---
title: "'സോണിയ ഗാന്ധിയെ അപമാനിക്കുന്നു'; മന്ത്രിമാർക്കെതിരെ വി.ഡി സതീശൻ, സഭയിൽ വൻ വാക്പോര്"
english_title: "'Insulting Sonia Gandhi'; VDSatheesan against ministers"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340018/insulting-sonia-gandhi-vdsatheesan-against-ministers"
published_at: "2026-02-04T10:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6982d42255de4_sabha.jpg"
keywords: []
---

# 'സോണിയ ഗാന്ധിയെ അപമാനിക്കുന്നു'; മന്ത്രിമാർക്കെതിരെ വി.ഡി സതീശൻ, സഭയിൽ വൻ വാക്പോര്

> **Lead Summary:** **തിരുവനന്തപുരം: ** മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വാസ്തവവിരുദ്ധമായ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

## Article Content

**തിരുവനന്തപുരം: ** മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വാസ്തവവിരുദ്ധമായ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

ചോദ്യോത്തര വേളയിലുടനീളം മന്ത്രിമാർ മൈക്ക് ലഭിക്കുമ്പോഴെല്ലാം സോണിയ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ വ്യക്തിപരമായി അപമാനിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി.

സോണിയ ഗാന്ധിയെ കൊട്ടാനുള്ള അവസരം നൽകുന്നത് പ്രതിപക്ഷ നേതാവാണെന്ന് എം.ബി രാജേഷ് പ്രതികരിച്ചു. ഇവിടെ ആരും സോണിയ ഗാന്ധിയെ അധിക്ഷേപിക്കുന്നില്ല. തെരുവിലിട്ട് ചെണ്ട കൊട്ടുന്നതുപോലെ കൊട്ടാനുള്ള അവസരം ഉണ്ടാക്കുന്നത് പ്രതിപക്ഷ നേതാവാണ്.

ഉണ്ണികൃഷ്ണൻ പോറ്റിയെ രണ്ടുതവണ സോണിയ ഗാന്ധിക്കൊപ്പം നിർത്തുന്നു. സ്വർണം കട്ടവരെ സോണിയ ഗാന്ധിയ്ക്കടുത്ത് കൊണ്ടുപോയത് ആരാണെന്ന് പ്രതിപക്ഷ നേതാവ് പറയണം. അങ്ങനെ പറഞ്ഞാൽ സോണിയ ഗാന്ധിക്ക് പത്തരമാറ്റിന്റെ തിളക്കം ഉണ്ടാകുമെന്നും രാജേഷ് പറഞ്ഞു.

ഡൽഹിയിൽ വംശഹത്യയ്ക്ക് ആഹ്വാനം ചെയ്ത അനുരാഗ് ഠാക്കൂറിനെ കെട്ടിപ്പിടിച്ച് ഫോട്ടോയിട്ട ആളാണ് എം.ബി രാജേഷ് എന്ന് വി.ഡി സതീശൻ തിരിച്ചടിച്ചു. ലാവലിൻ കേസിൽ ചീഫ് ജസ്റ്റിസ് ബാലിക്കെതിരെ സമരം നടത്തിയ ആളാണ് രാജേഷ്.

ഇരട്ടത്താപ്പുള്ളവർ ഭരണപക്ഷത്തുള്ളവാരാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. ഇതിന് പ്രതികരണമായി നരേന്ദ്രമോദിയെ പോയി കെട്ടിപ്പിടിച്ചത് രാഹുൽ ഗാന്ധിയാണെന്നും ഗോൾവാക്കറുടെ മുന്നിൽ വളഞ്ഞു നിന്ന് വിളക്ക് കൊളുത്തിയത് പ്രതിപക്ഷ നേതാവാണെന്നും മന്ത്രി എം.ബി രാജേഷ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340018/insulting-sonia-gandhi-vdsatheesan-against-ministers)