---
title: "ശിവക്ഷേത്രത്തിൽ നിന്നും നോട്ടുകൾ കൊണ്ടുപോയി, നാണയങ്ങൾ ഉപേക്ഷിച്ചു; പിന്നെ കണ്ടത് സിനിമാ സ്റ്റൈൽ രക്ഷപ്പെടൽ"
english_title: "Theft at Ambalathara Shiva temple"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340382/theft-at-ambalathara-shiva-temple"
published_at: "2026-02-05T21:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6984b85421669_theft.jpg"
keywords: []
---

# ശിവക്ഷേത്രത്തിൽ നിന്നും നോട്ടുകൾ കൊണ്ടുപോയി, നാണയങ്ങൾ ഉപേക്ഷിച്ചു; പിന്നെ കണ്ടത് സിനിമാ സ്റ്റൈൽ രക്ഷപ്പെടൽ

> **Lead Summary:** **തിരുവനന്തപുരം: ** അമ്പലത്തറ ശിവക്ഷേത്രത്തിൽ കാണിക്കവഞ്ചികൾ തകർത്ത് കവർച്ച. ക്ഷേത്രവാതിൽ പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് പ്രധാന പ്രതിഷ്ഠയ്ക്കും ഉപദേവതകൾക്കും മുന്നിലുണ്ടായിരുന്ന നാല് കാണിക്കവഞ്ചികളിലെ പണമാണ് കവർന്നത്.

## Article Content

**തിരുവനന്തപുരം: ** അമ്പലത്തറ ശിവക്ഷേത്രത്തിൽ കാണിക്കവഞ്ചികൾ തകർത്ത് കവർച്ച. ക്ഷേത്രവാതിൽ പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് പ്രധാന പ്രതിഷ്ഠയ്ക്കും ഉപദേവതകൾക്കും മുന്നിലുണ്ടായിരുന്ന നാല് കാണിക്കവഞ്ചികളിലെ പണമാണ് കവർന്നത്.

വഞ്ചികളിലുണ്ടായിരുന്ന നോട്ടുകൾ പൂർണ്ണമായും കൊണ്ടുപോയ മോഷ്ടാവ് നാണയങ്ങൾ പലയിടത്തായി ഉപേക്ഷിച്ച നിലയിലായിരുന്നു. പണം കവർന്നശേഷം തൊട്ടുപിറകിലുളള വീട്ടിലെത്തി. അവിടെ പുറത്തിട്ടിരുന്ന പാന്റ്സും ഷർട്ടും ധരിച്ചശേഷം ഷെഡിൽ സൂക്ഷിച്ചിരുന്ന സൈക്കിളും എടുത്ത് കടന്നു.

വ്യാഴാഴ്ച പുലർച്ചെയോടെയായിരുന്നു മോഷണമെന്ന് സിസിടിവികളിൽനിന്ന് ലഭിച്ച ദൃശ്യങ്ങളിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. രാവിലെ ക്ഷേത്രത്തിലെത്തിയ പൂജാരിയും അനുബന്ധ ജീവനക്കാരുമാണ് കാണിക്ക വഞ്ചികൾ തകർത്ത നിലയിൽ കണ്ടത്. തുടർന്നെത്തിയ സെക്രട്ടറി അമ്പലത്തറ സതീഷ് കുമാർ പൂന്തുറ പോലീസിനെ വിവരമറിയിച്ചു.

പതിനായിരത്തോളം രൂപയാണ് നഷ്ടപ്പെട്ടതെന്ന് സെക്രട്ടറി പറഞ്ഞു. പൂന്തുറ എസ്.എച്ച്.ഒ. ആർ. സജീവ്, എസ്.ഐ. വി. സുനിൽ ഉൾപ്പെട്ട പോലീസ് സംഘമെത്തി പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡ് വിരലടയാള വിദഗ്ധർ എന്നിവരുമെത്തിയിരുന്നു . പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340382/theft-at-ambalathara-shiva-temple)