---
title: "എൽഡിഎഫ് 3.0 പ്രചാരണം യുഡിഎഫിന് കരുത്താകും; ഭരണമാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നു- ഷാഫി പറമ്പിൽ എംപി"
english_title: "LDF 3.0 campaign will strengthen UDF; People want a change in government - Shafi Parambil MP"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339229/ldf-30-campaign-will-strengthen-udf-people-want-a-change-in-government-shafi-parambil-mp"
published_at: "2026-01-30T21:47:00+05:30"
category: "Ernakulam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697cda0cc54dc_shafii.jpg"
keywords: []
---

# എൽഡിഎഫ് 3.0 പ്രചാരണം യുഡിഎഫിന് കരുത്താകും; ഭരണമാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നു- ഷാഫി പറമ്പിൽ എംപി

> **Lead Summary:** കൊച്ചി:**[** 'എൽഡിഎഫ് 3.0' എന്ന പ്രചാരണം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ഗുണകരമായി മാറുമെന്ന് ഷാഫി പറമ്പിൽ എംപി. ഭരണത്തുടർച്ചയുണ്ടാകുമെന്ന പ്രചാരണത്തിന് പിന്നാലെ ജനങ്ങൾ പോകുമെന്ന് കരുതുന്നില്ലെന്നും മറിച്ച് ഒരു മാറ്റമാണ് ഭൂരിഭാഗം ആളുകളും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജെയിൻ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച 'ദി സമ്മിറ്റ് ഓഫ് ഫ്യൂച്ചറിൽ' സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

കൊച്ചി:**[** 'എൽഡിഎഫ് 3.0' എന്ന പ്രചാരണം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ഗുണകരമായി മാറുമെന്ന് ഷാഫി പറമ്പിൽ എംപി. ഭരണത്തുടർച്ചയുണ്ടാകുമെന്ന പ്രചാരണത്തിന് പിന്നാലെ ജനങ്ങൾ പോകുമെന്ന് കരുതുന്നില്ലെന്നും മറിച്ച് ഒരു മാറ്റമാണ് ഭൂരിഭാഗം ആളുകളും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജെയിൻ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച 'ദി സമ്മിറ്റ് ഓഫ് ഫ്യൂച്ചറിൽ' സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഘടനാപരമായ പ്രത്യേകതകൾ കാരണം തദ്ദേശ തിരഞ്ഞെടുപ്പുകൾ സാധാരണ യുഡിഎഫിന് അനുകൂലമാകാറില്ല. എന്നിട്ടും കഴിഞ്ഞ തവണ എൽഡിഎഫിന് അപ്രതീക്ഷിത തിരിച്ചടി നേരിട്ടത് കേരളം മാറ്റം ആഗ്രഹിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണെന്നും ഷാഫി ചൂണ്ടിക്കാട്ടി.

സംസ്ഥാന ബജറ്റിലെ പ്രഖ്യാപനങ്ങൾ കൊണ്ട് മാത്രം നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയിക്കാനാകില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കാലത്തിനനുസരിച്ചുള്ള പുരോഗതിയാണ് എല്ലാ മേഖലകളിലും ജനങ്ങൾ പ്രതീക്ഷിക്കുന്നത്. ഭാവിയിലെ തൊഴിലവസരങ്ങൾക്കായി യുവതലമുറയെ സജ്ജരാക്കേണ്ട ചുമതല സർക്കാരിനുണ്ട്. എന്നാൽ കഴിഞ്ഞ ബജറ്റിലെ നിർദ്ദേശങ്ങൾ ഇതിന് പര്യാപ്തമല്ല.

വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്ന കുട്ടികളെ തടയാനാകില്ലെങ്കിലും, ഇവിടെ അവസരങ്ങളില്ലാത്തതുകൊണ്ട് നാടുവിടേണ്ടി വരുന്ന സാഹചര്യം മാറണം. ഉന്നത വിദ്യാഭ്യാസ രംഗത്ത് കാതലായ മാറ്റങ്ങൾ അനിവാര്യമാണ്. തിരഞ്ഞെടുപ്പിലെ വിജയത്തിനപ്പുറം പുതിയ തലമുറയുടെ ആഗ്രഹങ്ങൾക്കൊപ്പം ഉയരുക എന്നതാണ് മുന്നിലുള്ള വെല്ലുവിളി. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന്, പാർട്ടി ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339229/ldf-30-campaign-will-strengthen-udf-people-want-a-change-in-government-shafi-parambil-mp)