---
title: "'പ്രതികൾ പുറത്തിറങ്ങിയാൽ മുഴുവൻ തെളിവുകളും നശിപ്പിക്കും; കൂടുതല്‍ സിപിഐഎം നേതാക്കള്‍ അറസ്റ്റിലാകാതിരിക്കാനാണ് കുറ്റപത്രം വൈകിപ്പിക്കുന്നത്' - വിഡി സതീശൻ"
english_title: "vd satheesan slams cpim on sabarimala gold theft case in assembly"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340251/vd-satheesan-slams-cpim-on-sabarimala-gold-theft-case-in-assembly"
published_at: "2026-02-05T11:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69842f5a4dfe9_vd_satheesan.jpg"
keywords: []
---

# 'പ്രതികൾ പുറത്തിറങ്ങിയാൽ മുഴുവൻ തെളിവുകളും നശിപ്പിക്കും; കൂടുതല്‍ സിപിഐഎം നേതാക്കള്‍ അറസ്റ്റിലാകാതിരിക്കാനാണ് കുറ്റപത്രം വൈകിപ്പിക്കുന്നത്' - വിഡി സതീശൻ

> **Lead Summary:** **തിരുവനന്തപുരം : (** [www.truevisionnews.com]** )** ശബരിമല സ്വര്‍ണക്കൊള്ള വീണ്ടും നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേസില്‍ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കാത്തത് പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കാന്‍ കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം വിമര്‍ശനങ്ങള്‍ ആവര്‍ത്തിച്ചത്.

## Article Content

**തിരുവനന്തപുരം : (** [www.truevisionnews.com]** )** ശബരിമല സ്വര്‍ണക്കൊള്ള വീണ്ടും നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേസില്‍ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കാത്തത് പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കാന്‍ കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം വിമര്‍ശനങ്ങള്‍ ആവര്‍ത്തിച്ചത്.

പവിത്രമായ ശബരിമലയില്‍ നടന്ന ഈ സ്വര്‍ണക്കൊളളയില്‍ ജനങ്ങള്‍ക്ക് അങ്ങേയറ്റം ആശങ്കയുണ്ട്. സ്വാഭാവിക ജാമ്യം നേടി പ്രതികള്‍ക്ക് പുറത്തിറങ്ങാന്‍ വഴിയൊരുങ്ങുന്നതോടെ തെളിവുകള്‍ പൂര്‍ണമായി നശിപ്പിക്കപ്പെടുമെന്നും വി ഡി സതീശന്‍ സഭയില്‍ പറഞ്ഞു.

തൊണ്ടിമുതല്‍ പോലും ഇതുവരെ കണ്ടെത്താന്‍ കഴിയാതെ അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണെന്ന് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. പ്രതികള്‍ പുറത്തിറങ്ങിയാല്‍ തെളിവുകള്‍ പോലുമില്ലാതെ കേസ് മാഞ്ഞുപോകും. സിപിഐഎമ്മിന്റെ ഉന്നത നേതാക്കള്‍ അറസ്റ്റിലാകാതിരിക്കാനാണ് അന്വേഷണവും കുറ്റുപത്രവും വൈകിപ്പിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ ആക്ഷേപം.

അന്വേഷണം മുന്നോട്ടുപോയാല്‍ സിപിഐഎം നേതാക്കള്‍ ജയിലിലാകുമെന്ന ഭയം സര്‍ക്കാരിനുണ്ട്. പ്രതിപക്ഷം സഭയ്ക്ക് അകത്തും പുറത്തും വിഷയത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

സഭയില്‍ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ടും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. വാച്ച് ആന്‍ഡ് വാര്‍ഡ് പ്രതിപക്ഷ അംഗങ്ങളുടെ കൈയിലെ ബാനര്‍ പിടിച്ചുവാങ്ങാന്‍ ശ്രമിച്ചപ്പോഴാണ് അവര്‍ ഡയസിലേക്ക് കയറിയതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ വാച്ച് ആന്‍ഡ് വാര്‍ഡിന് അടുത്ത് നിന്ന് യാതൊരു പ്രകോപനവും ഉണ്ടായിട്ടില്ലെന്ന് സ്പീക്കര്‍ പ്രതികരിച്ചു. അതേസമയം ഇന്നും സിപിഐഎമ്മിനെതിരെ അമ്പലം വിഴുങ്ങികള്‍ എന്ന ബാനര്‍ ഉയര്‍ത്തി പ്രതിപക്ഷം പ്രതിഷേധിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340251/vd-satheesan-slams-cpim-on-sabarimala-gold-theft-case-in-assembly)