---
title: "കേരളത്തിന്റെ കയറിന് യുഎസ് വിപണിയിൽ പുത്തൻ ഉണർവ്; ട്രംപിന്റെ തീരുവ ഇളവ് വ്യവസായ മേഖലയ്ക്ക് ആശ്വാസമാകുന്നു"
english_title: "Trump's tariff relief is a relief for the industrial sector"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339903/trumps-tariff-relief-is-a-relief-for-the-industrial-sector"
published_at: "2026-02-03T15:49:00+05:30"
category: "Business"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6981cbf7936e1_BUISNESS.jpg"
keywords: []
---

# കേരളത്തിന്റെ കയറിന് യുഎസ് വിപണിയിൽ പുത്തൻ ഉണർവ്; ട്രംപിന്റെ തീരുവ ഇളവ് വ്യവസായ മേഖലയ്ക്ക് ആശ്വാസമാകുന്നു

> **Lead Summary:** **[**കേരളത്തിന്റെ പരമ്പരാഗത വ്യവസായമായ കയർ മേഖലയ്ക്ക് പുതുജീവൻ പകർന്നു കൊണ്ട് ഇന്ത്യ-യുഎസ് വ്യാപാര കരാർ യാഥാർത്ഥ്യമാകുന്നു. ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചുമത്തിയിരുന്ന 50 ശതമാനം പ്രതികാര തീരുവ 18 ശതമാനത്തിലേക്ക് കുറച്ചതാണ് കേരളത്തിലെ കയർ കയറ്റുമതിക്കാർക്ക് വലിയ ആശ്വാസമാകുന്നത്.

## Article Content

**[**കേരളത്തിന്റെ പരമ്പരാഗത വ്യവസായമായ കയർ മേഖലയ്ക്ക് പുതുജീവൻ പകർന്നു കൊണ്ട് ഇന്ത്യ-യുഎസ് വ്യാപാര കരാർ യാഥാർത്ഥ്യമാകുന്നു. ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചുമത്തിയിരുന്ന 50 ശതമാനം പ്രതികാര തീരുവ 18 ശതമാനത്തിലേക്ക് കുറച്ചതാണ് കേരളത്തിലെ കയർ കയറ്റുമതിക്കാർക്ക് വലിയ ആശ്വാസമാകുന്നത്.

കഴിഞ്ഞ വർഷം തീരുവ കുത്തനെ വർദ്ധിപ്പിച്ചതോടെ പ്രതിസന്ധിയിലായ ഈ മേഖല, പുതിയ കരാറോടെ വരും വർഷങ്ങളിൽ വലിയ കുതിച്ചുചാട്ടത്തിന് ഒരുങ്ങുകയാണ്. പത്ത് ലക്ഷത്തോളം തൊഴിലാളികൾ ഉപജീവനം കണ്ടെത്തുന്ന ഈ രംഗത്ത്, പുതിയ ഇളവുകൾ പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ തന്നെ ഉത്തേജിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇന്ത്യയിൽ നിന്നുള്ള ആകെ കയർ കയറ്റുമതിയുടെ 40 ശതമാനവും അമേരിക്കൻ വിപണിയിലേക്കാണ് പോകുന്നത്. എന്നാൽ കഴിഞ്ഞ ജൂൺ-ജൂലൈ മാസങ്ങളിൽ തീരുവ 50 ശതമാനമായി ഉയർന്നതോടെ അമേരിക്കയിലേക്കുള്ള കയറ്റുമതി ഏകദേശം പൂർണ്ണമായും നിലച്ചിരുന്നു.

ക്രിസ്മസ് വിപണി ലക്ഷ്യമിട്ടുള്ള വ്യാപാരത്തെ ഇത് സാരമായി ബാധിക്കുകയും ആദ്യ മൂന്ന് മാസങ്ങളിൽ മാത്രം 400 കോടി രൂപയുടെ നഷ്ടം കണക്കാക്കുകയും ചെയ്തിരുന്നു. പ്രതിസന്ധി രൂക്ഷമായതോടെ കേരളത്തിലെ കമ്പനികളോട് പ്രവർത്തനം ശ്രീലങ്ക പോലുള്ള രാജ്യങ്ങളിലേക്ക് മാറ്റാൻ പോലും അമേരിക്കൻ വ്യാപാരികൾ നിർദ്ദേശിച്ചിരുന്നു.

എന്നാൽ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത കേരളത്തിൽ മാത്രമായതിനാൽ വ്യവസായികൾ ഈ വെല്ലുവിളി അതിജീവിച്ചു. ഇന്ത്യ യുഎസുമായി നടത്തിയ നയതന്ത്ര നീക്കങ്ങൾ മികച്ച ഫലം കണ്ടുവെന്നാണ് കേരള കയർ ഷിപ്പേഴ്‌സ് കൗൺസിൽ പ്രസിഡന്റ് അർജുൻ മഹാദേവൻ നിരീക്ഷിക്കുന്നത്.

യൂറോപ്യൻ യൂണിയനുമായി കരാറിലെത്തിയ ഇന്ത്യയുടെ നീക്കം ട്രംപിനെ വേഗത്തിൽ ചർച്ചകൾക്ക് പ്രേരിപ്പിച്ചുവെന്നും, ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ തീരുവ ഇന്ത്യയ്ക്ക് ലഭിച്ചത് കയറ്റുമതി മേഖലയ്ക്ക് വലിയ കരുത്താവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

വ്യാപാര കരാർ വന്നതോടെ കൂടുതൽ നിക്ഷേപങ്ങൾ ഈ മേഖലയിലേക്ക് ഒഴുകുമെന്നും തൊഴിലാളികൾക്ക് കൂടുതൽ തൊഴിൽ ദിനങ്ങൾ ലഭ്യമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. തീരുവ കുറഞ്ഞ സാഹചര്യത്തിൽ യുഎസ് വിപണിയിലേക്ക് വീണ്ടും സജീവമായി കടന്നുചെല്ലാനുള്ള ഒരുക്കത്തിലാണ് കേരള കയർ കോർപറേഷനും.

വരാനിരിക്കുന്ന ജൂൺ - ജൂലൈ മാസങ്ങളിൽ വലിയ തോതിലുള്ള കയറ്റുമതി സാധ്യമാക്കുന്നതിനായി അമേരിക്കൻ വ്യാപാരികളുമായി ചർച്ചകൾ ആരംഭിച്ചതായി കോർപറേഷൻ എംഡി പ്രതീഷ് ജി പണിക്കർ വ്യക്തമാക്കി. കഴിഞ്ഞ രണ്ട് വർഷത്തെ നഷ്ടം നികത്തി വമ്പിച്ച ഓർഡറുകൾ സ്വന്തമാക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് കേരളത്തിലെ കയർ വ്യവസായികൾ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339903/trumps-tariff-relief-is-a-relief-for-the-industrial-sector)