---
title: "കൊന്നുകളഞ്ഞല്ലോ...! ദുരഭിമാനക്കൊല; 19കാരിയെ പിതാവും സഹോദരനും ചേർന്ന് കെട്ടിയിട്ട് ഷോക്കേൽപ്പിച്ച് കൊന്നു"
english_title: "19-year-old woman tied up and electrocuted to death by father and brother"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339545/19-year-old-woman-tied-up-and-electrocuted-to-death-by-father-and-brother"
published_at: "2026-02-02T07:12:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6980012c4fc6c_crime.jpg"
keywords: []
---

# കൊന്നുകളഞ്ഞല്ലോ...! ദുരഭിമാനക്കൊല; 19കാരിയെ പിതാവും സഹോദരനും ചേർന്ന് കെട്ടിയിട്ട് ഷോക്കേൽപ്പിച്ച് കൊന്നു

> **Lead Summary:** **ലഖ്നൗ: ** അകന്ന ബന്ധുവായ യുവാവിനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞ 19കാരിയെ പിതാവും സഹോദരനും ചേർന്ന് ഷോക്കേൽപ്പിച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ​ഗോണ്ട ജില്ലയിലെ തോർഹാൻസ് ജില്ലയിൽ വെള്ളിയാഴ്ചയാണ് സംഭവം.

## Article Content

**ലഖ്നൗ: ** അകന്ന ബന്ധുവായ യുവാവിനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞ 19കാരിയെ പിതാവും സഹോദരനും ചേർന്ന് ഷോക്കേൽപ്പിച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ​ഗോണ്ട ജില്ലയിലെ തോർഹാൻസ് ജില്ലയിൽ വെള്ളിയാഴ്ചയാണ് സംഭവം.

കൊലപാതകത്തിൽ പെൺകുട്ടിയുടെ പിതാവ് ചന്ദ്രപ്രകാശിനെയും സഹോദരൻ‍ രാഹുലിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ആൺസുഹൃത്തായ പരമേശ്വർ പഥക് നൽകിയ പരാതിയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

പരമേശ്വർ പഥകുമായി രണ്ട് വർഷത്തിലേറെയായി പ്രണയത്തിലായിരുന്നു പെൺകുട്ടി. ഇയാളെ വിവാഹം കഴിക്കാനുള്ള ആ​ഗ്രഹം പെൺകുട്ടി വീട്ടുകാരെ അറിയിച്ചെങ്കിലും ഇവർ എതിർത്തു. എന്നാൽ പെൺകുട്ടി തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു. ഇതോടെ മകളെ കൊലപ്പെടുത്താൻ വീട്ടുകാർ തീരുമാനിക്കുകയായിരുന്നു.

വെള്ളിയാഴ്ച വീട്ടിൽ നിന്ന് പുറത്തേക്ക് പോകാനിറങ്ങിയ പെൺകുട്ടിയെ ഇവർ മുറിയിൽ പൂട്ടിയിട്ടു. തുടർന്ന് കൈകാലുകൾ കട്ടിലിൽ ബന്ധിച്ച ശേഷം വായിൽ തുണി തിരുകുകയും ചെയ്തു. പിന്നാലെ വൈദ്യുതി കേബിളുകൾ ഉപയോ​ഗിച്ച് ഷോക്കേൽപ്പിക്കുകയായിരുന്നു. പെൺകുട്ടി സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു.

ഇതിന് പിന്നാലെ പൊലീസിന് ഒരു കോൾ ലഭിച്ചു. പെൺകുട്ടി ഷോക്കേറ്റ് മരിച്ചു എന്നായിരുന്നു അറിയിപ്പ്. തൊട്ടുപിന്നാലെ പൊലീസിൻ്റെ എമർജൻസി ഹെൽപ് ലൈനിലേക്ക് മറ്റൊരു കോളും വന്നു. പെൺകുട്ടിയെ കൊലപ്പെടുത്തിയെന്നായിരുന്നു അതിൽ പറഞ്ഞത്. ഇതോടെ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രാഥമിക പരിശോധന നടത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയച്ചു.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെയും ലഭിച്ച തെളിവുകളുടെയും അടിസ്ഥാനത്തിൽ മരണം കൊലപാതകമാണെന്ന് വ്യക്തമായി. ഇതിന് പിന്നാലെ പെൺകുട്ടിയുടെ ആൺസുഹൃത്തായ പരമേശ്വർ പഥക് പൊലീസിൽ പരാതി നൽകി. പിതാവും സഹോദരനും എന്തെങ്കിലും ചെയ്യുമോയെന്ന് പേടിയുണ്ടെന്ന് വ്യക്തമാക്കി പെൺകുട്ടി തനിക്കയച്ച കത്തുകളും പരമേശ്വർ പൊലീസിന് കൈമാറിയിരുന്നു.

പഥക് നൽകിയ പരാതിയിൽ പിതാവ് ചന്ദ്രപ്രകാശിനെയും സഹോദരൻ‍ രാഹുലിനേയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു. തങ്ങളുടെ ആ​ഗ്രഹത്തിന് വിരുദ്ധമായി പഥകിനെ വിവാഹം ചെയ്യാൻ മകൾ തീരുമാനിച്ചിരുന്നതായും ഇതാണ് കൊലയ്ക്ക് കാരണമായതെന്നും ഇവർ പൊലീസിന് മൊഴി നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339545/19-year-old-woman-tied-up-and-electrocuted-to-death-by-father-and-brother)