---
title: "പാകിസ്ഥാൻ മത്സരം ഉപേക്ഷിച്ചതിൽ ഐസിസിയ്‌ക്ക് കാര്യമായൊന്നും ചെയ്യാനില്ലേ...?മറുപടി എന്താകും? ഗുണം ഇന്ത്യയ്‌ക്കുതന്നെയെന്ന്‌ വിവരം"
english_title: "icc decision on pakistan boycotting india match"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339613/icc-decision-on-pakistan-boycotting-india-match"
published_at: "2026-02-02T12:18:00+05:30"
category: "InFocus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698049558130d_ind_vs_pak.jpg"
keywords: []
---

# പാകിസ്ഥാൻ മത്സരം ഉപേക്ഷിച്ചതിൽ ഐസിസിയ്‌ക്ക് കാര്യമായൊന്നും ചെയ്യാനില്ലേ...?മറുപടി എന്താകും? ഗുണം ഇന്ത്യയ്‌ക്കുതന്നെയെന്ന്‌ വിവരം

> **Lead Summary:** **( **[www.truevisionnews.com]** )** ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന‌ ട്വന്റി 20 ലോകകപ്പിൽ നിന്നും ബംഗ്ളാദേശ് പിന്മാറിയതിൽ പ്രതിഷേധം അറിയിച്ച രാജ്യം പാകിസ്ഥാനാണ്. ട്വന്റി 20 ലോകകപ്പിൽ നിന്ന് പാകിസ്ഥാനും പിന്മാറും എന്ന് മുൻപ് സൂചനയുണ്ടായിരുന്നു എങ്കിലും പരമ്പര കളിക്കാൻ തന്നെ അവർ തീരുമാനിച്ചു. എന്നാൽ ഫെബ്രുവരി 15ന് നടക്കുന്ന ഇന്ത്യ-പാകിസ്ഥാൻ മത്സരം കളിക്കില്ല എന്നാണ് പിസിബി വ്യക്തമാക്കിയത്. പാക് സർക്കാർ തീരുമാനം അനുസരിച്ചാണ് ഇത്.

## Article Content

**( **[www.truevisionnews.com]** )** ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന‌ ട്വന്റി 20 ലോകകപ്പിൽ നിന്നും ബംഗ്ളാദേശ് പിന്മാറിയതിൽ പ്രതിഷേധം അറിയിച്ച രാജ്യം പാകിസ്ഥാനാണ്. ട്വന്റി 20 ലോകകപ്പിൽ നിന്ന് പാകിസ്ഥാനും പിന്മാറും എന്ന് മുൻപ് സൂചനയുണ്ടായിരുന്നു എങ്കിലും പരമ്പര കളിക്കാൻ തന്നെ അവർ തീരുമാനിച്ചു. എന്നാൽ ഫെബ്രുവരി 15ന് നടക്കുന്ന ഇന്ത്യ-പാകിസ്ഥാൻ മത്സരം കളിക്കില്ല എന്നാണ് പിസിബി വ്യക്തമാക്കിയത്. പാക് സർക്കാർ തീരുമാനം അനുസരിച്ചാണ് ഇത്.

ലോകകപ്പിലെ ഏറ്റവും ആവേശകരമായ മത്സരം എന്നാണ് എക്കാലവും ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടത്തെ വിശേഷിപ്പിക്കുന്നത്. അയല്‍ക്കാരുടെ പോരിന് കാത്ത് ലോകമെങ്ങും ക്രിക്കറ്റ് പ്രേമികള്‍ അന്നേദിനം അവധി പോലുമെടുത്ത് ടിവിക്ക് മുന്നിലിരിക്കും എന്നാണ് മുന്‍കാല ചരിത്രം പറയുന്നത്. ഇത്തവണത്തെ ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യ- പാകിസ്ഥാന്‍ മത്സരം നടക്കാതിരുന്നാല്‍ ടിക്കറ്റ് വരുമാനം അടക്കം കോടികളുടെ നഷ്‌ടം ഐസിസി സഹിക്കേണ്ടിവരുമെന്നുള്ളത് വിഷമിപ്പിക്കുന്ന കാര്യമാണ്.

ലോകകപ്പിന്‍റെ ഔദ്യോഗിക ബ്രോഡ്‌കാസ്റ്റര്‍മാരെയും ഡിജിറ്റല്‍ പാര്‍ട്‌ണര്‍മാരെയും സംബന്ധിച്ച് ഏറ്റവും വരുമാനമേറിയ മത്സരമാണ് ഇന്ത്യ- പാക് ടീമുകള്‍ തമ്മിലുള്ളത്. ഇന്ത്യയും പാകിസ്ഥാനും മൈതാനത്ത് ഏറ്റുമുട്ടുമ്പോള്‍ വ്യൂവര്‍ഷിപ്പ് കൂടുമെന്നതിന് പുറമെ പരസ്യ, സ്‌പോണ്‍സര്‍ഷിപ്പ് തുകകളും കുതിച്ചുയരും എന്നതുതന്നെ ഇതിന് കാരണം.

ഏകദേശം 200 കോടി രൂപയുടെ പരസ്യനഷ്ടം ഒരൊറ്റ ഇന്ത്യ- പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരം വഴി ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ലോകകപ്പില്‍ ഇന്ത്യ- പാകിസ്ഥാന്‍ മത്സരം നടക്കാതിരുന്നാല്‍ ബ്രോഡ്‌കാസ്റ്റര്‍മാര്‍ ഐസിസിയോട് നഷ്‌ടപരിഹാരം തേടിയേക്കും. ഇതുതന്നെ ദശലക്ഷക്കണക്കിന് രൂപ വിലമതിക്കുന്നതായിരിക്കും.

എന്നാൽ പാക് ക്രിക്കറ്റ് ബോർ‌‌ഡ് തീരുമാനത്തിൽ ഐസിസിയ്‌ക്ക് കാര്യമായൊന്നും ചെയ്യാനില്ല എന്നാണ് പൂർവകാല ചരിത്രങ്ങളിൽ കാണുന്നത്. മുൻപ് 1996ൽ ഏകദിന ലോകകപ്പ് നടക്കുന്ന സമയത്ത് അന്ന് ശ്രീലങ്കയിൽ ഓസ്‌ട്രേലിയയും വെസ്റ്റ് ഇൻഡീസും കളിക്കാൻ തയ്യാറായില്ല. കൊളംബോ സെൻട്രൽ ബാങ്കിലെ സ്‌ഫോടനം കാരണമായിരുന്നു ഇത്. ഐസിസിയും ശ്രീലങ്കൻ സർക്കാരും പ്രശ്‌നമില്ല എന്ന് വ്യക്തമാക്കിയിട്ടും ഇരുടീമുകളും പിന്മാറി.

ഇതോടെ ആ മത്സരങ്ങളുടെ പോയിന്റ് ഐസിസി ശ്രീലങ്കയ്‌ക്ക് നൽകി. അവർ ഫൈനലിലെത്തി കിരീടം നേടി. 2003 ലോകകപ്പിൽ ഇംഗ്ളണ്ട് സിംബാ‌ബ്‌വെയിലും ന്യൂസിലാന്റ് കെനിയയിലും കളിക്കാൻ വിസമ്മതിച്ചു. ഈ പോയിന്റുകളും സിംബാബ്‌‌വെയ്ക്കും കെനിയക്കും ലഭിച്ചു. പാകിസ്ഥാൻ വിസമ്മതിച്ച സ്ഥിതിക്ക് അതേമത്സരത്തിലെ പോയിന്റുകൾ ഇന്ത്യയ്‌ക്ക് ലഭിക്കും. ഇത് ഫലത്തിൽ പരമ്പരയിൽ ഇന്ത്യയ്‌ക്ക് തന്നെ ഗുണം ചെയ്യും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339613/icc-decision-on-pakistan-boycotting-india-match)