---
title: " കൈവിറക്കാതെ ജീവനെടുത്തു ...! ഓൺലൈൻ ചൂതാട്ടത്തിൽ പണം കളഞ്ഞു; ഭർത്താവിനെ ഭാര്യയും കുടുംബവും ചേർന്ന് കൊലപ്പെടുത്തി"
english_title: "Husband killed by wife and family in Uttar Pradesh"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339680/husband-killed-by-wife-and-family-in-uttar-pradesh-new"
published_at: "2026-02-02T15:53:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69807b867fbd1_crime.jpg"
keywords: []
---

#  കൈവിറക്കാതെ ജീവനെടുത്തു ...! ഓൺലൈൻ ചൂതാട്ടത്തിൽ പണം കളഞ്ഞു; ഭർത്താവിനെ ഭാര്യയും കുടുംബവും ചേർന്ന് കൊലപ്പെടുത്തി

> **Lead Summary:** **ഉത്തർപ്രദേശ് : ** കൊടും ക്രൂരത ... ഉത്തർപ്രദേശിലെ ബറേലിയിൽ ഭർത്താവിനെ ഭാര്യയും കുടുംബവും ചേർന്ന് കൊലപ്പെടുത്തി. ജിതേന്ദ്ര കുമാർ യാദവിനെ ആണ് അതിക്രൂരമായി കൊലപ്പെടുത്തിയത്.

## Article Content

**ഉത്തർപ്രദേശ് : ** കൊടും ക്രൂരത ... ഉത്തർപ്രദേശിലെ ബറേലിയിൽ ഭർത്താവിനെ ഭാര്യയും കുടുംബവും ചേർന്ന് കൊലപ്പെടുത്തി. ജിതേന്ദ്ര കുമാർ യാദവിനെ ആണ് അതിക്രൂരമായി കൊലപ്പെടുത്തിയത്.

ഓൺലൈൻ ചൂതാട്ടത്തിലൂടെ ഭാര്യയുടെ അക്കൗണ്ടിൽ നിന്ന് പണം എടുത്തു നഷ്ടപ്പെടുത്തിയതിനെത്തുടർന്നുണ്ടായ തർക്കമാണ് കൊലയ്ക്ക് കാരണം. ഒൻ‌പത് വർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹിതരായ ദമ്പതികൾ ആണ് ഇവർ.

ബറേലിയിലെ ഇസത്ത്‌നഗറിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന ജിതേന്ദ്രയെ ജനുവരി 26-നാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ആയിരുന്നുവെന്നാണ് ആദ്യം കരുതിയിരുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണം ശ്വാസംമുട്ടിച്ചാണെന്ന് തെളിഞ്ഞതോടെയാണ് അന്വേഷണം കൊലപാതകത്തിലേക്ക് തിരിഞ്ഞത്.

വിവാഹം കഴിഞ്ഞ് ആഴ്ചകൾക്കുള്ളിൽ തന്നെ ഇവർക്കിടയിൽ പണത്തെച്ചൊല്ലി തർക്കങ്ങൾ ആരംഭിച്ചിരുന്നു. ജിതേന്ദ്ര കുമാർ ഭാര്യ ജ്യോതിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 20,000 രൂപ അനുവാദമില്ലാതെ എടുത്ത് ഓൺലൈൻ ചൂതാട്ടത്തിൽ നഷ്ടപ്പെടുത്തിയിരുന്നു. ഇത് പറഞ്ഞ് ജനുവരി 26-ന് തർക്കം രൂക്ഷമായപ്പോൾ ജ്യോതി തന്റെ മാതാപിതാക്കളെയും സഹോദരനെയും വീട്ടിലേക്ക് വിളിച്ചുവരുത്തി.

ജ്യോതിയുടെ അച്ഛൻ കാളീചരൺ, അമ്മ ചമേലി, സഹോദരൻ ദീപക് എന്നിവർ ചേർന്ന് ഇയാളെ പിടിച്ചുവയ്ക്കുകയും തുടർന്ന് ജ്യോതി ഭർത്താവിനെ ശ്വാസംമുട്ടിച്ച് കൊല്ലുകയും ആയിരുന്നു. കൊലപാതകത്തിന് ശേഷം അത് ആത്മഹത്യയാണെന്ന് വരുത്തിതീർക്കാൻ പ്രതികൾ മൃതദേഹം ജനാലയിൽ കെട്ടിത്തൂക്കി. അയൽക്കാരെ വിശ്വസിപ്പിക്കാനായി ഇവർ വീട്ടിൽ ബഹളം വെക്കുകയും ചെയ്തിരുന്നു.

ജിതേന്ദ്രയുടെ സഹോദരൻ നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്തുവന്നത്. പൊലീസിന്റെ ചോദ്യം ചെയ്യലിൽ ജ്യോതി കുറ്റം സമ്മതിച്ചു. ജ്യോതിയെയും മാതാപിതാക്കളെ അറസ്റ്റ് .ചെയ്തു. സഹോദരനായി തിരച്ചിൽ തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339680/husband-killed-by-wife-and-family-in-uttar-pradesh-new)