---
title: "അറിവിന്റെ വിപ്ലവം: വിക്കിപീഡിയയ്ക്ക് ഇരുപത്തിയഞ്ചാം പിറന്നാൾ"
english_title: "Wikipedia's 25th birthday"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339726/wikipedias-25th-birthday"
published_at: "2026-02-02T19:56:00+05:30"
category: "Talks & Topics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6980b491ac29a_10.jpg"
keywords: []
---

# അറിവിന്റെ വിപ്ലവം: വിക്കിപീഡിയയ്ക്ക് ഇരുപത്തിയഞ്ചാം പിറന്നാൾ

> **Lead Summary:** **ലോ**കമെമ്പാടുമുള്ള അറിവന്വേഷകർക്ക് ഒരു വിരൽത്തുമ്പിൽ പ്രപഞ്ചസത്യങ്ങൾ പകർന്നുനൽകുന്ന വിക്കിപീഡിയ രജത ജൂബിലി നിറവിൽ. ജനകീയ ഓൺലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയ കോടിക്കണക്കിന് എഴുത്തുകാരാണ് നെഞ്ചിലേറ്റിയത്. 'അറിവ് എല്ലാവർക്കും, സൗജന്യമായി' എന്ന ലക്ഷ്യത്തോടെ 2001 ജനുവരി 15-ന് ആരംഭിച്ച ഈ ഡിജിറ്റൽ വിജ്ഞാനകോശം ഇന്ന് മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ അറിവിന്റെ ശേഖരമായി മാറിയിരിക്കുന്നു.

## Article Content

**ലോ**കമെമ്പാടുമുള്ള അറിവന്വേഷകർക്ക് ഒരു വിരൽത്തുമ്പിൽ പ്രപഞ്ചസത്യങ്ങൾ പകർന്നുനൽകുന്ന വിക്കിപീഡിയ രജത ജൂബിലി നിറവിൽ. ജനകീയ ഓൺലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയ കോടിക്കണക്കിന് എഴുത്തുകാരാണ് നെഞ്ചിലേറ്റിയത്. 'അറിവ് എല്ലാവർക്കും, സൗജന്യമായി' എന്ന ലക്ഷ്യത്തോടെ 2001 ജനുവരി 15-ന് ആരംഭിച്ച ഈ ഡിജിറ്റൽ വിജ്ഞാനകോശം ഇന്ന് മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ അറിവിന്റെ ശേഖരമായി മാറിയിരിക്കുന്നു.

**എളിയ തുടക്കം, വമ്പൻ വളർച്ച**

ജിമ്മി വെയ്ൽസും ലാറി സാങ്ങറും ചേർന്ന് തുടക്കം കുറിച്ച വിക്കിപീഡിയ, ഇന്ന് 358 ഭാഷകളിലായി 6.6 കോടി ലേഖനങ്ങൾ ഉൾക്കൊള്ളുന്നു. ഇംഗ്ലീഷ് ഭാഷയിൽ നിന്ന് മാത്രം 70 ലക്ഷം ലേഖനങ്ങൾ ഉണ്ട്‌. ആർക്കും തിരുത്തലുകൾ വരുത്താമെന്നതിനാൽ 2.75 ലക്ഷം എഡിറ്റുകൾ പ്രതിമാസം വിക്കിപീഡിയയിൽ ഉണ്ടാകുന്നു. ആർക്കും പുതിയ വിവരങ്ങൾ ചേർക്കാമെന്നതുമാണ് വിക്കിപീഡിയയുടെ ഏറ്റവും വലിയ പ്രത്യേകത. 2.5 ലക്ഷം വോളന്റീയർമാർ പ്രതിഫലമില്ലാതെ പ്രവർത്തിക്കുന്നു. പരസ്യങ്ങളില്ലാത്ത, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഈ സംരംഭം ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് സന്നദ്ധപ്രവർത്തകരുടെ അധ്വാനഫലമാണ് മുന്നോട്ട് പോകുന്നത്.ശരാശരി 1500 കോടിയലധികം വ്യൂസ് വിക്കിപീഡിയയിൽ ഉണ്ട്‌.

**വെല്ലുവിളികളും അതിജീവനവും**

വിവരങ്ങളുടെ ആധികാരികതയെച്ചൊല്ലി പലപ്പോഴും വിമർശനങ്ങൾ ഉയരാറുണ്ടെങ്കിലും, കൃത്യമായ റഫറൻസുകളും നിരന്തരമായ പരിശോധനകളും വഴി വിക്കിപീഡിയ കൂടുതൽ കരുത്താർജ്ജിക്കുകയാണ് ചെയ്തത്. വ്യാജവിവരങ്ങൾ തടയാൻ കർശനമായ എഡിറ്റിംഗ് നയങ്ങളാണ് വിക്കിമീഡിയ ഫൗണ്ടേഷൻ നടപ്പിലാക്കുന്നത്.

അറിവിന്റെ ജനാധിപത്യവൽക്കരണമാണ് വിക്കിപീഡിയയുടെ ഏറ്റവും വലിയ വിജയം. വിവരങ്ങൾ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ എല്ലാവരിലേക്കും ഒരുപോലെ എത്തുന്നുവെന്ന് ഈ 25 വർഷങ്ങൾ ഉറപ്പുവരുത്തി. വിക്കിപീഡിയ കേവലം ഒരു വെബ്സൈറ്റല്ല, മറിച്ച് മനുഷ്യരാശിയുടെ കൂട്ടായ അറിവിന്റെ അടയാളമാണ്.

ആഗോളതലത്തിൽ വിക്കിപീഡിയ ആരംഭിച്ച് ഏകദേശം രണ്ടു വർഷങ്ങൾക്ക് ശേഷമാണ് മലയാളത്തിൽ ഈ വിജ്ഞാനകോശം പിറവിയെടുത്തത്. 2002 ഡിസംബർ 21-നാണ് മലയാളം വിക്കിപീഡിയ (ml.wikipedia.org) സജീവമായത്. അമേരിക്കയിൽ ഗവേഷകനായിരുന്ന തിരുവനന്തപുരം സ്വദേശി വിനോദ് എം.പി. ആണ് മലയാളം വിക്കിപീഡിയയിലെ ആദ്യ ലേഖനം കുറിച്ചത്.

**വളർച്ചയുടെ നാഴികക്കല്ലുകൾ**

തുടക്കം: ആദ്യകാലങ്ങളിൽ യുണികോഡ് ഫോണ്ടുകളുടെ ലഭ്യതക്കുറവും മലയാളം ടൈപ്പിംഗിലെ പ്രായോഗിക ബുദ്ധിമുട്ടുകളും വലിയ വെല്ലുവിളിയായിരുന്നു. എന്നാൽ 2006-ഓടെ സജീവമായ ഒരു ഉപയോക്തൃസമൂഹം രൂപപ്പെട്ടത് വളർച്ചയ്ക്ക് വേഗം കൂട്ടി. ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവർ തങ്ങളുടെ ഒഴിവുസമയങ്ങൾ അറിവ് പങ്കുവെക്കാനായി മാറ്റിവെക്കുന്നു.ഏതാണ്ട് 80000 ലധികം ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ നിലവിലുണ്ട്.

ലേഖനങ്ങളുടെ എണ്ണത്തേക്കാൾ ഉപരി അവയുടെ ഗുണനിലവാരത്തിന് മലയാളം വിക്കി പ്രവർത്തകർ മുൻഗണന നൽകുന്നു. കേരളത്തിലെ സ്കൂൾ പാഠപുസ്തകങ്ങളിൽ വരെ റഫറൻസായി മലയാളം വിക്കിപീഡിയ ഉപയോഗിക്കപ്പെടുന്നു എന്നത് ഇതിന്റെ വിശ്വാസ്യതയ്ക്ക് തെളിവാണ്.

കേരളത്തിലെ പ്രാദേശിക ചരിത്രവും ജീവചരിത്രങ്ങളും ഡിജിറ്റൈസ് ചെയ്യുന്നതിൽ വിക്കിപീഡിയ വഹിക്കുന്ന പങ്ക് നിസ്തുലമാണ്.

**ടീ ഷാഹുൽ ഹമീദ്**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339726/wikipedias-25th-birthday)