---
title: "പന്തളത്ത് പ്രവാസിയുടെ വീട്ടിൽ വൻ കവർച്ച; മോഷ്ടിച്ചത് 50 പവൻ സ്വർണാഭരണങ്ങൾ"
english_title: "Massive robbery at expatriate's house in Pandalam 50 pounds of gold ornaments stolen"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/338910/massive-robbery-at-expatriates-house-in-pandalam-50-pounds-of-gold-ornaments-stolen"
published_at: "2026-01-29T13:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697b10590675b_gold_robbery.jpg"
keywords: []
---

# പന്തളത്ത് പ്രവാസിയുടെ വീട്ടിൽ വൻ കവർച്ച; മോഷ്ടിച്ചത് 50 പവൻ സ്വർണാഭരണങ്ങൾ

> **Lead Summary:** പത്തനംതിട്ട : പത്തനംതിട്ട പന്തളത്ത് പ്രവാസിയുടെ വീട്ടിൽ വൻ കവർച്ച. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 50 പവനിലധികം സ്വർണാഭരണങ്ങൾ ആണ് കവർന്നത്. പ്രത്യേക സംഘം രൂപീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. കൈപ്പുഴയിൽ പ്രവാസിയായ ബിജുനാഥിന്റെ വീട്ടിൽ ആയിരുന്നു കവർച്ച നടന്നത്. ബിജുവും കുടുംബവും വിദേശത്താണ്. ബിജുവിൻ്റെ അമ്മ ഓമന പകൽ സമയത്ത് വീട്ടിൽ നിൽക്കുകയും രാത്രി മൂത്ത മകൻ്റെ വീട്ടിലേക്ക് പോകുന്നതുമാണ് പതിവ്.

## Article Content

പത്തനംതിട്ട : പത്തനംതിട്ട പന്തളത്ത് പ്രവാസിയുടെ വീട്ടിൽ വൻ കവർച്ച. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 50 പവനിലധികം സ്വർണാഭരണങ്ങൾ ആണ് കവർന്നത്. പ്രത്യേക സംഘം രൂപീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. കൈപ്പുഴയിൽ പ്രവാസിയായ ബിജുനാഥിന്റെ വീട്ടിൽ ആയിരുന്നു കവർച്ച നടന്നത്. ബിജുവും കുടുംബവും വിദേശത്താണ്. ബിജുവിൻ്റെ അമ്മ ഓമന പകൽ സമയത്ത് വീട്ടിൽ നിൽക്കുകയും രാത്രി മൂത്ത മകൻ്റെ വീട്ടിലേക്ക് പോകുന്നതുമാണ് പതിവ്.

വീടിന്റെ മുൻവശത്തെ കതക് പൊളിച്ചാണ് മോഷ്ടാവ് ഉള്ളിൽ കടന്നത്. രാവിലെ ഓമന വന്നപ്പോഴാണ് കവർച്ചാ വിവരം അറിഞ്ഞത്. വിദേശത്തുള്ള മരുമകളുടെ സ്വർണാഭരണങ്ങൾ ആണ് നഷ്ടമായത്. വീടും സ്ഥലവും നന്നായി നിരീക്ഷിച്ചുവന്ന സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം പ്രത്യേക പൊലീസ് സംഘം അന്വേഷണം തുടങ്ങി.

മറ്റൊരു സംഭവത്തിൽ ലോട്ടറിക്കട കുത്തിത്തുറന്ന് മോഷണം നടത്തുന്നയാള്‍ പിടിയില്‍. പട്ടാമ്പിയിലെ സൗമ്യ ലോട്ടറി ഏജന്‍സീസ് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസില്‍ പത്തനംതിട്ട സ്വദേശി ആനപ്പാറ ബിജുവാണ് പിടിയിലായത്. പട്ടാമ്പി പൊലീസാണ് ഇയാളെ പിടികൂടിയത്.

ഒട്ടേറെ മോഷണക്കേസുകളില്‍ പ്രതിയാണിയാള്‍. കഴിഞ്ഞ ഡിസംബര്‍ 21നായിരുന്നു സൗമ്യ ലോട്ടറി ഏജന്‍സീസില്‍ മോഷണം നടത്തിയത്. കണ്ണൂര്‍ തലശ്ശേരി സ്റ്റേഷന്‍ പരിധിയിലും സമാനമായ മോഷണം നടത്തിയെന്ന് പ്രതി കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു. ചെറുപ്പകാലം മുതല്‍ ലോട്ടറി എടുക്കുന്നത് ബിജുവന്റെ ശീലമായിരുന്നു. ഇതിന് കഴിയാതെ വരുമ്പോഴാണ് പ്രതി മോഷണം നടത്തുന്നത്.

ലോട്ടറിക്കടകള്‍ കുത്തിത്തുറന്ന് പണവും ലോട്ടറി ടിക്കറ്റുകളും മോഷ്ടിക്കും. ചില ലോട്ടറികളില്‍ സമ്മാനവും അടിക്കും. അവ കോഴിക്കോട് കണ്ണൂര്‍ എന്നിവിടങ്ങളില്‍ കൊണ്ടുപോയാണ് പ്രതി മാറിയിരുന്നത്. ബിജുവിനെതിരെ കുറ്റിപ്പുറം, മൂവാറ്റുപുഴ, ഓച്ചിറ എന്നിവിടങ്ങളിലും കേസുകളുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/338910/massive-robbery-at-expatriates-house-in-pandalam-50-pounds-of-gold-ornaments-stolen)