---
title: "ഇതിലും വലിയൊരു 'സഹായഹസ്തം' വേറെ എന്ത്...! നമ്മുടെ നാട്ടിൽ മോഷണം പാപമല്ല, പക്ഷേ അത് സ്വർണ്ണക്കൊള്ളയാകണം.....; വിധി ആശ്വാസമാകുന്നത് ആർക്ക്..? "
english_title: "the first accused Unnikrishnan Potty in the Sabarimala gold robbery case also released on 'natural bail'"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340325/the-first-accused-unnikrishnan-potty-in-the-sabarimala-gold-robbery-case-also-released-on-natural-bail"
published_at: "2026-02-05T15:30:00+05:30"
category: "InFocus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69846c0e42b02_unnikrishnan_potti.jpg"
keywords: []
---

# ഇതിലും വലിയൊരു 'സഹായഹസ്തം' വേറെ എന്ത്...! നമ്മുടെ നാട്ടിൽ മോഷണം പാപമല്ല, പക്ഷേ അത് സ്വർണ്ണക്കൊള്ളയാകണം.....; വിധി ആശ്വാസമാകുന്നത് ആർക്ക്..? 

> **Lead Summary:** ** **ഒടുവിൽ ചിലർക്ക് ശുഭവാർത്തയും മറ്റുചിലർക്ക് അശുഭവാർത്തയുമായ ആ ജാമ്യ വിധി എത്തിയിരിക്കുന്നു... ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും 'സ്വാഭാവിക ജാമ്യം' നേടി പുറത്തേക്ക് ഇറങ്ങുകയാണ്. കേസിലെ മറ്റ് പ്രതികളൊക്കെ നേരത്തെ തന്നെ പുറത്തിറങ്ങി കാറ്റും വെളിച്ചവും ഏൽക്കുന്നുണ്ടായിരുന്നു.

## Article Content

** **ഒടുവിൽ ചിലർക്ക് ശുഭവാർത്തയും മറ്റുചിലർക്ക് അശുഭവാർത്തയുമായ ആ ജാമ്യ വിധി എത്തിയിരിക്കുന്നു... ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും 'സ്വാഭാവിക ജാമ്യം' നേടി പുറത്തേക്ക് ഇറങ്ങുകയാണ്. കേസിലെ മറ്റ് പ്രതികളൊക്കെ നേരത്തെ തന്നെ പുറത്തിറങ്ങി കാറ്റും വെളിച്ചവും ഏൽക്കുന്നുണ്ടായിരുന്നു.

പോറ്റി മാത്രം അകത്ത് കിടക്കുന്നത് ശരിയല്ലെന്ന് കരുതിയാകണം, അന്വേഷണ സംഘം കൃത്യസമയത്ത് കുറ്റപത്രം നൽകാതെ ആ വഴി സുഗമമാക്കിക്കൊടുത്തു. 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നൽകാതിരിക്കുക എന്നത് ഒരു ആധുനിക അന്വേഷണ കലയാണ്. പ്രതികൾക്ക് ജാമ്യം കിട്ടാൻ ഇതിലും വലിയൊരു 'സഹായഹസ്തം' വേറെ എന്ത് വേണം?

അയ്യപ്പന്റെ സ്വർണ്ണം കട്ടവരും, അത് കക്കാൻ കൂട്ടുനിന്നവരും ഒക്കെ ഇങ്ങനെ 'സ്വാഭാവികമായി' പുറത്തിറങ്ങുന്നത് കാണുമ്പോൾ സാധാരണക്കാർക്ക് ഒരു കാര്യം മനസ്സിലാക്കാം-നമ്മുടെ നാട്ടിൽ മോഷണം പാപമല്ല, പക്ഷേ അത് സ്വർണ്ണക്കൊള്ളയാകണം, കൂടെ പവർഫുൾ ആയ ചില ആളുകളും വേണം. സ്വർണ്ണം പോയത് അയ്യപ്പന്റേതല്ലേ, അദ്ദേഹത്തിന് പരാതിയില്ലല്ലോ എന്ന് വിചാരിക്കുന്ന പുണ്യാത്മാക്കളാണ് നമ്മുടെ അന്വേഷണ ഉദ്യോഗസ്ഥർ എന്ന് തോന്നിപ്പോകുന്നു.

കട്ടവൻ പുറത്ത്, കാവൽ നിന്നവൻ അകത്ത് എന്ന പഴയ ചൊല്ലൊക്കെ ഇന്ന് 'കട്ടവൻ പുറത്ത്, അന്വേഷിച്ചവൻ വീട്ടിൽ' എന്നായി മാറിയിരിക്കുകയാണ്. സത്യത്തിൽ ഇതൊരു 'സ്വാഭാവിക’ നീതിയാണ്. കുറ്റവാളികളെ പിടിക്കാനല്ല, മറിച്ച് പിടിച്ചവരെ എങ്ങനെ സുരക്ഷിതമായി പുറത്തിറക്കാം എന്ന കാര്യത്തിൽ നമ്മുടെ സിസ്റ്റം എത്രമാത്രം കാര്യക്ഷമമാണെന്ന് ഈ കേസ് തെളിയിക്കുന്നു.

പോറ്റിയും കൂട്ടരും ഇനി പുറത്തിറങ്ങി വിശ്രമിക്കട്ടെ. കാരണം, സ്വർണ്ണം പോയാലും വിശ്വാസം പോകരുത് എന്നാണല്ലോ വെപ്പ്. സ്വർണ്ണക്കൊള്ള നടന്നാലും ജാമ്യം കിട്ടും എന്ന ഈ 'സ്വാഭാവികമായ വിശ്വാസം ഇനി വരാനിരിക്കുന്ന കൊള്ളക്കാർക്ക് വലിയൊരു ആശ്വാസമായിരിക്കും.

**പ്രധാന ജാമ്യ വ്യവസ്ഥകൾ**

**പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത്:** അന്വേഷണത്തെ സ്വാധീനിക്കാതിരിക്കാൻ പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ട്.

**സാക്ഷികളെ സ്വാധീനിക്കരുത്:** കേസ്സിലെ സാക്ഷികളെയോ തെളിവുകളെയോ സ്വാധീനിക്കാൻ പാടില്ല.

**അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകുക: **നിർദ്ദേശിക്കുന്ന സമയങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണം.

**യാത്ര വിലക്ക്: **അന്വേഷണ ഏജൻസിയുടെ അനുമതിയില്ലാതെ വിദേശയാത്രയോ, രാജ്യം വിടുന്നതോ ആയ കാര്യങ്ങൾ പാടില്ല (സാധാരണ സ്റ്റാറ്റ്യൂട്ടറി ജാമ്യത്തിൽ ഉൾപ്പെടുന്ന വ്യവസ്ഥ).

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340325/the-first-accused-unnikrishnan-potty-in-the-sabarimala-gold-robbery-case-also-released-on-natural-bail)