---
title: "പന്തിനെയും ഗില്ലിനെയും പിന്നിലാക്കി ആരോൺ; സഞ്ജുവിന്റെ റെക്കോർഡ് തകർത്ത് വൈഭവ്"
english_title: "Aaron George and young star Vaibhav Suryavanshi in the record books"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340223/aaron-george-and-young-star-vaibhav-suryavanshi-in-the-record-books"
published_at: "2026-02-05T09:22:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6984140c1fd41_tru2.jpg"
keywords: []
---

# പന്തിനെയും ഗില്ലിനെയും പിന്നിലാക്കി ആരോൺ; സഞ്ജുവിന്റെ റെക്കോർഡ് തകർത്ത് വൈഭവ്

> **Lead Summary:** **[** അണ്ടർ 19 ലോകകപ്പിന്റെ ആവേശപ്പോരാട്ടത്തിൽ അഫ്ഗാനിസ്ഥാനെ തകർത്തുവിട്ട് ഇന്ത്യ ചരിത്രവിജയം കുറിച്ചപ്പോൾ, മലയാളി താരം ആരോൺ ജോർജും യുവതാരം വൈഭവ് സൂര്യവൻഷിയും റെക്കോർഡ് ബുക്കിൽ പുതിയ അധ്യായങ്ങൾ എഴുതിച്ചേർത്തു.

## Article Content

**[** അണ്ടർ 19 ലോകകപ്പിന്റെ ആവേശപ്പോരാട്ടത്തിൽ അഫ്ഗാനിസ്ഥാനെ തകർത്തുവിട്ട് ഇന്ത്യ ചരിത്രവിജയം കുറിച്ചപ്പോൾ, മലയാളി താരം ആരോൺ ജോർജും യുവതാരം വൈഭവ് സൂര്യവൻഷിയും റെക്കോർഡ് ബുക്കിൽ പുതിയ അധ്യായങ്ങൾ എഴുതിച്ചേർത്തു.

അഫ്ഗാൻ ഉയർത്തിയ 311 റൺസ് എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന് ജയിച്ച ഇന്ത്യ, അണ്ടർ 19 ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റൺ ചേസ് എന്ന റെക്കോർഡും സ്വന്തമാക്കി. 2006-ൽ അയർലൻഡിനെതിരെ ന്യൂസിലൻഡ് കുറിച്ച 305 റൺസിന്റെ റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്.

ആരോൺ ജോർജിന്റെ റെക്കോർഡ് സെഞ്ച്വറി മത്സരത്തിൽ 115 റൺസുമായി തിളങ്ങിയ ആരോൺ ജോർജ്, അണ്ടർ 19 ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിൽ ഒരു ഇന്ത്യൻ താരം നേടുന്ന രണ്ടാമത്തെ ഉയർന്ന സ്കോർ എന്ന നേട്ടത്തിന് ഉടമയായി.

2006-ൽ ഇംഗ്ലണ്ടിനെതിരെ 129 റൺസെടുത്ത ചേതേശ്വർ പൂജാര മാത്രമാണ് ഇനി ആരോണിന് മുന്നിലുള്ളത്. ഇതോടെ ഉന്മുക്ത് ചന്ദ് (111), റിഷഭ് പന്ത് (111), യശസ്വി ജയ്‌സ്വാൾ (105), ശുഭ്മാൻ ഗിൽ (102) തുടങ്ങിയ പ്രമുഖരെല്ലാം നോക്കൗട്ട് സ്കോറുകളുടെ കാര്യത്തിൽ ഈ മലയാളി താരത്തിന് പിന്നിലായി.

സിക്സർ വേട്ടയിൽ സഞ്ജു സാംസണെ പിന്നിലാക്കിയാണ് വൈഭവ് സൂര്യവൻഷി റെക്കോർഡ് ഇട്ടത്. അഫ്ഗാനെതിരെ നാല് സിക്സറുകൾ പറത്തിയതോടെ അണ്ടർ 19 ലോകകപ്പിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ സിക്സറുകൾ (15 എണ്ണം) നേടുന്ന താരമെന്ന പദവി വൈഭവ് സ്വന്തമാക്കി.

2014-ൽ 12 സിക്സറുകൾ നേടിയ സഞ്ജു സാംസണിന്റെയും ഗൗരവ് ധിമന്റെയും റെക്കോർഡാണ് തകർന്നത്. ഇനി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ മൂന്ന് സിക്സറുകൾ കൂടി നേടാനായാൽ, ന്യൂസിലൻഡിന്റെ ഫിൻ അലന്റെ (18 സിക്സറുകൾ) ലോക റെക്കോർഡിനൊപ്പമെത്താനും വൈഭവിന് സാധിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340223/aaron-george-and-young-star-vaibhav-suryavanshi-in-the-record-books)