---
title: "പാളത്തിന് അരികിൽ പാലൊഴുകുന്ന ദൃശ്യം; പ്രകൃതി വിസ്മയമായി ദൂദ്‌സാഗർ റെയിൽവേ സ്റ്റേഷൻ!"
english_title: "Dudhsagar Railway Station is a natural wonder!"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/338747/dudhsagar-railway-station-is-a-natural-wonder"
published_at: "2026-01-28T16:11:00+05:30"
category: "Travel"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6979e830103fa_tru5.jpg"
keywords: []
---

# പാളത്തിന് അരികിൽ പാലൊഴുകുന്ന ദൃശ്യം; പ്രകൃതി വിസ്മയമായി ദൂദ്‌സാഗർ റെയിൽവേ സ്റ്റേഷൻ!

> **Lead Summary:** **[[truevisionnews.com]]** പ്രകൃതിയുടെ പച്ചപ്പിൽ ഒളിപ്പിച്ചുവെച്ച ഒരു അത്ഭുതമാണ് ഗോവ–കർണാടക അതിർത്തിയിലെ ദൂദ്‌സാഗർ റെയിൽവേ സ്റ്റേഷൻ. പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിൽ, നഗരത്തിരക്കുകളിൽ നിന്ന് ബഹുദൂരം മാറി നിൽക്കുന്ന ഈ കൊച്ചു സ്റ്റേഷൻ ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ കാഴ്ചകളിൽ ഒന്നാണ്.

## Article Content

**[[truevisionnews.com]]** പ്രകൃതിയുടെ പച്ചപ്പിൽ ഒളിപ്പിച്ചുവെച്ച ഒരു അത്ഭുതമാണ് ഗോവ–കർണാടക അതിർത്തിയിലെ ദൂദ്‌സാഗർ റെയിൽവേ സ്റ്റേഷൻ. പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിൽ, നഗരത്തിരക്കുകളിൽ നിന്ന് ബഹുദൂരം മാറി നിൽക്കുന്ന ഈ കൊച്ചു സ്റ്റേഷൻ ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ കാഴ്ചകളിൽ ഒന്നാണ്.

ട്രെയിൻ യാത്രക്കാർക്ക് ഒരു സ്വപ്നത്തിലെന്നപോലെ ദൃശ്യമാകുന്ന ഈ സ്റ്റേഷന്റെ പ്രധാന ആകർഷണം തൊട്ടടുത്തുതന്നെ പതഞ്ഞൊഴുകുന്ന ദൂദ്‌സാഗർ വെള്ളച്ചാട്ടമാണ്. അഞ്ഞൂറടി ഉയരത്തിൽ നിന്ന് പാലുപോലെ പതഞ്ഞു വീഴുന്ന വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം മഴക്കാലത്ത് ഇരട്ടിയാകുന്നു.

റെയിൽവേ പാലത്തിലൂടെ ട്രെയിൻ കടന്നുപോകുമ്പോൾ വെള്ളച്ചാട്ടത്തിലെ തുള്ളികൾ ജനാലയിലൂടെ യാത്രക്കാരുടെ മുഖത്തേക്ക് തെറിക്കുന്നത് വിവരിക്കാനാവാത്ത ഒരനുഭവമാണ്. മറ്റ് സ്റ്റേഷനുകളിൽ നിന്ന് വ്യത്യസ്തമായി, ഇവിടെ ട്രെയിൻ നിർത്തുന്നത് യാത്രക്കാർക്ക് കയറാനോ ഇറങ്ങാനോ വേണ്ടിയല്ല.

കടുപ്പമേറിയ ഈ പാതയിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി എൻജിന്റെയും ബ്രേക്കിന്റെയും പ്രവർത്തനക്ഷമത പരിശോധിക്കാനാണ് ട്രെയിനുകൾ ഇവിടെ നിർത്തുന്നത്. വന്യജീവി സങ്കേതത്തിനുള്ളിൽ സ്ഥിതി ചെയ്യുന്നതിനാലും പ്ലാറ്റ്‌ഫോമുകൾ ഇല്ലാത്തതിനാലും ഇവിടെ യാത്രക്കാർ ഇറങ്ങുന്നത് റെയിൽവേ നിയമപരമായി നിരോധിച്ചിട്ടുണ്ട്.

പണ്ട് ട്രക്കിംഗിനായി ആളുകൾ ഇവിടെ ഇറങ്ങാറുണ്ടായിരുന്നെങ്കിലും സുരക്ഷാ കാരണങ്ങളാൽ ഇപ്പോൾ അതിന് അനുമതിയില്ല. തിരക്കേറിയ പ്ലാറ്റ്‌ഫോമുകളോ കടകളോ ഒന്നുമില്ലാത്ത ഈ സ്റ്റേഷൻ പൂർണ്ണമായും പ്രകൃതിയോട് ലയിച്ചു നിൽക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.

വെള്ളച്ചാട്ടത്തിന്റെ ഭംഗി അടുത്തറിയാൻ ആഗ്രഹിക്കുന്നവർക്ക് ഗോവയിലെ കുലെം റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള യാത്രയാണ് ഏറ്റവും അനുയോജ്യം. ഗോവയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ട്രെയിൻ മാർഗ്ഗം കുലെമിൽ എത്തിച്ചേരാവുന്നതാണ്.

അവിടെ നിന്ന് വനം വകുപ്പ് ഒരുക്കുന്ന ജീപ്പ് സഫാരിയിലൂടെ ഇടതൂർന്ന കാടുകൾ പിന്നിട്ട് വെള്ളച്ചാട്ടത്തിന് സമീപമെത്താം. ഏകദേശം 45 മിനിറ്റ് നീളുന്ന സാഹസികമായ ഈ യാത്രയ്ക്ക് ശേഷം, പത്തു പതിനഞ്ചു മിനിറ്റ് നടന്നാൽ വെള്ളച്ചാട്ടത്തിന്റെ അടിത്തട്ടിലെത്താം.

കാടും വെള്ളച്ചാട്ടവും മൂടൽമഞ്ഞും ഒന്നിക്കുന്ന ഈ ദൃശ്യം ഏതൊരു സഞ്ചാരിയുടെയും മനസ്സിൽ മായാത്ത ഒരു ചിത്രമായി അവശേഷിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/338747/dudhsagar-railway-station-is-a-natural-wonder)