---
title: "വി കുഞ്ഞികൃഷ്ണന്റെ 'നേതൃത്വത്തെ അണികൾ തിരുത്തണം' പുസ്തക പ്രകാശനം നാളെ"
english_title: "V Kunhikrishnan's book launch tomorrow"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339765/v-kunhikrishnans-book-launch-tomorrow"
published_at: "2026-02-03T08:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69816942c8463_6.jpg"
keywords: []
---

# വി കുഞ്ഞികൃഷ്ണന്റെ 'നേതൃത്വത്തെ അണികൾ തിരുത്തണം' പുസ്തക പ്രകാശനം നാളെ

> **Lead Summary:** **കണ്ണൂർ: **സിപിഐഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണൻ രചിച്ച 'നേതൃത്വത്തെ അണികൾ തിരുത്തണം' എന്ന പുസ്തകം നാളെ പ്രകാശനം ചെയ്യും.

## Article Content

**കണ്ണൂർ: **സിപിഐഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണൻ രചിച്ച 'നേതൃത്വത്തെ അണികൾ തിരുത്തണം' എന്ന പുസ്തകം നാളെ പ്രകാശനം ചെയ്യും.

പയ്യന്നൂർ ടൗണിൽ നടക്കുന്ന ചടങ്ങിൽ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഐടി ഉപദേഷ്ടാവായിരുന്ന ജോസഫ് സി. മാത്യുവാണ് പുസ്തകം പുറത്തിറക്കുന്നത്.

താൻ ഉന്നയിച്ച സാമ്പത്തിക ആരോപണങ്ങൾക്ക് കൃത്യമായ കണക്കുകൾ സഹിതം മറുപടി നൽകാൻ പാർട്ടി തയ്യാറാകണമെന്ന് കുഞ്ഞികൃഷ്ണൻ ആവശ്യപ്പെട്ടു.

പുസ്തകം പുറത്തിറങ്ങുന്നതിന് പിന്നാലെ ധനരാജ് ഫണ്ട് വിവാദത്തിൽ വ്യക്തത വരുത്താൻ സിപിഐഎം തീരുമാനിച്ചു. ഫണ്ട് വിനിയോഗത്തെക്കുറിച്ച് പ്രവർത്തകർക്കിടയിലുണ്ടായ ആശയക്കുഴപ്പം പരിഹരിക്കാനാണ് പാർട്ടി നീക്കം.

ഇതിന്റെ ഭാഗമായി ഫെബ്രുവരി ആറിന് ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് വാർത്താസമ്മേളനം നടത്തി കണക്കുകൾ പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കും.

കൊല്ലപ്പെട്ട സിവി ധനരാജിന്റെ കുടുംബത്തിനായി സമാഹരിച്ച ഫണ്ടിൽ നിന്ന് ഒരു കോടിയോളം രൂപയിൽ 42 ലക്ഷം രൂപ പയ്യന്നൂർ എംഎൽഎ ടി.ഐ. മധുസൂദനൻ ഉൾപ്പെടെയുള്ളവർ തിരിമറി നടത്തിയെന്നായിരുന്നു വി. കുഞ്ഞികൃഷ്ണന്റെ പ്രധാന ആരോപണം.

തെളിവുകൾ നൽകിയിട്ടും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാതെ തന്നെ പുറത്താക്കുകയാണ് പാർട്ടി ചെയ്തതെന്നും അദ്ദേഹം ആരോപിക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339765/v-kunhikrishnans-book-launch-tomorrow)