---
title: "ചിരിച്ചുകൊണ്ട് പോറ്റി പുറത്തേക്ക്; ശബരിമല സ്വർണ്ണക്കൊള്ള കേസ്, മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനായി"
english_title: "Sabarimala gold robbery: Prime accused UnnikrishnanPotty released from jail"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340369/sabarimala-gold-robbery-prime-accused-unnikrishnanpotty-released-from-jail-new-"
published_at: "2026-02-05T19:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6984a0d07fece_potty.jpg"
keywords: []
---

# ചിരിച്ചുകൊണ്ട് പോറ്റി പുറത്തേക്ക്; ശബരിമല സ്വർണ്ണക്കൊള്ള കേസ്, മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനായി

> **Lead Summary:** **തിരുവനന്തപുരം: **ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനായി. ഇന്ന് വൈകിട്ടോടെയാണ് ഉണ്ണികൃഷ്ണൻ പോറ്റി ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.

## Article Content

**തിരുവനന്തപുരം: **ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനായി. ഇന്ന് വൈകിട്ടോടെയാണ് ഉണ്ണികൃഷ്ണൻ പോറ്റി ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലും സ്വഭാവിക ജാമ്യം ലഭിച്ചതോടെയാണ് ഉണ്ണികൃഷ്ണൻ പോറ്റി പുറത്തിറങ്ങിയത്. 90 ദിവസമായിട്ടും കുറ്റപത്രം നൽകാത്തതിനാലാണ് ദ്വാരപാലക പാളി കേസിന് പിന്നാലെ കട്ടിളപ്പാളി കേസിലും ഇന്ന് സ്വാഭാവിക ജാമ്യം ലഭിച്ചത്.

ജയിലിന് പുറത്തിറങ്ങുന്ന പോറ്റിയെ പൂട്ടാൻ ഇഡിയും സമൻസും ഉടൻ നൽകും. ഇന്ന് വൈകിട്ട് ആറരയോടെ തിരുവനന്തപുരത്തെ സ്പെഷ്യൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഉണ്ണികൃഷ്ണൻ പോറ്റിയെ കാത്ത് കുടുംബം പുറത്തുണ്ടായിരുന്നു.

ജയിലിന് പുറത്തിറങ്ങിയതിന് പിന്നാലെ കാറിൽ കയറി പോവുകയായിരുന്നു. സഹോദരിയും ഭാര്യയുമടക്കമുള്ളവരാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ കൊണ്ടുപോകാനായി എത്തിയത്. ചിരിച്ചുകൊണ്ടാണ് പോറ്റി അവരോട് സംസാരിച്ചശേഷം പോയത്. മാധ്യമങ്ങളോട് പ്രതികരിച്ചില്ല.

അയ്യപ്പന്‍റെ സ്വർണം കൊള്ളയടിച്ച കേസിന്‍റെ ആസൂത്രകൻ എന്ന് എസ്.ഐ.ടി വിഷഷിപ്പിച്ച പ്രതിയാണ് കുറ്റപത്രം നൽകാൻ വൈകിയതിന്‍റെ അനുകൂല്യത്തിൽ പുറത്തിറങ്ങിയത്. മുരാരി ബാബുവിനും , ശ്രീകുമാറിനും സുധീഷിനും പിന്നാലെയാണ് ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കും സ്വാഭാവിക ജാമ്യം ലഭിക്കുന്നത്.

ജനുവരി 21ന് ആയിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിക്ക് ദ്വാരപാലകപാളി കേസിൽ ജാമ്യം ലഭിച്ചത്. ഇന്ന് കട്ടിളപാളി കേസിലും കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. സാക്ഷികളെ സ്വാധീനിക്കരുതെന്നതടക്കം കർശന ഉപാധികളോടെയാണ് സ്വാഭാവിക ജാമ്യം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340369/sabarimala-gold-robbery-prime-accused-unnikrishnanpotty-released-from-jail-new-)