---
title: "'ആ അധമ മാപ്ര നീയാണ് ഹാഷ്മീ..നീ മാത്രമാണ്'; രാഹുൽ മാങ്കൂട്ടത്തിന് അഭിമുഖം ഒരുക്കിയ 24 ചാനലിനും ഹാഷ്മിക്കുമെതിരെ വ്യാപക സൈബർ വിമർശനം"
english_title: "Widespread cyber criticism against 24 Channel and Hashmi for interviewing rahul mamkootathil"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340023/widespread-cyber-criticism-against-24-channel-and-hashmi-for-interviewing-rahul-mamkootathil"
published_at: "2026-02-04T11:00:00+05:30"
category: "Talks & Topics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6982df4730f74_hashmi.jpg"
keywords: []
---

# 'ആ അധമ മാപ്ര നീയാണ് ഹാഷ്മീ..നീ മാത്രമാണ്'; രാഹുൽ മാങ്കൂട്ടത്തിന് അഭിമുഖം ഒരുക്കിയ 24 ചാനലിനും ഹാഷ്മിക്കുമെതിരെ വ്യാപക സൈബർ വിമർശനം

> **Lead Summary:** 'ആ അധമ മാപ്ര നീയാണ് ഹാഷ്മീ..നീ മാത്രമാണ്..കൊലപാതകത്തിൽ ഞെട്ടി കഥാപ്രസംഗം അവതരിപ്പിച്ചിട്ട് കൊലയാളിക്കൊപ്പം ആഘോഷിക്കുന്ന മാധ്യമ തെമ്മാടി..!! പിച്ചി ചീന്തപെടുന്ന ഇരകൾക്ക്‌ വേണ്ടിയെന്ന മട്ടിൽ കഥാപ്രസംഗം അവതരിപ്പിച്ചിട്ട് വേട്ടക്കാരനെ വെളുപ്പിക്കാൻ വെള്ളിക്കാശ് വാങ്ങുന്ന മാധ്യമ തെമ്മാടി.. ആ അധമ മാപ്ര നീയാണ് ഹാഷ്മീ..നീ മാത്രമാണ്'.....

## Article Content

'ആ അധമ മാപ്ര നീയാണ് ഹാഷ്മീ..നീ മാത്രമാണ്..കൊലപാതകത്തിൽ ഞെട്ടി കഥാപ്രസംഗം അവതരിപ്പിച്ചിട്ട് കൊലയാളിക്കൊപ്പം ആഘോഷിക്കുന്ന മാധ്യമ തെമ്മാടി..!! പിച്ചി ചീന്തപെടുന്ന ഇരകൾക്ക്‌ വേണ്ടിയെന്ന മട്ടിൽ കഥാപ്രസംഗം അവതരിപ്പിച്ചിട്ട് വേട്ടക്കാരനെ വെളുപ്പിക്കാൻ വെള്ളിക്കാശ് വാങ്ങുന്ന മാധ്യമ തെമ്മാടി.. ആ അധമ മാപ്ര നീയാണ് ഹാഷ്മീ..നീ മാത്രമാണ്'.....

ലൈംഗീക അത്രിക്രമ കേസിൽ ജയിൽ മോചിതനായ പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിനെ അഭിമുഖം നടത്തിയ 24 ന്യൂസ് ചാനലിനും അവതാരകൻ ഹാഷ്മി താജ് ഇബ്രാഹിമിനെതിരെ വ്യാപക പ്രതിഷേധം. വീണ്ടും വീണ്ടും വെളുപ്പിച്ച് പി ആർ വർക്കെല്ലാം നടത്തി രാഹുലിനെ പാലക്കാടിലേക്ക് എത്തിക്കാനാണോ തീരുമാനം എന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഉയരുന്ന ചോദ്യങ്ങൾ.

നേരത്തെ പല ലൈംഗീക ആരോപണങ്ങളും ഉയർന്ന് നിൽക്കെ പെൺകുട്ടികൾക്കെതിരെ അസഭ്യ വർഷവും ഭീഷണിയുമൊക്കെയടങ്ങുന്ന ശബ്ദ രേഖകൾ പുറത്ത് വന്നപ്പോഴൊക്കെ രാഹുലിനെ വെള്ള പൂശാനുള്ള വലിയ പി ആർ ശ്രമങ്ങൾ ഉണ്ടായിരുന്നു. എന്നാൽ പാർട്ടി പൂർണമായും രാഹുലിനെ തള്ളിയതോടെ അതിനൊരു ഇടവേള വന്നു. ഒടുവിൽ ജയിൽ മോചിതനായ ശേഷം പാലക്കാട്ട് എങ്ങനെയെങ്കിലും മത്സരിക്കാനുള്ള നീക്കമാണ് നടക്കുന്നത് എന്നാണ് വിമർശനങ്ങളിലൂന്നി സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം ഉയരുന്നത്. അതിന് മുന്നിൽ നിന്ന് ചുക്കാൻ പിടിക്കുന്നത് ട്വന്റി ഫോർ ന്യൂസ് ചാനൽ ആണെന്നുമാണ് വിമർശനം.

പാർട്ടിയെ സമ്മർദ്ദത്തിലാക്കാൻ വേണ്ടിയാണ് രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നതെ ന്നും പല മാധ്യമങ്ങളിലും വിളിച്ച് അഭിമുഖം തരാം അഭിമുഖം എടുക്കണം എന്നെല്ലാം പറയുന്നുണ്ടെന്നെല്ലാം വിമർശനം ഉയരുന്നു.

ധാർമിക പ്രസംഗങ്ങളിൽ കുറച്ചെങ്കിലും ആത്മാർഥതയുണ്ടെങ്കിൽ മുറിവേറ്റ ഈ മനുഷ്യരെക്കൂടി ഒന്ന് കേൾക്കണമായിരുന്നു എന്ന് പറഞ്ഞാണ് മാധ്യമ പ്രവർത്തക കൂടിയായ ലക്ഷ്മി പദ്മ തന്റെ പ്രതിഷേധം അറിയിച്ചത്. ചാനൽ അഭിമുഖത്തിൽ രാഹുൽ നിഷേധിച്ച പല വസ്തുതകളുടെയും തെളിവുകൾ ഉൾപ്പെടെ പുറത്തിട്ടാണ് ലക്ഷ്മി പദ്മ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്.

അത്യന്തം നിഷ്ഠൂരമായ ലൈംഗിക അതിക്രമങ്ങൾ മാധ്യമമേഖലയിൽ തന്നെയുള്ള മറ്റ് സ്ത്രീകൾക്കെതിരെ ഉണ്ടായി എന്നറിഞ്ഞിട്ടും (ഇതുവരെയും പരാതിപ്പെടാത്തവർ) അവയിലെക്കൊന്നും പരോക്ഷമായ ഒരു ചോദ്യമുന പോലും ഹാഷ്മിയുടെ ഭാഗത്ത് നിന്നും ഉണ്ടാകാത്തത് എന്ത് കൊണ്ടാണ്?

അതിജീവിതകൾ (പരാതിയുമായി എത്തിയവരും അല്ലാത്തവരും)സൈബർ ഇടങ്ങളിലും അല്ലാതെയും നേരിടുന്ന ആക്രമണങ്ങൾ നേരിട്ടറിയാവുന്ന ഹാഷ്മി..അവരൊക്കെ മരണക്കയത്തിലേക്ക് പോകാതെ പിടിച്ചു നിൽക്കുന്നതിന്റെ അധ്വാനം കുറെ ഒക്കെ മനസിലാക്കിയ ഹാഷ്മി അവരുടെയെല്ലാം ചങ്ക് തകരുമെന്ന് നല്ല ഉറപ്പുണ്ടായിട്ടും ഇങ്ങനെ ഒരു വേട്ടക്കാരന് സ്പേസ് ഒരുക്കും മുമ്പ് മിനിമം ഹോം വർക്ക് ചെയ്യണമായിരുന്നു എന്നെല്ലാമാണ് പ്രതിഷേധ മുനകൾ.

അവൻ എന്ത് ചെയ്തു, എങ്ങിനെയൊക്കെ പെരുമാറി, എന്തൊക്ക ക്രൂരതകൾ കാണിച്ചു എന്ന് ഇരകളുടെ ശബ്ദത്തിൽ, അവരുടെ ദയനീയ രോദനങ്ങളിൽ, ഡിജിറ്റൽ തെളിവുകളിൽ കേരളം കേട്ടതാണ്, കണ്ടതാണ്. അവയെ മായ്ച്ചു കളയാൻ ഒരു പി ആർ അഭിമുഖത്തിനും കഴിയില്ലെന്നും വാദങ്ങൾ ഉയരുന്നു.

അതേസമയം ഏത് കുറ്റാരോപിതനും, അവൻ എത്ര ഗുരുതരമായ കുറ്റം ആരോപിക്കപ്പെട്ടവനായാലും, ജനാധിപത്യ വ്യവസ്ഥയിലും ഇന്ത്യൻ നിയമസംഹിതയിലും അവന് തന്റെ ഭാഗം പറയാനുള്ള അവകാശമുണ്ടെന്നും, ഇന്നത്തെ കാലത്ത് മാധ്യമങ്ങളിലൂടെ ഒരാൾക്കെതിരെ ആരോപണം ഉയർന്നാൽ, അതേ മാധ്യമങ്ങളിലൂടെ തന്നെ ആ പ്രതിക്ക് മറുപടി പറയാനും വിശദീകരിക്കാനും അവകാശമുണ്ട് എന്ന് പറഞ്ഞ് അഭിമുഖത്തെ അനുകൂലിക്കുന്നവരും സാമൂഹ്യ മാധ്യമങ്ങളിൽ തങ്ങളുടെ ഭാഗം വ്യക്തമാക്കുന്നുണ്ട്.

ഈ അവകാശത്തോടുള്ള അസഹിഷ്ണുത എന്തിനാണ്? മുൻവിധിയും മുൻകൂട്ടിയുള്ള കുറ്റവിചാരണയും എന്തിനാണ്? അവൻ പറയട്ടെ, നമുക്ക് കേൾക്കാം.അന്തിമ വിധി പറയേണ്ടത് നിങ്ങളും ഞങ്ങളുമ്മല്ല. ഈ രാജ്യത്തിന്റെ പരമാധികാര നിയമസംഹിതയ്ക്കാണ് അത് പറയാനുള്ള അധികാരം. അത് വരെയുള്ള സമയം, അവനെ കേൾക്കേണ്ടത് നമ്മുടെ കടമയാണെന്നും . ജനാധിപത്യം എന്നത് വെറും മുദ്രാവാക്യം മാത്രമല്ല, അത് പ്രയോഗമാണെന്നും ചിലർ പറഞ്ഞു വെക്കുന്നു.

ഒരു തരത്തിൽ പറഞ്ഞാൽ കുറ്റാരോപണം തെളിയിക്കപ്പെടുന്നതുവരെ ഒരാൾ കുറ്റവാളിയല്ല. ഇതാണ് ജനാധിപത്യത്തിന്റെയും ഇന്ത്യൻ നിയമ വ്യവസ്ഥതയുടെയും അടിസ്ഥാന പാഠം. ഇത് മറന്ന നിമിഷം നാം നിയമരാജ്യമല്ലാതായി മാറുന്നുണ്ടോ?. ആൾക്കൂട്ട വിധിയുടെ നാടായി മാറുന്നുണ്ടോ?. മാധ്യമങ്ങളിലൂടെ ഒരാളെ കുറ്റക്കാരനാക്കി തൂക്കിലേറ്റുമ്പോൾ, അവന് അതെ മാധ്യമത്തിലൂടെ സംസാരിക്കാനുള്ള അവകാശം നിഷേധിക്കുന്നത് ഏത് ജനാധിപത്യത്തിന്റെ പേരിലാണ്?.

അവൻ പറയട്ടെ. അത് കേൾക്കാൻ നിങ്ങൾക്ക് പേടിയാണോ? വിധി പറയേണ്ടത് നിങ്ങളോ ഞാനോ സോഷ്യൽ മീഡിയയോ അല്ല. ആ അധികാരം ഈ രാജ്യത്തിന്റെ പരമാധികാര നിയമസംഹിതയ്ക്കാണ്. അത് വരെയുള്ള കാലം ഒരാളെ മൗനം പാലിപ്പിക്കുന്നത് നീതിയല്ല, മുൻവിധിയും അസഹിഷ്ണുതയും ചേർന്നാൽ നിയമം അനാവശ്യമായി മാറും. ജനാധിപത്യം ഒരു നാടകവേദിയാകും. കേൾക്കുക, വിമർശിക്കുക, എന്നാൽ വിധി പറയരുത്. തെറ്റ് ചെയ്യാത്തവർ കല്ലെറിയട്ടെ.

ഒരു കാര്യം കൂടി പറഞ്ഞ് നിർത്തട്ടെ പ്രമുഖരെ മാത്രം ഇത്തരം സന്ദർഭങ്ങളിൽ അഭിമുഖത്തിനായി പരിഗണിക്കുമ്പോൾ സാധാരണക്കാർ ഒറ്റപ്പെടുകയല്ലേ?. പി ആർ വർക്കും അഭിമുഖങ്ങളിലൂടെയും രാക്ഷ്ട്രീയ നേതാക്കളെയും പ്രമുഖരെയും വെളുപ്പിച്ചെടുക്കുമ്പോൾ ഇത്തരം പ്രശ്നങ്ങളിൽ നിശ്ശബ്ദമാകുന്ന സാധാരണക്കാരിലേക്കും മാധ്യമങ്ങളും പൊതു സമൂഹവും എത്തേണ്ടതുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340023/widespread-cyber-criticism-against-24-channel-and-hashmi-for-interviewing-rahul-mamkootathil)