---
title: "പാര്‍ട്ടിയില്‍ കുടിവെള്ളം ചോദിച്ചതിനു പിന്നാലെ തര്‍ക്കം; മര്‍ദ്ദനമേറ്റ് രക്തക്കുഴലുകള്‍ പൊട്ടി, ബിസിനസുകാരന് ദാരുണാന്ത്യം"
english_title: "Businessman dies after being beaten after argument over drinking water at party"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339992/businessman-dies-after-being-beaten-after-argument-over-drinking-water-at-party"
published_at: "2026-02-04T08:33:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6982b78209099_murder.jpg"
keywords: []
---

# പാര്‍ട്ടിയില്‍ കുടിവെള്ളം ചോദിച്ചതിനു പിന്നാലെ തര്‍ക്കം; മര്‍ദ്ദനമേറ്റ് രക്തക്കുഴലുകള്‍ പൊട്ടി, ബിസിനസുകാരന് ദാരുണാന്ത്യം

> **Lead Summary:** **( **[www.truevisionnews.com]** )** ഡല്‍ഹി കൊണാട്ട് പ്ലേസില്‍ പാര്‍ട്ടിക്കിടെ മര്‍ദനമേറ്റ വ്യാപാരിക്ക് ദാരുണാന്ത്യം. സംഭവത്തില്‍ മൂന്ന് ഭക്ഷണവിതരണ ജീവനക്കാര്‍ പിടിയിലായി. ജനുവരി 2നാണ് രാജിവ് ചൗക് മെട്രോ സ്റ്റേഷനടുത്തുവച്ച് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. സുഹൃത്തിനൊപ്പം നൈറ്റ് പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു 36കാരനായ ശിവം ഗുപ്ത.

## Article Content

**( **[www.truevisionnews.com]** )** ഡല്‍ഹി കൊണാട്ട് പ്ലേസില്‍ പാര്‍ട്ടിക്കിടെ മര്‍ദനമേറ്റ വ്യാപാരിക്ക് ദാരുണാന്ത്യം. സംഭവത്തില്‍ മൂന്ന് ഭക്ഷണവിതരണ ജീവനക്കാര്‍ പിടിയിലായി. ജനുവരി 2നാണ് രാജിവ് ചൗക് മെട്രോ സ്റ്റേഷനടുത്തുവച്ച് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. സുഹൃത്തിനൊപ്പം നൈറ്റ് പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു 36കാരനായ ശിവം ഗുപ്ത.

ഭക്ഷണവിതരണ ശൃംഖലയിലെ ജീവനക്കാരോട് കുടിക്കാന്‍ വെള്ളം ചോദിച്ചതോടെയാണ് ശിവം ഗുപ്തയുമായി തര്‍ക്കം ആരംഭിക്കുന്നത്. തര്‍ക്കം അധികം വൈകാതെ കയ്യാങ്കളിയിലെത്തി. മൂന്ന് ജീവനക്കാര്‍ ചേര്‍ന്ന് ശിവം ഗുപ്തയെ ഹെല്‍മറ്റ് ഉപയോഗിച്ചുള്‍പ്പെടെ തലങ്ങും വിലങ്ങും മര്‍ദിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. മര്‍ദിക്കുകയും ചവിട്ടി വീഴ്ത്തുകയും ചെയ്തതോടെ ശിവം ഗുപ്ത ചോരയൊലിച്ച് റോഡിലേക്ക് ബോധരഹിതനായി വീണു.

ജനുവരി മൂന്നിന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം പൊലീസ് അറിയുന്നത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്‍കി. ഗുരുതരമായ പരുക്കായിരുന്നു വ്യാപാരിക്ക് തലയില്‍ ഉള്‍പ്പെടെ സംഭവിച്ചത്. രക്തക്കുഴലുകളെല്ലാം പൊട്ടിയ നിലയിലായിരുന്നു. പൊലീസിനു മൊഴിയെടുക്കാന്‍ പോലും സാധിച്ചിരുന്നില്ല. പിറ്റേ ദിവസം ആരോഗ്യാവസ്ഥ വീണ്ടും ഗുരുതരമായതിനാല്‍ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലേക്ക് മാറ്റി.

അടിയന്തര ശസ്ത്രക്രിയകള്‍ നടത്തിയെങ്കിലും അപകടനില തരണം ചെയ്തില്ലെന്ന് ഡോക്ടര്‍മാര്‍ കുടുംബത്തെ അറിയിച്ചു. ഒടുവില്‍ ജനുവരി 19ന് ശിവം മരണത്തിനു കീഴടങ്ങുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ ഉള്‍പ്പെടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പൊലീസ് മൂന്നുപ്രതികളെ അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339992/businessman-dies-after-being-beaten-after-argument-over-drinking-water-at-party)