---
title: "സഞ്ജുവും പരീക്ഷണങ്ങളും: ലോകകപ്പിന് മുമ്പുള്ള ടീം മാറ്റങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ക്രിക്കറ്റ് ലോകം"
english_title: "Cricket world expresses concern over team changes"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/338673/cricket-world-expresses-concern-over-team-changes"
published_at: "2026-01-28T11:53:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6979ab985ddb5_tru1.jpg"
keywords: []
---

# സഞ്ജുവും പരീക്ഷണങ്ങളും: ലോകകപ്പിന് മുമ്പുള്ള ടീം മാറ്റങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ക്രിക്കറ്റ് ലോകം

> **Lead Summary:** **വിശാഖപട്ടണം: [[truevisionnews.com]] ** 2026 ടി20 ലോകകപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ, ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ തുടരുന്ന അമിത പരീക്ഷണങ്ങൾക്കെതിരെ തുറന്നടിച്ച് വെറ്ററൻ താരം അജിങ്ക്യ രഹാനെ രംഗത്ത്.

## Article Content

**വിശാഖപട്ടണം: [[truevisionnews.com]] ** 2026 ടി20 ലോകകപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ, ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ തുടരുന്ന അമിത പരീക്ഷണങ്ങൾക്കെതിരെ തുറന്നടിച്ച് വെറ്ററൻ താരം അജിങ്ക്യ രഹാനെ രംഗത്ത്.

ന്യൂസിലൻഡിനെതിരായ പരമ്പരയിൽ ഇന്ത്യ മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും, ഓരോ മത്സരത്തിലും പ്ലേയിംഗ് ഇലവനിൽ വരുത്തുന്ന മാറ്റങ്ങൾ ടീമിന്റെ കെട്ടുറപ്പിനെ ദോഷകരമായി ബാധിക്കുമെന്ന് രഹാനെ മുന്നറിയിപ്പ് നൽകി.

അഞ്ച് മത്സരങ്ങളുള്ള ഒരു പരമ്പര അവസാനിക്കുമ്പോഴേക്കും ലോകകപ്പിനുള്ള കൃത്യമായ ഇലവൻ സജ്ജമാകണമെന്നും, പ്രധാന താരങ്ങൾക്ക് വിശ്രമം നൽകുന്നത് അവരുടെ താളം  നഷ്ടപ്പെടുത്തുമെന്നും അദ്ദേഹം നിരീക്ഷിച്ചു.

വരുൺ ചക്രവർത്തിയെപ്പോലുള്ള പ്രധാന ബൗളർമാരെ പുറത്തിരുത്തുന്നതിലെ വിയോജിപ്പും രഹാനെ പ്രകടിപ്പിച്ചു. ഗൗതം ഗംഭീർ പരിശീലകസ്ഥാനം ഏറ്റെടുത്ത ശേഷം ടീമിൽ വലിയ തോതിലുള്ള അഴിച്ചുപണികളാണ് നടക്കുന്നത്.

ഇത് പല താരങ്ങളുടെയും ആത്മവിശ്വാസത്തെയും ബാധിച്ചിട്ടുണ്ട്. ടീമിലെ ഈ അസ്ഥിരതയുടെ പ്രധാന ഇര സഞ്ജു സാംസണാണെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഓപ്പണറായും മറ്റും മാറിമാറി പരീക്ഷിക്കപ്പെട്ടതും ടീമിൽ നിന്ന് പുറത്തായതും സഞ്ജുവിന്റെ ഫോമിനെ ബാധിച്ചതായി നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

ലോകകപ്പ് പോലൊരു വലിയ ടൂർണമെന്റിന് തൊട്ടുമുമ്പ് അഭിഷേക് ശർമ്മയെപ്പോലെ ഫോമിലുള്ള താരങ്ങളെ മാറ്റി പരീക്ഷണങ്ങൾ തുടരുന്നത് ടീമിനുള്ളിൽ ആശയക്കുഴപ്പമുണ്ടാക്കാൻ മാത്രമേ ഉപകരിക്കൂ എന്നും വിമർശനമുയരുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/338673/cricket-world-expresses-concern-over-team-changes)