിച്ചപ്പോൾ കോടതി മുന്നോട്ടുവെച്ച കർശന നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് ഹാജരാകുന്നത്. എല്ലാ വെള്ളിയാഴ്ചയും ചൊവ്വാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിലെത്തണമെന്നാണ് കോടതി ഉത്തരവ്.

## Article Content

**തിരുവനന്തപുരം: **ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. ജാമ്യം അനുവദിച്ചപ്പോൾ കോടതി മുന്നോട്ടുവെച്ച കർശന നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് ഹാജരാകുന്നത്. എല്ലാ വെള്ളിയാഴ്ചയും ചൊവ്വാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിലെത്തണമെന്നാണ് കോടതി ഉത്തരവ്.

അതേസമയം, കേസിലെ തന്ത്രി സമർപ്പിച്ച ജാമ്യഹർജിയെ ശക്തമായി എതിർക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ജാമ്യം നൽകുന്നതിനെതിരെയുള്ള വിശദമായ റിപ്പോർട്ട് എസ്.ഐ.ടി ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിക്കും. ജാമ്യഹർജിയിൽ അടുത്ത തിങ്കളാഴ്ച കോടതി വാദം കേൾക്കും.

110 ദിവസത്തിന് ശേഷമാണ് ഉണ്ണികൃഷ്ണൻ പോറ്റി ഇന്നലെ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. 90 ദിവസമായിട്ടും കുറ്റപത്രം നൽകാത്തതിനാൽ ദ്വാരപാലക പാളി കേസിന് പിന്നാലെ കട്ടിളപ്പാളി കേസിലും സ്വാഭാവിക ജാമ്യം ലഭിച്ചതോടെയാണ് ജയിൽ മോചനം.

മുരാരി ബാബുവിനും, ശ്രീകുമാറിനും സുധീഷിനും പിന്നാലെയാണ് ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കും സ്വാഭാവിക ജാമ്യം ലഭിച്ചത്. ജനുവരി 21ന് ആയിരുന്നു പോറ്റിക്ക് ദ്വാരപാലകപാളി കേസിൽ ജാമ്യം ലഭിച്ചത്. ഇന്ന് കട്ടിളപാളി കേസിലും കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. സാക്ഷികളെ സ്വാധീനിക്കരുതെന്നതടക്കം കർശന ഉപാധികളോടെയാണ് സ്വാഭാവിക ജാമ്യം.

ഫെബ്രുവരി 11 എൻ വാസു, 20 സിപിഎം നേതാവ് പത്മകുമാർ അടക്കമുള്ള മറ്റ് പ്രതികളുടെയും അറസ്റ്റ് നടന്ന് 90 ദിവസം പൂർത്തിയാകും. നിലവിലെ സാഹചര്യത്തിൽ ഇരുവർക്കും കൂടി ജാമ്യം ലഭിച്ചേക്കും. പോറ്റിയുമായുള്ള ബന്ധത്തിൽ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, അടൂർ പ്രകാശ് അടക്കമുള്ളവർക്കെതിരെ എസ്ഐടി അന്വേഷണം തുടരുന്നതിനിടെയാണ് പോറ്റി പുറത്തെത്തുന്നത്.

ഇക്കാര്യത്തിൽ പോറ്റി എന്ത് വെളിപ്പെടുത്തൽ നടത്തും എന്നതും കാത്തിരുന്ന് കാണണം. ജയിലിൽ നിന്ന് പുറത്തിറങ്ങുന്ന പോറ്റിയെ കാത്തി ഇഡിയുമുണ്ട്. നേരത്തെ 1.3 കോടി രൂപയുടെ സ്വത്ത് ഇഡി മരവിപ്പിച്ചിരുന്നു. സ്വർണക്കൊള്ളയിലെ സാമ്പത്തിക ഇടപാടിൽ ഇഡിയും ഉടനെ ചോദ്യം ചെയ്യും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340403/sabarimala-gold-robbery-case-unnikrishnanpotty-to-appear-before-special-investigation-team-today)