---
title: "പാസ്‌പോർട്ട് റെഡി, ലോകം കയ്യിൽ; ആഗോള ടൂറിസത്തിൽ 152 കോടിയുടെ റെക്കോർഡ് കുതിപ്പ്!"
english_title: "Record jump of 152 crores in global tourism!"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339375/record-jump-of-152-crores-in-global-tourism"
published_at: "2026-01-31T16:19:00+05:30"
category: "Travel"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697dde89e3ab0_travel.jpg"
keywords: []
---

# പാസ്‌പോർട്ട് റെഡി, ലോകം കയ്യിൽ; ആഗോള ടൂറിസത്തിൽ 152 കോടിയുടെ റെക്കോർഡ് കുതിപ്പ്!

> **Lead Summary:** **[[truevisionnews.com]]** ലോകം ഇന്ന് മറ്റൊരു മൂഡിലാണ്; പാസ്‌പോർട്ടും ബാഗുമായി വിമാനം കയറുന്നവരുടെ എണ്ണത്തിൽ റെക്കോർഡ് കുതിപ്പാണ് പുതിയ കാലം സാക്ഷ്യപ്പെടുത്തുന്നത്. മഹാമാരിയുടെയും ലോക്ക്ഡൗണിന്റെയും വിരസതകളിൽ നിന്ന് മുക്തരായ മനുഷ്യർ 'അടിച്ചുപൊളിച്ച് ആഘോഷിക്കണം' എന്ന മൈൻഡ്‌സെറ്റിലേക്ക് മാറിയതോടെ ആഗോള ടൂറിസം മേഖല പുത്തൻ ഉണർവിലാണെന്ന് യുഎൻ ടൂറിസത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.

## Article Content

**[[truevisionnews.com]]** ലോകം ഇന്ന് മറ്റൊരു മൂഡിലാണ്; പാസ്‌പോർട്ടും ബാഗുമായി വിമാനം കയറുന്നവരുടെ എണ്ണത്തിൽ റെക്കോർഡ് കുതിപ്പാണ് പുതിയ കാലം സാക്ഷ്യപ്പെടുത്തുന്നത്. മഹാമാരിയുടെയും ലോക്ക്ഡൗണിന്റെയും വിരസതകളിൽ നിന്ന് മുക്തരായ മനുഷ്യർ 'അടിച്ചുപൊളിച്ച് ആഘോഷിക്കണം' എന്ന മൈൻഡ്‌സെറ്റിലേക്ക് മാറിയതോടെ ആഗോള ടൂറിസം മേഖല പുത്തൻ ഉണർവിലാണെന്ന് യുഎൻ ടൂറിസത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.

സാമ്പത്തിക വെല്ലുവിളികളും യാത്രാ ചെലവിലെ വർദ്ധനവും പോലും മനുഷ്യന്റെ ഈ സഞ്ചാരമോഹത്തിന് തടസ്സമാകുന്നില്ല എന്നതാണ് അത്ഭുതകരമായ വസ്തുത. യുഎൻ ടൂറിസം റിപ്പോർട്ട് പ്രകാരം, 2025-ൽ മാത്രം 152 കോടി വിനോദസഞ്ചാരികളാണ് ലോകത്തിന്റെ വിവിധ കോണുകളിലേക്ക് യാത്ര തിരിച്ചത്.

ഇത് മുൻവർഷത്തെ അപേക്ഷിച്ച് നാല് ശതമാനം വർദ്ധനവാണ് കാണിക്കുന്നത്. ഭൂരിഭാഗം സഞ്ചാരികളും ഇപ്പോഴും യൂറോപ്പിനെ നെഞ്ചിലേറ്റുമ്പോൾ, ദക്ഷിണേഷ്യൻ രാജ്യങ്ങൾ മഹാമാരിക്ക് മുൻപുള്ള പ്രതാപത്തിലേക്ക് പൂർണ്ണമായും തിരിച്ചെത്തിയത് ശ്രദ്ധേയമായ മാറ്റമാണ്.

ഏഷ്യ-പസഫിക് മേഖലയിൽ സന്ദർശകരുടെ എണ്ണത്തിൽ പുരോഗതിയുണ്ടെങ്കിലും പഴയ നിലവാരത്തിലേക്ക് എത്താൻ ഇനിയും അല്പം ദൂരം കൂടി ബാക്കിയുണ്ട്. യാത്രകളിലെ താല്പര്യങ്ങളിലും വലിയ മാറ്റങ്ങൾ പ്രകടമാണ്. തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് പകരം പ്രകൃതിയോട് ഇണങ്ങിനിൽക്കുന്ന ഓഫ്ബീറ്റ് ഇടങ്ങൾക്കും പരിസ്ഥിതി സൗഹൃദ യാത്രകൾക്കുമാണ് (Sustainable Travel) പുതിയ തലമുറ മുൻഗണന നൽകുന്നത്.

ഓരോ യാത്രയെയും വെറുമൊരു സന്ദർശനമായി കാണാതെ, അവിടുത്തെ സംസ്കാരവും ജീവിതരീതിയും ആഴത്തിൽ അനുഭവിക്കാനാണ് ആധുനിക സഞ്ചാരികൾ ആഗ്രഹിക്കുന്നത്. 2026-ലേക്ക് നോക്കുമ്പോൾ ടൂറിസം മേഖലയ്ക്ക് വലിയ പ്രതീക്ഷകളാണുള്ളത്. ഏഷ്യ-പസഫിക് മേഖലയുടെ പൂർണ്ണമായ ഉയിർത്തെഴുന്നേൽപ്പും മിലാനോ കോർട്ടിന വിന്റർ ഒളിമ്പിക്സ്, ഫിഫ വേൾഡ് കപ്പ് തുടങ്ങിയ വമ്പൻ കായിക മാമാങ്കങ്ങളും ആഗോള വിനോദസഞ്ചാര മേഖലയ്ക്ക് കരുത്തേകും.

ലോകരാഷ്ട്രങ്ങൾ തമ്മിലുള്ള രാഷ്ട്രീയ പ്രശ്നങ്ങളും വർദ്ധിച്ചുവരുന്ന ചിലവുകളും വെല്ലുവിളിയാണെങ്കിലും, അനുഭവങ്ങൾക്കായി പണം ചിലവഴിക്കാൻ മടിക്കാത്ത സഞ്ചാരികളുടെ എണ്ണം വർദ്ധിക്കുന്നത് ഈ മേഖലയ്ക്ക് ശുഭപ്രതീക്ഷയാണ് നൽകുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339375/record-jump-of-152-crores-in-global-tourism)