---
title: "ദുരന്തമാക്കിയത് ലിയർജെറ്റ് 45XR ഓ? അജിത് പവാറിന്റെ മരണത്തിന് കാരണമായ വിമാനം 2023-ലും അപകടമുണ്ടാക്കി"
english_title: "learjet 45xr plane crash ajit pawar 2023 accident"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/338731/learjet-45xr-plane-crash-ajit-pawar-2023-accident"
published_at: "2026-01-28T14:56:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6979d6a4cf462_plane_crash_baramathi.jpg"
keywords: []
---

# ദുരന്തമാക്കിയത് ലിയർജെറ്റ് 45XR ഓ? അജിത് പവാറിന്റെ മരണത്തിന് കാരണമായ വിമാനം 2023-ലും അപകടമുണ്ടാക്കി

> **Lead Summary:** **ന്യൂഡൽഹി: ( **[www.truevisionnews.com]** ) ** ബുധനാഴ്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിന് കാരണമായ വിമാനം 2023-ലും തകർന്നു വീണതെന്ന് റിപ്പോർട്ട്. ഡൽഹി ആസ്ഥാനമായ വിഎസ്ആർ വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രൈവറ്റ് ബിസിനസ് ക്ലാസ് ജെറ്റ് വിമാനമായ ലിയർജെറ്റ് 45എക്‌സ്ആർ ആണ് തകർന്ന വിമാനം.

## Article Content

**ന്യൂഡൽഹി: ( **[www.truevisionnews.com]** ) ** ബുധനാഴ്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിന് കാരണമായ വിമാനം 2023-ലും തകർന്നു വീണതെന്ന് റിപ്പോർട്ട്. ഡൽഹി ആസ്ഥാനമായ വിഎസ്ആർ വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രൈവറ്റ് ബിസിനസ് ക്ലാസ് ജെറ്റ് വിമാനമായ ലിയർജെറ്റ് 45എക്‌സ്ആർ ആണ് തകർന്ന വിമാനം.

2023 സെപ്റ്റംബറിൽ കനത്ത മഴയ്ക്കിടെ മുംബൈ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയും ഈ വിമാനം തകർന്നുവീണിരുന്നു. ബുധനാഴ്ച രാവിലെ എട്ടു മണിയോടെ മുംബൈയിൽ നിന്ന് പറന്നുയർന്ന വിമാനം 45 മിനിറ്റിന് ശേഷം ലാൻഡിങ്ങിനെ ശ്രമിക്കവെ നിയന്ത്രണം നഷ്ടപ്പെട്ട് ബാരാമതി വിമാനത്താവളത്തിന് സമീപം തകർന്നുവീഴുകയായിരുന്നു.

അപകടത്തിൽ അജിത് പവാറും ഒരു പൈലറ്റും ഒരു ക്രൂ അംഗവും ഉൾപ്പെടെ അഞ്ചു പേർക്കാണ് ജീവൻ നഷ്ടമായത്. മോശം കാലാവസ്ഥ കാരണം ദൃശ്യപരത കുറവായതിനാലാണ് അപകടം സംഭവിച്ചതെന്ന് വിഎസ്ആർ ഏവിയേഷന്റെ ക്യാപ്റ്റൻ വി.കെ സിങ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

**2023 സെപ്റ്റംബറിലെ അപകടം**

2023 സെപ്റ്റംബർ 14-നായിരുന്നു വിഎസ്ആർ വെഞ്ചേഴ്സിന്റെ ഉടമസ്ഥതയിലുള്ള ലിയർജെറ്റ് 45 എക്‌സ്ആർ കനത്ത മഴയും മോശം ദൃശ്യപരതയും കാരണം മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ തകർന്നുവീണത്.

എയർലൈൻ ട്രാൻസ്പോർട്ട് പൈലറ്റ് ലൈസൻസ് (എടിപിഎൽ) കൈവശമുള്ള പൈലറ്റ് ഇൻ കമാൻഡിന്റെയും കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് (സിപിഎൽ) കൈവശമുള്ള ഒരു കോ-പൈലറ്റിന്റെയും നേതൃത്വത്തിൽ വിശാഖപട്ടണത്ത് നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട പാസഞ്ചർ വിമാനമാണ് അന്ന് അപകടത്തിൽപ്പെട്ടത്. വിമാനത്തിൽ ആറ് യാത്രക്കാരുണ്ടായിരുന്നു. അന്നും ലാൻഡിങ്ങിനിടെ റൺവേയുടെ ഒരു ഭാഗത്ത് വിമാനം ഇടിച്ചുകയറുകയായിരുന്നു.

അപകടത്തെത്തുടർന്ന് തീപിടുത്തമുണ്ടായി, വിമാനത്തിലെ എല്ലാ യാത്രക്കാരെയും വിമാനത്തിൽ നിന്ന് ഒഴിപ്പിച്ചു. പൈലറ്റുമാരടക്കം ആറുപേരാണ് അന്ന് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരും പൈലറ്റ്-ഇൻ-കമാൻഡും കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടപ്പോൾ സഹ പൈലറ്റിനു മാത്രം ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/338731/learjet-45xr-plane-crash-ajit-pawar-2023-accident)