---
title: "18 ദിവസങ്ങള്‍ക്ക് ശേഷം രാഹുല്‍ മാങ്കൂട്ടത്തില്‍ പുറത്തേക്ക്; പ്രതിഷേധവുമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍"
english_title: "rahul mamkootathil released from jail after 18 days in jail In the third rape case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/338768/rahul-mamkootathil-released-from-jail-after-18-days-in-jail-in-the-third-rape-case"
published_at: "2026-01-28T18:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697a080b365e9_rahul_released.jpg"
keywords: []
---

# 18 ദിവസങ്ങള്‍ക്ക് ശേഷം രാഹുല്‍ മാങ്കൂട്ടത്തില്‍ പുറത്തേക്ക്; പ്രതിഷേധവുമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍

> **Lead Summary:** **ആലപ്പുഴ: ( **[www.truevisionnews.com]** )** മൂന്നാം ബലാത്സംഗ കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ജയില്‍ മോചിതനായി. അറസ്റ്റിലായി പതിനെട്ടാം ദിവസമാണ് പത്തനംതിട്ട സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. മാവേലിക്കര സബ് ജയിലിന് പുറത്ത് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

## Article Content

**ആലപ്പുഴ: ( **[www.truevisionnews.com]** )** മൂന്നാം ബലാത്സംഗ കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ജയില്‍ മോചിതനായി. അറസ്റ്റിലായി പതിനെട്ടാം ദിവസമാണ് പത്തനംതിട്ട സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. മാവേലിക്കര സബ് ജയിലിന് പുറത്ത് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

പ്രവര്‍ത്തകരെ പൊലീസുകാര്‍ അറസ്റ്റ് ചെയ്ത് നീക്കി. ജയിലിന് മുന്നില്‍ പൊലീസുകാരും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഉപാധികളോടെയാണ് പത്തനംതിട്ട സെഷൻസ് കോടതി രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ എല്ലാ ശനിയാഴ്ചയും ഹാജരാകണമെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും സമൂഹമാധ്യമ ഭീഷണിയും പാടില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

രാഹുലിനെ എസ്ഐടിക്ക് കൂടുതൽ കസ്റ്റഡിയിൽ ആവശ്യമില്ലാത്ത സാഹചര്യത്തിൽ ജാമ്യം നൽകുന്നു എന്നാണ് കോടതി അറിയിച്ചത്. പ്രതിഭാഗം ഹാജരാക്കിയ ഡിജിറ്റൽ രേഖകളടക്കം കൂടുതലായി പരിഗണിക്കേണ്ടത് കേസിന്‍റെ അടുത്ത ഘട്ടത്തിലാണെന്നും കോടതി ജാമ്യ ഉത്തരവില്‍ പറയുന്നു. ബലാത്സംഗ കുറ്റം നിലനിൽക്കുമോ എന്ന കാര്യത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് കോടതി ഉത്തരവിലുണ്ട്.

അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പ്രതിയായ ഒന്നാമത്തെ ബലാത്സംഗക്കേസിൽ കേസിൽ പരാമർ‍ശങ്ങളുമായി ഹൈക്കോടതി. അവിവാഹിതനായ രാഹുൽ വിവാഹിതയായ യുവതിയുമായി ഉഭയസമ്മത പ്രകാരം ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിൽ നിയമപരമായി എന്താണു തെറ്റെന്നു കോടതി ചോദിച്ചു.

അതേസമയം, ബലം പ്രയോഗിച്ചതും ഗർഭഛിദ്രത്തിന് നിർബന്ധിച്ചതുമടക്കം പ്രഥമ വിവര മൊഴിയിലുള്ള (എഫ്ഐഎസ്) കാര്യങ്ങൾ ഗൗരവകരമാണെന്നും കോടതി വാക്കാൽ അഭിപ്രായപ്പെട്ടു. കേസിൽ പിന്നീട് വിധി പറയുമെന്ന് ജസ്റ്റിസ് കൗസർ എഡപ്പഗത്ത് വ്യക്തമാക്കി.

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയാണെന്നും സ്വാധീനമുള്ള വ്യക്തിയാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. പരാതിക്കാരിക്കെതിരെ വ്യാപകമായ സൈബർ ആക്രമണമാണു നടക്കുന്നത്. ഇതുവരെ അക്കാര്യത്തിൽ 36 കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിനിടെ, ആരോപിക്കപ്പെടുന്ന കുറ്റകൃത്യം നടന്നതിനു ശേഷം 2 ദിവസം പാലക്കാട് രാഹുലിനൊപ്പം പരാതിക്കാരി താമസിച്ചിരുന്നല്ലോ എന്നും കോടതി ആരാഞ്ഞു.

എന്നാൽ ഇക്കാര്യത്തിൽ പരാതിക്കാരിക്കു വിശദീകരണമുണ്ടെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വേറെയും കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നു പ്രോസിക്യൂഷൻ വാദിച്ചെങ്കിലും കോടതി ഇതിനു ശേഷമാണല്ലോ മറ്റു കേസുകൾ ഉണ്ടായത് എന്ന് ചോദിച്ചു. ക്രിമിനൽ പശ്ചാത്തലം ഉണ്ടല്ലോ എന്ന വാദം നിലനിൽക്കില്ലെന്നും കോടതി പറഞ്ഞു.

മാർച്ച് 17ന് പാലക്കാട് എത്തിയപ്പോൾ രാഹുൽ ബലം പ്രയോഗിച്ചു എന്നും കുട്ടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുലാണെന്നും എഫ്ഐഎസിൽ ഉണ്ടല്ലോ എന്ന് കോടതി ചൂണ്ടിക്കാട്ടി. ഗർഭഛിദ്രത്തിന് അതിജീവിതയ്ക്ക് താൽപര്യമില്ലാഞ്ഞിട്ടും വിഡിയോ കോളിൽ വിളിച്ച് ഇക്കാര്യം ആവശ്യപ്പെട്ടെന്നതും കോടതി ചൂണ്ടിക്കാട്ടി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/338768/rahul-mamkootathil-released-from-jail-after-18-days-in-jail-in-the-third-rape-case)