---
title: "സൗദി ലീഗിൽ വൻ പൊട്ടിത്തെറി; അൽ നസറിനെ കൈവിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ, കാരണം ഇതാണ്!"
english_title: "Cristiano Ronaldo leaves Al Nasr"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339898/cristiano-ronaldo-leaves-al-nasr"
published_at: "2026-02-03T15:39:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6981c9d41fa25_SPORTS.jpg"
keywords: []
---

# സൗദി ലീഗിൽ വൻ പൊട്ടിത്തെറി; അൽ നസറിനെ കൈവിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ, കാരണം ഇതാണ്!

> **Lead Summary:** **[**സൗദി പ്രോ ലീഗിൽ അപ്രതീക്ഷിത ട്വിസ്റ്റുകൾക്ക് തുടക്കമിട്ടുകൊണ്ട് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും അൽ നസർ മാനേജ്‌മെന്റും തമ്മിലുള്ള ഭിന്നത പരസ്യമാകുന്നു. കഴിഞ്ഞ ദിവസം നടന്ന അൽ റിയാദ് - അൽ നസർ മത്സരത്തിൽ പ്ലേയിങ് ഇലവനിലോ സബ്സ്റ്റിറ്റ്യൂട്ടുകളുടെ പട്ടികയിലോ റൊണാൾഡോയുടെ പേര് ഇല്ലാതിരുന്നത് ആരാധകരെ ഞെട്ടിച്ചിരുന്നു.

## Article Content

**[**സൗദി പ്രോ ലീഗിൽ അപ്രതീക്ഷിത ട്വിസ്റ്റുകൾക്ക് തുടക്കമിട്ടുകൊണ്ട് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും അൽ നസർ മാനേജ്‌മെന്റും തമ്മിലുള്ള ഭിന്നത പരസ്യമാകുന്നു. കഴിഞ്ഞ ദിവസം നടന്ന അൽ റിയാദ് - അൽ നസർ മത്സരത്തിൽ പ്ലേയിങ് ഇലവനിലോ സബ്സ്റ്റിറ്റ്യൂട്ടുകളുടെ പട്ടികയിലോ റൊണാൾഡോയുടെ പേര് ഇല്ലാതിരുന്നത് ആരാധകരെ ഞെട്ടിച്ചിരുന്നു.

പരിക്ക് പോലുള്ള ശാരീരിക പ്രശ്നങ്ങളില്ലാതിരുന്നിട്ടും താരം വിട്ടുനിന്നത് ക്ലബ്ബിനോടുള്ള പ്രതിഷേധ സൂചകമാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സൗദി പ്രോ ലീഗിലെ ക്ലബ്ബുകളുടെ നിയന്ത്രണമുള്ള പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ (PIF) നിലപാടുകളോടുള്ള വിയോജിപ്പാണ് ഈ കടുത്ത തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.

സൗദിയിലെ പ്രധാന ക്ലബ്ബുകളായ അൽ ഹിലാൽ, അൽ നസർ, അൽ അഹ്ലി, അൽ ഇത്തിഹാദ് എന്നിവയുടെ 75 ശതമാനം ഉടമസ്ഥാവകാശവും പി.ഐ.എഫിനാണ്. എന്നാൽ ട്രാൻസ്ഫർ വിൻഡോകളിൽ പി.ഐ.എഫ് തുല്യനീതി പാലിക്കുന്നില്ലെന്നും പ്രധാന എതിരാളികളായ അൽ ഹിലാലിന് കൂടുതൽ മുൻഗണന നൽകുന്നുവെന്നുമാണ് റൊണാൾഡോയുടെ പ്രധാന ആരോപണം.

അൽ ഹിലാൽ കരീം ബെൻസിമയെയും പാബ്ലോ മാരിയെയും പോലുള്ള വമ്പൻ താരങ്ങളെ ടീമിലെത്തിച്ച് കരുത്ത് വർദ്ധിപ്പിക്കുമ്പോൾ, അൽ നസർ ഇറാഖി താരം ഹയ്ദീർ അബ്ദുൾ കരീമിനെ മാത്രമാണ് സ്വന്തമാക്കിയത്. ലീഗ് കിരീടത്തിനായി കടുത്ത പോരാട്ടം നടക്കുന്ന സാഹചര്യത്തിൽ ടീമിനെ ശക്തിപ്പെടുത്താത്ത മാനേജ്‌മെന്റ് നിലപാടിനെതിരെയാണ് താരം വിരൽ ചൂണ്ടുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് അൽ നസറിലെത്തിയ ശേഷം ഗോൾ വേട്ട തുടരുമ്പോഴും ഒരു ലീഗ് കിരീടം പോലും നേടാൻ കഴിയാത്തത് പോർച്ചുഗൽ നായകനെ നിരാശനാക്കുന്നുണ്ട്. 41-ാം വയസ്സിലേക്ക് അടുക്കുന്ന റൊണാൾഡോ ഈ സീസണിലും 17 ഗോളുകളുമായി മികച്ച ഫോമിലാണെങ്കിലും ടീം എന്ന നിലയിൽ അൽ നസർ പിന്നോട്ടുപോകുന്നു എന്ന ആകുലത താരത്തിനുണ്ട്.

അൽ ഹിലാലുമായി ലീഗിൽ കേവലം ഒരു പോയിന്റ് വ്യത്യാസം മാത്രമുള്ളപ്പോൾ പ്രമുഖ താരങ്ങളെ ടീമിലെത്തിക്കാൻ മാനേജ്‌മെന്റ് കാണിക്കുന്ന വിമുഖതയാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്. ഈ ബഹിഷ്കരണം സൗദി ലീഗിൽ ക്രിസ്റ്റ്യാനോയുടെ ഭാവി തന്നെ അനിശ്ചിതത്വത്തിലാക്കിയേക്കാം എന്ന ചർച്ചകളും സജീവമാണ്.

നിലവിൽ 1000 ഗോളുകൾ എന്ന മാന്ത്രിക സംഖ്യയിലേക്കും അടുത്ത ലോകകപ്പിലേക്കും ഉറ്റുനോക്കുന്ന സി.ആർ സെവനെ സംബന്ധിച്ചിടത്തോളം ഈ തർക്കം നിർണ്ണായകമാണ്. ക്ലബ്ബ് അധികൃതരും പി.ഐ.എഫും താരത്തിന്റെ പരാതികൾ പരിഗണിക്കുമോ അതോ ഈ വിള്ളൽ കൂടുതൽ വലിയ തീരുമാനങ്ങളിലേക്ക് നയിക്കുമോ എന്നാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339898/cristiano-ronaldo-leaves-al-nasr)