---
title: "'ജുമൈലയ്ക്ക് വെട്ടേറ്റത് കഴുത്തിൽ, കാസർകോട്ടെ അരുംകൊല സ്ഥലത്തിന്റെ പേരിലുള്ള തർക്കത്തിനിടെ', പ്രതി കസ്റ്റഡിയിൽ "
english_title: "Father hacks daughter to death in Kasaragod, more details revealed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339731/father-hacks-daughter-to-death-in-kasaragod-more-details-revealed"
published_at: "2026-02-02T21:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6980c642ba6a2_crime.jpg"
keywords: []
---

# 'ജുമൈലയ്ക്ക് വെട്ടേറ്റത് കഴുത്തിൽ, കാസർകോട്ടെ അരുംകൊല സ്ഥലത്തിന്റെ പേരിലുള്ള തർക്കത്തിനിടെ', പ്രതി കസ്റ്റഡിയിൽ 

> **Lead Summary:** **കാസര്‍കോട്: ** കാസര്‍കോട് മകളെ പിതാവ് വെട്ടിക്കൊന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്ഥലത്തിന്റെ പേരിലുള്ള തര്‍ക്കത്തിനിടെയാണ് മകളെ പിതാവ് വെട്ടിയതെന്നാണ് പുറത്തുവരുന്ന വിവരം.

## Article Content

**കാസര്‍കോട്: ** കാസര്‍കോട് മകളെ പിതാവ് വെട്ടിക്കൊന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്ഥലത്തിന്റെ പേരിലുള്ള തര്‍ക്കത്തിനിടെയാണ് മകളെ പിതാവ് വെട്ടിയതെന്നാണ് പുറത്തുവരുന്ന വിവരം.

ജുമൈലയുടെ മാതാവിന്റെ പേരിലുള്ള സ്ഥലത്തിന്റെ രേഖകള്‍ തിരികെ നല്‍കാം എന്ന് പറഞ്ഞ് ഉപ്രതി ഉമര്‍ ഫറൂഖ് ഇന്ന് വൈകിട്ടോടെ വീട്ടിലെത്തിയിരുന്നു. തുടര്‍ന്ന് ഉണ്ടായ തര്‍ക്കത്തിനിടെയാണ് ജുമൈലയെ ആക്രമിച്ചത്. കത്തി ഉപയോഗിച്ചായിരുന്നു ആക്രമണം. ജുമൈലയുടെ കഴുത്തിനായിരുന്നു വെട്ടേറ്റത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജുമൈല മരിച്ചിരുന്നു.

പ്രതി ഉമര്‍ ഫറൂഖ് ലഹരിക്കടിമയാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അടുത്തിടെ ലഹരി ഉപയോഗിച്ചെത്തി ഇയാള്‍ ഭാര്യയുമായി വഴക്കിട്ടിരുന്നു. ലഹരി ഉപയോഗിച്ചെത്തിയുള്ള വഴക്ക് പതിവായതോടെ ഉമറിനെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.

വിദേശത്തായിരുന്ന ഉമര്‍ ഫറൂഖ് മൂന്ന് മാസം മുന്‍പാണ് നാട്ടിലെത്തിയത്. ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ ഉണ്ടെന്നാണ് വിവരം. ഭാര്യയുമായി ഇയാള്‍ സ്ഥിരം വഴക്കിട്ടിരുന്നു. ഒരുഘട്ടത്തില്‍ വിവാഹമോചനമെന്ന തീരുമാനത്തില്‍ വരെ എത്തിയിരുന്നു. ബന്ധുക്കള്‍ ഇടപെട്ടായിരുന്നു പ്രശ്‌നം പരിഹരിച്ചത്. എന്നാല്‍ ഇതിന് ശേഷം ഇയാള്‍ ലഹരി ഉപയോഗം പതിവാക്കുകയായിരുന്നുവെന്നാണ് സൂചന.

കാസര്‍കോട് മഞ്ചേശ്വരത്തായിരുന്നു അരുംകൊല നടന്നത്. കുഞ്ചത്തൂര്‍ തൂമിനാട് സ്വദേശിനി മറിയം ജുമലൈയായിരുന്നു കൊല്ലപ്പെട്ടത്. ഇന്ന് വൈകിട്ടായിരുന്നു സംഭവം നടന്നത്. നിലവിളി കേട്ട് സമീപവാസികള്‍ എത്തി നോക്കുമ്പോള്‍ രക്തത്തില്‍ കുളിച്ച നിലയില്‍ ജുമൈലയെ കണ്ടെത്തുകയായിരുന്നു.

ഉടന്‍ തന്നെ ജുമൈലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി. ഈ സമയം ഉമര്‍ സ്ഥലത്തുണ്ടായിരുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ജുമൈലയുടെ മൃതദേഹം നിലവില്‍ മഞ്ചേശ്വരത്തെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടിക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339731/father-hacks-daughter-to-death-in-kasaragod-more-details-revealed)