---
title: "ഡിജിറ്റൽ ഇന്ത്യ, നാം കൊട്ടിപ്പാടുന്ന നേട്ടങ്ങളുടെ മറുവശം എന്ത്..?; സാങ്കേതികവിദ്യയുടെ ദൂഷ്യവശങ്ങൾ യുവതലമുറയെ അപകടക്കെണിയിൽപ്പെടുത്തി"
english_title: "The negative aspects of technology have put the younger generation in danger"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339827/the-negative-aspects-of-technology-have-put-the-younger-generation-in-danger"
published_at: "2026-02-03T12:19:00+05:30"
category: "Talks & Topics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69819b461bcad_using_phone.jpg"
keywords: []
---

# ഡിജിറ്റൽ ഇന്ത്യ, നാം കൊട്ടിപ്പാടുന്ന നേട്ടങ്ങളുടെ മറുവശം എന്ത്..?; സാങ്കേതികവിദ്യയുടെ ദൂഷ്യവശങ്ങൾ യുവതലമുറയെ അപകടക്കെണിയിൽപ്പെടുത്തി

> **Lead Summary:** **( **[www.truevisionnews.com]** )** കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ ജനുവരി 29ന് വ്യാഴാഴ്ച പാർലമെന്റിൽ അവതരിപ്പിച്ച 2025-26 വർഷത്തെ സാമ്പത്തികസർവേയിൽ അനാവൃതമായ ഒരു വസ്തുത രാജ്യത്തിന്റെയും ജനങ്ങളുടെയും ശ്രദ്ധയും നടപടിയും ആവശ്യപ്പെടുന്നതാണ്. രാജ്യത്തെ കുഞ്ഞുങ്ങളും യുവാക്കളും ഒട്ടുമുക്കാലും ഡിജിറ്റൽ അത്യാസക്തിക്ക് അടിപ്പെട്ടിരിക്കുകയാണെന്നും ഇത് രാജ്യത്തിന്റെ ഏറ്റവും മുന്തിയ മനുഷ്യവിഭവമായ യുവതയുടെ മാനസികാരോഗ്യം മാരക രീതിയിൽ ക്ഷയിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് സാമ്പത്തിക സർവേ വെളിപ്പെടുത്തിയിരിക്കുന്നത്.

## Article Content

**( **[www.truevisionnews.com]** )** കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ ജനുവരി 29ന് വ്യാഴാഴ്ച പാർലമെന്റിൽ അവതരിപ്പിച്ച 2025-26 വർഷത്തെ സാമ്പത്തികസർവേയിൽ അനാവൃതമായ ഒരു വസ്തുത രാജ്യത്തിന്റെയും ജനങ്ങളുടെയും ശ്രദ്ധയും നടപടിയും ആവശ്യപ്പെടുന്നതാണ്. രാജ്യത്തെ കുഞ്ഞുങ്ങളും യുവാക്കളും ഒട്ടുമുക്കാലും ഡിജിറ്റൽ അത്യാസക്തിക്ക് അടിപ്പെട്ടിരിക്കുകയാണെന്നും ഇത് രാജ്യത്തിന്റെ ഏറ്റവും മുന്തിയ മനുഷ്യവിഭവമായ യുവതയുടെ മാനസികാരോഗ്യം മാരക രീതിയിൽ ക്ഷയിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് സാമ്പത്തിക സർവേ വെളിപ്പെടുത്തിയിരിക്കുന്നത്.

അക്കാദമികരംഗത്തെ ഫലപ്രാപ്തിയെയും തൊഴിലിടങ്ങളിലെ ഉൽപാദനക്ഷമതയെയും ഇത് നിഷേധരീതിയിൽ ബാധിച്ചുകഴിഞ്ഞതായി റിപ്പോർട്ട് പറയുന്നു. പതിവായ ശ്രദ്ധയില്ലായ്മയും മതിയായ ഉറക്കമില്ലായ്മയും പഠനത്തിലും തൊഴിലിലും വിപരീതഫലമുളവാക്കുന്നത് നഷ്ടംവരുത്തുന്നത് സമ്പദ്‍വ്യവസ്ഥക്കുതന്നെ.

കുട്ടികളുടെയും യുവാക്കളുടെയും അമിതമായ സ്ക്രീൻടൈം മാനുഷികമായ പൊതുബന്ധങ്ങളെ ദുർബലപ്പെടുത്തുകയും അതുവഴി സാമൂഹികമൂലധനത്തെ ചോർത്തിക്കളയുകയും ചെയ്യുന്നതോടൊപ്പം മാനസികാരോഗ്യപ്രശ്നങ്ങൾ ഗുരുതരമാക്കുകയും ചെയ്യുന്നു.

പുത്തൻ ജീവിതരീതിയുടെ ഭാഗമായി മാറിക്കഴിഞ്ഞ അൾട്രാ പ്രോസസ്ഡ് ഫുഡ്സ് (യു.പി.എഫ്) എന്ന പേരിലറിയപ്പെടുന്ന കൃത്രിമനിറങ്ങളും രാസപദാർഥങ്ങളും ചേർത്ത ഹാനികരമായ ഭക്ഷണപദാർഥങ്ങൾ അമിതവണ്ണവും ദുർമേദസ്സും അടക്കമുള്ള ശാരീരിക രോഗങ്ങൾ വരുത്തിവെക്കുന്നതു പോലെതന്നെ, ഡിജിറ്റൽ അത്യാസക്തി നിലവിലെ സാമൂഹികാന്തരീക്ഷ​ത്തിൽ ഗുരുതര മാനസിക അപചയങ്ങൾക്കിടയാക്കുന്നുവെന്നാണ് റിപ്പോർട്ട് പറയുന്നത്.

രാജ്യവും ജനങ്ങളും അറിയാതെ എത്തിപ്പെട്ട സ്ഥിതിവിശേഷമല്ല ഇത്. വികസിതഭാരതം എന്ന പുതിയ ഡിജിറ്റൽ ഇന്ത്യയിലേക്കുള്ള കുതിപ്പിൽ നാം കൊട്ടിപ്പാടുന്ന നേട്ടങ്ങളുടെ മറുവശമാണ്. നമ്മൾ ആർജിച്ച പുരോഗതിയുടെ ഗുണം പുറത്തേക്കും ദോഷങ്ങൾ അകത്തേക്കും എന്നതാണ് നിലവിലെ സ്ഥിതി.

ഇന്ത്യയിൽ മാനവവിഭവശേഷിയുടെ സമ്പുഷ്ടീകരണം നടന്നുവരുന്നത് ഡിജിറ്റൽ രംഗത്തും അനുബന്ധഘടകങ്ങളിലുമാണ്. എന്നാൽ, അത് തുറന്ന അവസരങ്ങളു​ടെ സാധ്യതകൾ ക്രിയാത്മകവും സർഗാത്മകവുമായി ഉപയോഗപ്പെടുത്തുന്ന യുവത രാജ്യത്തുനിന്ന് പുറത്തുകടക്കുന്നു. വിവിധ രംഗങ്ങളിൽ നേരിടുന്ന മസ്തിഷ്‍ക ചോർച്ച സജീവ ചർച്ചയാണല്ലോ നാടെങ്ങും. മറുഭാഗത്ത്, ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ദൂഷ്യവശങ്ങൾ യുവതലമുറയെ അപകടക്കെണിയിലാണ് അകപ്പെടുത്തിയിരിക്കുന്നത്.

അറുവറുതിയിൽ എരിയുന്ന പട്ടിണിപ്പാവങ്ങൾക്ക് അന്നം നൽകുന്നതിലുംവലിയ താൽപര്യവും അടിയന്തരശ്രദ്ധയുമാണ് ‘ഡിജിറ്റൽ വിശപ്പ്’ അകറ്റാൻ ഭരണകൂടം കാണിച്ചുവരുന്നത്. ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ഡേറ്റ ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്. ആളൊന്നിന് പ്രതിമാസം ശരാശരി 36 ജി.ബി ഡേറ്റയാണ് ഉ​പഭോഗമെന്ന് മൂന്നുമാസം മുമ്പ് ‘ടൈംസ് ഓഫ് ഇന്ത്യ’ പുറത്തുവിട്ട കണക്കിൽ പറയുന്നു.

കേരളത്തിലെ ഡിജിറ്റൽ അഡിക്ഷൻ സെന്ററുകൾപോലെ, ആന്ധ്രയും ഗോവയും വിവിധ നിയമങ്ങൾ ആലോചിക്കുന്നു. പുരോഗതിക്ക് പുറംതിരിഞ്ഞുനിൽക്കുകയല്ല, അതിന്റെ വരുംവരായ്കകളെ മുൻകൂട്ടി കാണാനും മറികടക്കാനുമുള്ള ദീർഘവീക്ഷണം ഭരണകൂടത്തിന് ഇല്ലാതെ പോകുന്നതിന്റെ ദുരന്തമാണ് ആശങ്കയുണർത്തുന്ന ഈ സ്ഥിതിവിശേഷത്തിനു ഒരു തരത്തിൽ കാരണം.

ഉൽപന്നങ്ങൾ വിറ്റഴിക്കാൻ ഇറങ്ങിത്തിരിച്ച കോർപറേറ്റ് കുത്തകകൾക്ക് ലാഭക്കണ്ണ് മതി. എന്നാൽ, ജീവത്തായ ഒരു രാജ്യവും ജനതയും വേണമെന്നുള്ളവർക്ക് നാലുപാടും കൺതുറന്ന കരുതൽവേണം. ഡിജിറ്റൽ ആസക്തിയുടെ ആധിയുണർത്തുന്ന സന്ദേശം അതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339827/the-negative-aspects-of-technology-have-put-the-younger-generation-in-danger)