---
title: "'ഇഞ്ചിയും കറ്റാർവാഴയും മുതൽ ഓട്‌സ് വരെ': നെഞ്ചെരിച്ചിൽ അകറ്റാൻ ചില പ്രകൃതിദത്ത വഴികൾ ഇതാ..."
english_title: "Some natural ways to get rid of heartburn"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339892/some-natural-ways-to-get-rid-of-heartburn"
published_at: "2026-02-03T15:29:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6981c701a82e2_HEALTH.jpg"
keywords: []
---

# 'ഇഞ്ചിയും കറ്റാർവാഴയും മുതൽ ഓട്‌സ് വരെ': നെഞ്ചെരിച്ചിൽ അകറ്റാൻ ചില പ്രകൃതിദത്ത വഴികൾ ഇതാ...

> **Lead Summary:** **[ **ഇന്നത്തെ കാലത്ത് പലരെയും അലട്ടുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് ആസിഡ് റിഫ്ലക്സ് അഥവാ നെഞ്ചെരിച്ചിൽ. ഭക്ഷണത്തിന് ശേഷമുണ്ടാകുന്ന പുളിച്ച് തികട്ടൽ, തൊണ്ടയിലും വായിലും അനുഭവപ്പെടുന്ന പുളിരസം, ഭക്ഷണം ഇറക്കാനുള്ള പ്രയാസം എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്.

## Article Content

**[ **ഇന്നത്തെ കാലത്ത് പലരെയും അലട്ടുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് ആസിഡ് റിഫ്ലക്സ് അഥവാ നെഞ്ചെരിച്ചിൽ. ഭക്ഷണത്തിന് ശേഷമുണ്ടാകുന്ന പുളിച്ച് തികട്ടൽ, തൊണ്ടയിലും വായിലും അനുഭവപ്പെടുന്ന പുളിരസം, ഭക്ഷണം ഇറക്കാനുള്ള പ്രയാസം എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്.

പലപ്പോഴും സാധാരണമായ ഒരു അസ്വസ്ഥതയായി നമ്മൾ ഇതിനെ തള്ളിക്കളയാറുണ്ടെങ്കിലും കൃത്യമായ ശ്രദ്ധ നൽകിയില്ലെങ്കിൽ ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ, കൃത്രിമ നിറങ്ങൾ ചേർത്ത വിഭവങ്ങൾ എന്നിവ ഇത്തരം അസ്വസ്ഥതകൾ വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.

ദഹനപ്രക്രിയ സുഗമമാക്കാൻ ഭക്ഷണശൈലിയിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ വലിയ ഗുണം ചെയ്യും. ഭക്ഷണം വളരെ വേഗത്തിൽ കഴിക്കുന്നതും അമിതമായി കഴിക്കുന്നതും വയറിനുള്ളിലെ സമ്മർദ്ദം വർദ്ധിപ്പിക്കാൻ കാരണമാകുന്നു. അതിനാൽ ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കുന്നത് ദഹനം എളുപ്പമാക്കാൻ സഹായിക്കും.

ഔഷധഗുണമുള്ള ഇഞ്ചി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആസിഡ് റിഫ്ലക്സ് കുറയ്ക്കാനും ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാനും മികച്ച വഴിയാണ്. ചൂടുള്ള ഇഞ്ചി ചായ കുടിക്കുന്നത് ഇത്തരം അസ്വസ്ഥതകളിൽ നിന്ന് പെട്ടെന്ന് ആശ്വാസം നൽകും.

കറ്റാർവാഴയുടെ ഉപയോഗം ദഹനനാളത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ജി.ഇ.ആർ.ഡി (GERD) പോലുള്ള പ്രശ്നങ്ങൾ നേരിടുന്നവർക്ക് കറ്റാർവാഴ നീര് ഫലപ്രദമാണ്. അതുപോലെ അസിഡിറ്റി കുറഞ്ഞ പഴങ്ങളായ വാഴപ്പഴം, ആപ്പിൾ, പിയർ, തണ്ണിമത്തൻ എന്നിവ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ദഹനാരോഗ്യം മെച്ചപ്പെടുത്തും.

നാരുകൾ ധാരാളമായി അടങ്ങിയ ഓട്‌സ് പോലുള്ള ഭക്ഷണങ്ങൾ വയറ്റിലെ അധിക ആസിഡിനെ ആഗിരണം ചെയ്യുകയും റിഫ്ലക്സ് തടയുകയും ചെയ്യുന്നു.കുടലിലെ ബാക്ടീരിയകളുടെ സന്തുലിതാവസ്ഥ നിലനിർത്താൻ പ്രോബയോട്ടിക്കുകൾ അടങ്ങിയ ഭക്ഷണങ്ങൾ സഹായിക്കും.

ഇത് ദഹനപ്രക്രിയയെ സുഗമമാക്കുകയും അസിഡിറ്റി കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ, ഭക്ഷണത്തിന് ശേഷം ചമോമൈൽ അല്ലെങ്കിൽ പെരുംജീരകം ചേർത്ത ചായ കുടിക്കുന്നത് ദഹന സംബന്ധമായ അസ്വസ്ഥതകൾ അകറ്റാൻ സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339892/some-natural-ways-to-get-rid-of-heartburn)