---
title: "ഒന്‍പത് വര്‍ഷത്തെ പ്രണയശേഷം വിവാഹം; ഒടുവില്‍ ഭര്‍ത്താവിനെ ഭാര്യ കഴുത്ത് ഞെരിച്ചു കൊന്ന് ജനൽ കമ്പിയിൽ കെട്ടിത്തൂക്കി; കൊലയ്ക്ക് കൂട്ടുനിന്നത് മാതാപിതാക്കള്‍"
english_title: "Wife kills husband with help of family members"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339641/wife-kills-husband-with-help-of-family-members"
published_at: "2026-02-02T13:26:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69805906a656f_crime.jpg"
keywords: []
---

# ഒന്‍പത് വര്‍ഷത്തെ പ്രണയശേഷം വിവാഹം; ഒടുവില്‍ ഭര്‍ത്താവിനെ ഭാര്യ കഴുത്ത് ഞെരിച്ചു കൊന്ന് ജനൽ കമ്പിയിൽ കെട്ടിത്തൂക്കി; കൊലയ്ക്ക് കൂട്ടുനിന്നത് മാതാപിതാക്കള്‍

> **Lead Summary:** കുടുംബാംഗങ്ങളുടെ സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ. ഉത്തർപ്രദേശിലെ ബറേലിയിലാണ് പ്രണയിച്ചു വിവാഹം കഴിച്ച ജിതേന്ദ്ര എന്ന യുവാവിനെ ഭാര്യ ജ്യോതി ദാരുണമായി കൊല ചെയ്തത്. ജിതേന്ദ്രയുടെ മരണം ആത്മഹത്യയെന്നായിരുന്നു അയല്‍വാസികളുള്‍പ്പെടെ വിശ്വസിച്ചിരുന്നത്.

## Article Content

കുടുംബാംഗങ്ങളുടെ സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ. ഉത്തർപ്രദേശിലെ ബറേലിയിലാണ് പ്രണയിച്ചു വിവാഹം കഴിച്ച ജിതേന്ദ്ര എന്ന യുവാവിനെ ഭാര്യ ജ്യോതി ദാരുണമായി കൊല ചെയ്തത്. ജിതേന്ദ്രയുടെ മരണം ആത്മഹത്യയെന്നായിരുന്നു അയല്‍വാസികളുള്‍പ്പെടെ വിശ്വസിച്ചിരുന്നത്.

എന്നാല്‍ പോസ്റ്റ് മോര്‍ട്ടത്തില്‍ ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചത് എന്ന് കണ്ടെത്തിയത് നിര്‍ണായകമായി. ഒന്‍പത് വര്‍ഷത്തെ പ്രണയത്തിന് ശേഷം കഴിഞ്ഞ നവംബര്‍ 25നായിരുന്നു ജിതേന്ദ്ര കുമാറും ജ്യോതിയും തമ്മിലുള്ള വിവാഹം നടന്നത്. ഗിരിജ ശങ്കര്‍ കോളനിയിലെ വാടകവീട്ടിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. വിവാഹ ശേഷം സാമ്പത്തിക കാര്യങ്ങളില്‍ ഇരുവരും തമ്മില്‍ തര്‍ക്കം പതിവായിരുന്നു.

ജ്യോതിയുടെ അക്കൗണ്ടിൽ നിന്ന് 20,000 രൂപ എടുത്ത ജിതേന്ദ്ര ഓൺലൈൻ ഗെയിമുകളിൽ പന്തയം വച്ച് നഷ്ടപ്പെടുത്തിയിരുന്നു. ഇതിനെ ചൊല്ലി ഇരുവരും വലിയ തര്‍ക്കമുണ്ടായി. പിന്നാലെ അച്ഛനേയും അമ്മയേയും സഹോദരനേയും ജ്യോതി വിളിച്ചുവരുത്തി. അച്ഛനും അമ്മയും സഹോദരനും ചേർന്ന് ജിതേന്ദ്രയെ ബലമായി പിടിച്ചുവക്കുകയും ജ്യോതി യുവാവിനെ കഴുത്ത് ഞെരിച്ച് കൊല്ലുകയുമായിരുന്നു.

കൊലപാതകത്തിന് ശേഷം മൃതദേഹം ജനൽ കമ്പിയിൽ കെട്ടിത്തൂക്കി ആത്മഹത്യയാണെന്ന് വരുത്തിതീർക്കാൻ പ്രതികൾ ശ്രമിച്ചു. ജിതേന്ദ്ര ആത്മഹത്യ ചെയ്തെന്ന് പറഞ്ഞ് അയല്‍വാസികളെ അറിയിച്ചതും ജ്യോതിയും കുടുംബവും തന്നെയാണ്. എന്നാല്‍ യുവാവിന്‍റെ മരണത്തില്‍ സംശയം തോന്നിയ സഹോദരന്‍ അജയ് കുമാര്‍ പൊലീസില്‍ പരാതി നല്‍കി.

ഇതോടെയാണ് മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ജ്യോതി കുറ്റം സമ്മതിച്ചു. ജ്യോതിയേയും മാതാപിതാക്കളേയും പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിലുള്ള സഹോദരന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339641/wife-kills-husband-with-help-of-family-members)