---
title: "'ഇന്ത്യന്‍ ടീം അതിശക്തരാണ്'; ‘ട്വന്‍റി 20 ലോകകപ്പില്‍ ഞാന്‍ പേടിക്കുന്നത് ഈ ഒറ്റക്കാര്യം’ - ധോണിയുടെ മുന്നറിയിപ്പ്"
english_title: "ms dhoni warning india t20 world cup dew factor"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340097/ms-dhoni-warning-india-t20-world-cup-dew-factor"
published_at: "2026-02-04T14:01:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6983042b9652e_msd.jpg"
keywords: []
---

# 'ഇന്ത്യന്‍ ടീം അതിശക്തരാണ്'; ‘ട്വന്‍റി 20 ലോകകപ്പില്‍ ഞാന്‍ പേടിക്കുന്നത് ഈ ഒറ്റക്കാര്യം’ - ധോണിയുടെ മുന്നറിയിപ്പ്

> **Lead Summary:** **( **[www.truevisionnews.com]** )** ട്വന്‍റി20 ലോകകിരീടം നിലനിര്‍ത്താനിറങ്ങുന്ന ഇന്ത്യന്‍ ടീമിന് മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയുടെ മുന്നറിയിപ്പ്. ഈ സമയത്ത് ഇന്ത്യയില്‍ കളിക്കുമ്പോള്‍ ഏറ്റവും ശ്രദ്ധിക്കേണ്ട ഘടകം എന്ന നിലയിലാണ് ധോണി ഒരു സുപ്രധാനകാര്യം ചൂണ്ടിക്കാട്ടുന്നത്. ‘ഇന്ത്യന്‍ ടീം അതിശക്തരാണ്. ലോകത്തെ ഏറ്റവും അപകടകാരികളായ ടീമുമാണ്.

## Article Content

**( **[www.truevisionnews.com]** )** ട്വന്‍റി20 ലോകകിരീടം നിലനിര്‍ത്താനിറങ്ങുന്ന ഇന്ത്യന്‍ ടീമിന് മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയുടെ മുന്നറിയിപ്പ്. ഈ സമയത്ത് ഇന്ത്യയില്‍ കളിക്കുമ്പോള്‍ ഏറ്റവും ശ്രദ്ധിക്കേണ്ട ഘടകം എന്ന നിലയിലാണ് ധോണി ഒരു സുപ്രധാനകാര്യം ചൂണ്ടിക്കാട്ടുന്നത്. ‘ഇന്ത്യന്‍ ടീം അതിശക്തരാണ്. ലോകത്തെ ഏറ്റവും അപകടകാരികളായ ടീമുമാണ്.

ചാംപ്യന്‍ ടീമിനുവേണ്ട എല്ലാ ഘടകങ്ങളും ഒത്തിണങ്ങിയ സംഘം. അവര്‍ക്ക് ട്വന്‍റി 20യില്‍ അസാമാന്യ അനുഭവസമ്പത്തുമുണ്ട്. സമ്മര്‍ദങ്ങള്‍ അതിജീവിച്ചവരാണ്. പക്ഷേ ഫെബ്രുവരി മാസത്തിലാണ് നിങ്ങള്‍ ഇന്ത്യയില്‍ കളിക്കുന്നത് എന്നോര്‍ക്കണം’ – ക്യാപ്റ്റന്‍ കൂള്‍ പറഞ്ഞു.

‘ഫെബ്രുവരിയില്‍ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഏറ്റവും ഭയക്കേണ്ട കാര്യം അന്തരീക്ഷത്തിലെ മഞ്ഞിന്‍റെയും ഈര്‍പ്പത്തിന്‍റെയും സാന്നിധ്യമാണ്. ഇത് പലപ്പോഴും പ്രതീക്ഷകളെ അട്ടിമറിച്ചേക്കാം. ഐ ഹേറ്റ് ഡ്യൂ...’ – സ്പോര്‍ട്സ് ബ്രോഡ്കാസ്റ്റര്‍ ജതിന്‍ സപ്രുവിന് നല്‍കിയ അഭിമുഖത്തില്‍ ധോണി പറഞ്ഞു.

താന്‍ രാജ്യാന്തര ക്രിക്കറ്റില്‍ കളിക്കുമ്പോഴും ഏറ്റവും കൂടുതല്‍ ഭയപ്പെട്ടിരുന്നതും ഈ സാഹചര്യമായിരുന്നുവെന്ന് എം.എസ്. തുറന്നുപറഞ്ഞു. മഞ്ഞുള്ളപ്പോള്‍ ടോസ് നിര്‍ണായകമാകും. മല്‍സരത്തിന്‍റെ വിധി നിര്‍ണയിക്കുന്നതില്‍ അതിന് പ്രാധാന്യം കൂടും. ടീമിന്‍റെ ഘടനയെക്കുറിച്ചും ആശയക്കുഴപ്പങ്ങള്‍ക്കിടയാക്കുമെന്നും ധോണി പറഞ്ഞു.

‘ഏതുസാഹചര്യത്തെയും നേരിടാന്‍ കെല്‍പ്പുള്ള ടീമാണ് ഇന്ത്യയ്ക്ക് ഇന്നുള്ളതെന്ന് ധോണി പറഞ്ഞു. പരുക്കുകള്‍ ഒഴിവാക്കണം. ഓരോരുത്തരും ടീം ഏല്‍പ്പിക്കുന്ന ജോലികള്‍ കൃത്യമായി ചെയ്യണം. ലോകത്ത് ഇന്നുള്ള ഏത് ടീമിനെയും തോല്‍പ്പാക്കാന്‍ കഴിയുന്ന ശേഷി ഇന്ത്യയ്ക്കുണ്ട്. ബാക്കിയെല്ലാം വരുന്നതുപോലെ.’ – 2007ല്‍ ഇന്ത്യയ്ക്ക് ആദ്യ ലോകകപ്പ് നേടിത്തന്ന ക്യാപ്റ്റന്‍ പറഞ്ഞു.

രോഹിത് ശര്‍മയെയും വിരാട് കോലിയെയും അടുത്ത ഏകദിന ലോകകപ്പില്‍ കളിപ്പിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നാണ് എം.എസ്.ധോണിയുടെ അഭിപ്രായം. പ്രായമല്ല, പ്രകടനവും ഫിറ്റ്നസുമാകണം ലോകകപ്പ് ടീം തിരഞ്ഞെടുപ്പില്‍ മാനദണ്ഡമെന്ന് ധോണി തുറന്നടിച്ചു.

‘രോഹിത്തും കോലിയും നന്നായി കളിക്കുന്നുണ്ടെങ്കില്‍, ശാരീരികക്ഷമത തെളിയിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക് അവസരം ലഭിക്കണം. അല്ലാതെ പ്രായം നോക്കിയല്ല തീരുമാനിക്കേണ്ടത്.’‘രോ–കോ’ തിളങ്ങുന്ന ഫോമില്‍ നില്‍ക്കുമ്പോഴും ലോകകപ്പ് ടീമിലെ ഇടം സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന് കോച്ച് ഗൗതം ഗംഭീര്‍ ഒഴിഞ്ഞുമാറുമ്പോഴാണ് ധോണിയുടെ നിലപാട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340097/ms-dhoni-warning-india-t20-world-cup-dew-factor)