---
title: "'തന്നെ അന്ധനെപോലെയാക്കി, സ്പീക്കറുടെ ഡയസിലേക്ക് കയറിയുള്ള പ്രതിഷേധം അങ്ങേയറ്റം ദൗർഭാഗ്യകരം ' -  പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ സ്പീക്കർ "
english_title: "Protests on Speaker's podium, Speaker against opposition protests"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339816/protests-on-speakers-podium-speaker-against-opposition-protests"
published_at: "2026-02-03T12:01:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69819655d792c_spkr.jpg"
keywords: []
---

# 'തന്നെ അന്ധനെപോലെയാക്കി, സ്പീക്കറുടെ ഡയസിലേക്ക് കയറിയുള്ള പ്രതിഷേധം അങ്ങേയറ്റം ദൗർഭാഗ്യകരം ' -  പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ സ്പീക്കർ 

> **Lead Summary:** **തിരുവനന്തപുരം: **സ്പീക്കറുടെ ഡയസിലേക്ക് കയറിയുള്ള പ്രതിഷേധം അങ്ങേയറ്റം ദൗർഭാഗ്യകരമാണ് .** ** പ്ലക്കാർഡുകൾ ഉയർത്തിയും മുഖം മറച്ചുകൊണ്ടുമുള്ള പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ സ്പീക്കർ എ എൻ ഷംസീർ.

## Article Content

**തിരുവനന്തപുരം: **സ്പീക്കറുടെ ഡയസിലേക്ക് കയറിയുള്ള പ്രതിഷേധം അങ്ങേയറ്റം ദൗർഭാഗ്യകരമാണ് .** ** പ്ലക്കാർഡുകൾ ഉയർത്തിയും മുഖം മറച്ചുകൊണ്ടുമുള്ള പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ സ്പീക്കർ എ എൻ ഷംസീർ.

സ്പീക്കറുടെ ഡയസിലേക്ക് കയറിയുള്ള പ്രതിഷേധം അങ്ങേയറ്റം ദൗർഭാഗ്യകരമാണ് എന്നും ജനാധിപത്യത്തെക്കുറിച്ച് പ്രസംഗിക്കുന്ന പ്രതിപക്ഷം മര്യാദ പാലിക്കണമെന്നും സ്പീക്കർ പറഞ്ഞു.

തന്നെ അന്ധനെപോലെയാക്കി എന്നും മുഖം മറച്ചത് ജനാധിപത്യവിരുദ്ധമെന്നും സ്പീക്കർ പറഞ്ഞു. വാച്ച് ആൻഡ് വാർഡുമാർ ഒന്നും ചെയ്തിട്ടില്ല എന്നും വേണമെങ്കിൽ തനിക്ക് അവരോട് നിർദേശം നൽകാമായിരുന്നുവെന്നും സ്പീക്കർ വ്യക്തമാക്കി.

എന്നാൽ വാച്ച് ആൻഡ് വാർഡുമാർ തങ്ങളുടെ ബാനറുകളും മറ്റും പിടിച്ചുമാറ്റിയെന്നും അവർ തങ്ങളെ പ്രകോപിപ്പിച്ചു എന്ന വാദത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉറച്ചുനിന്നു. ജനാധിപത്യപരമായിരുന്നു സഭയിലെ പ്രതിപക്ഷ സമരം.

എസ്ഐടിയുടെ വീഴ്ചയിൽ സർക്കാരിന് പങ്കുണ്ട്. ഇതിനു മുൻപുള്ള സ്പീക്കർമാർ പ്രതിഷേധമുണ്ടാകുമ്പോൾ രണ്ടുഭാഗവും കേൾക്കാറുണ്ട്. എന്നാൽ പ്രതിപക്ഷ സമരത്തെ വെല്ലുവിളിക്കുകയാണ് ഈ സ്പീക്കർ എന്നും സതീശൻ ആരോപിച്ചു. പിന്നാലെ സഭ ബഹിഷ്കരിച്ച് പ്രതിപക്ഷ അംഗങ്ങൾ പുറത്തേക്കിറങ്ങി.

വലിയ പ്രതിഷേധമാണ് സഭയ്ക്കകത്ത് ശബരിമല സ്വർണക്കൊള്ളയിൽ പ്രതിപക്ഷം അഴിച്ചുവിട്ടത്. പ്ലക്കാർഡുകളുമായി പ്രതിപക്ഷ എംഎൽഎമാർ സ്പീക്കറുടെ ഡയസിനു മുമ്പിൽ പ്രതിഷേധിച്ചു. ബാനർ താഴ്ത്തിയില്ലെങ്കിൽ പിടിച്ചുമാറ്റുമെന്ന് സ്പീക്കർ മുന്നറിയിപ്പ് നൽകിയെങ്കിലും പ്രതിപക്ഷം പ്രതിഷേധം തുടർന്നു.

ഇതിനിടെ ഡയസിന് മുകളിലേക്ക് ചാടിക്കടക്കാൻ ചില പ്രതിപക്ഷ എംഎൽഎമാർ ശ്രമിച്ചു. ടി വി ഇബ്രാഹിം, സനീഷ് കുമാർ ജോസഫ്, അൻവർ സാദത്ത് എന്നിവരാണ് ചാടിക്കടക്കാൻ ശ്രമിച്ചത്. ഇത് വാച്ച് ആൻഡ് വാർഡുമാർ തടഞ്ഞു. പിന്നാലെ പ്രതിപക്ഷ അംഗങ്ങൾ തിരികെ സീറ്റുകളിലേക്ക് മടങ്ങിയെത്തി. ഇതിനിടെ സ്പീക്കർ എഴുന്നേറ്റുപോയി.

പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ ഭരണപക്ഷവും രംഗത്തെത്തിയിരുന്നു. മന്ത്രിമാരായ എം ബി രാജേഷ്, വി ശിവന്‍കുട്ടി, വിവിധ എംഎൽഎമാർ എന്നിവരാണ് പ്രതിപക്ഷത്തിനെതിരെ രംഗത്തെത്തിയത്. എന്ത് അതിക്രമമാണ് പ്രതിപക്ഷം കാണിക്കുന്നതെന്നും കോടതിയിൽ തോറ്റാൽ നിയമസഭയിൽ എന്നതാണോ പ്രതിപക്ഷം ചെയ്യേണ്ടത് എന്ന് എം ബി രാജേഷ് ചോദിച്ചു.

മഹാത്മാഗാന്ധിയുടെ പേരിലുള്ള തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചതിന്റെ പേരിൽ മോദിയും പ്രിയങ്ക ഗാന്ധിയും ഒരുമിച്ച് ചായകുടിച്ച് ആഘോഷിച്ചവരാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339816/protests-on-speakers-podium-speaker-against-opposition-protests)