---
title: "ഭീതിയുടെ നാളുകൾക്ക് വിട; കെണിയിൽ കുടുങ്ങിയ കരടിയെ സുരക്ഷിതമായി തൃശൂരിലെത്തിച്ചു"
english_title: " Bear trapped in a trap safely brought to Thrissur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339842/bear-trapped-in-a-trap-safely-brought-to-thrissur"
published_at: "2026-02-03T12:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6981a2f3559a7_Bear_trapped_in_a_trap_safely_brought_to_Thrissur.jpg"
keywords: []
---

# ഭീതിയുടെ നാളുകൾക്ക് വിട; കെണിയിൽ കുടുങ്ങിയ കരടിയെ സുരക്ഷിതമായി തൃശൂരിലെത്തിച്ചു

> **Lead Summary:** മലപ്പുറം: മാസങ്ങളായി അമരമ്പലം ടി.കെ കോളനി പരിസരങ്ങളിലും ധർമ്മശാസ്താ ക്ഷേത്രമുറ്റത്തും ജനങ്ങളിൽ ഭീതി പരത്തിയ കരടി ഇനി പുത്തൂർ സുവോളജിക്കൽ പാർക്കിലെ പുതിയ അതിഥി. വനംവകുപ്പ് ഒരുക്കിയ കെണിയിൽ വീണ കരടിയെ പ്രത്യേക വാഹനത്തിൽ തൃശൂർ പുത്തൂരിലേക്ക് മാറ്റി.

## Article Content

മലപ്പുറം: മാസങ്ങളായി അമരമ്പലം ടി.കെ കോളനി പരിസരങ്ങളിലും ധർമ്മശാസ്താ ക്ഷേത്രമുറ്റത്തും ജനങ്ങളിൽ ഭീതി പരത്തിയ കരടി ഇനി പുത്തൂർ സുവോളജിക്കൽ പാർക്കിലെ പുതിയ അതിഥി. വനംവകുപ്പ് ഒരുക്കിയ കെണിയിൽ വീണ കരടിയെ പ്രത്യേക വാഹനത്തിൽ തൃശൂർ പുത്തൂരിലേക്ക് മാറ്റി.

കഴിഞ്ഞ വ്യാഴാഴ്ച അർദ്ധരാത്രിയോടെയാണ് ജനവാസ കേന്ദ്രങ്ങളെ വിറപ്പിച്ചിരുന്ന കരടി വനംവകുപ്പിന്റെ കെണിയിൽ കുടുങ്ങിയത്. തുടർന്ന് അമരമ്പലം സൗത്തിലെ ആർ.ആർ.ടി  ക്യാമ്പിലേക്ക് മാറ്റിയ കരടിയെ വനംവകുപ്പ് വെറ്ററിനറി സർജൻ ഡോ. എസ്. ശ്യാം വിശദമായി പരിശോധിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് സുവോളജിക്കൽ പാർക്കിലേക്ക് മാറ്റാൻ തീരുമാനിച്ചത്.

ആറു വയസ്സ് പ്രായം തോന്നിക്കുന്ന ആണ്‍കരടി പൂര്‍ണ ആരോഗ്യവാനാണെന്ന് കണ്ടെത്തി. നിലമ്പൂര്‍ സൗത്ത് ഡി എഫ് ഒ ജി ധനിക് ലാല്‍, കാളികാവ് റേഞ്ച് ഓഫിസര്‍ പി രാജീവ് എന്നിവരുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് കരടിയെ മാറ്റാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്. വനം വകുപ്പിന്റെ പ്രത്യേക ഉത്തരവ് ലഭിച്ചതോടെ ഞായറാഴ്ച വൈകീട്ടോടെ തൃശൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു. മലയോര മേഖലയിലെ ജനങ്ങളുടെ ഉറക്കം കെടുത്തിയിരുന്ന കരടിയെ സുരക്ഷിതമായി മാറ്റാനായതിന്റെ ആശ്വാസത്തിലാണ് നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും. കരടിയെ യാത്രയാക്കാന്‍ അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി പി അഫീഫ, മാമ്പൊയില്‍ വാര്‍ഡ് അംഗം റീന ബാബു, ചക്കിക്കുഴി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും എത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339842/bear-trapped-in-a-trap-safely-brought-to-thrissur)