---
title: "'എജ്യുവിഷൻ 2035': എം.ജി സർവകലാശാല രാജ്യാന്തര വിദ്യാഭ്യാസ സംഗമത്തിന് തുടക്കമായി"
english_title: "International Education Summit begins"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/338527/international-education-summit-begins"
published_at: "2026-01-27T14:19:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69787c1b46192_tru1.jpg"
keywords: []
---

# 'എജ്യുവിഷൻ 2035': എം.ജി സർവകലാശാല രാജ്യാന്തര വിദ്യാഭ്യാസ സംഗമത്തിന് തുടക്കമായി

> **Lead Summary:** **[[truevisionnews.com] ]**മഹാത്മാഗാന്ധി സർവകലാശാലയുടെ 'എജ്യുവിഷൻ 2035' രാജ്യാന്തര വിദ്യാഭ്യാസ സംഗമത്തിനും അലുമ്നി മീറ്റിനും തുടക്കമായി. സഹകരണ, തുറമുഖം, ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

## Article Content

**[[truevisionnews.com] ]**മഹാത്മാഗാന്ധി സർവകലാശാലയുടെ 'എജ്യുവിഷൻ 2035' രാജ്യാന്തര വിദ്യാഭ്യാസ സംഗമത്തിനും അലുമ്നി മീറ്റിനും തുടക്കമായി. സഹകരണ, തുറമുഖം, ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ആധുനിക സാമൂഹിക സാഹചര്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ വിദ്യാഭ്യാസ മേഖലയെ പരിഷ്കരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ സർവകലാശാലകൾ കൈവരിച്ച ആഗോളതലത്തിലുള്ള അക്കാദമിക് മികവ് സംസ്ഥാനത്തിന് അഭിമാനമാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, എം.ജി. സർവകലാശാലയുടെ വികസനത്തിനായി സർക്കാർ ഇതുവരെ 400 കോടി രൂപയിലധികം നിക്ഷേപിച്ചിട്ടുണ്ടെന്നും ക്യാംപസിലെ കായിക അടിസ്ഥാന സൗകര്യ വികസനം പുരോഗമിക്കുകയാണെന്നും അറിയിച്ചു.

ചടങ്ങിൽ വൈസ് ചാൻസലർ പ്രഫ. ഡോ. സി.ടി. അരവിന്ദകുമാറിന് ഇൻസ്റ്റിറ്റ്യൂഷനൽ ഡെവലപ്പ്മെന്റ് പ്ലാൻ (IDP) കൈമാറി മന്ത്രി പ്രകാശനം നിർവഹിച്ചു. സർവകലാശാലകൾ മൾട്ടിഡിസിപ്ലിനറി സ്ഥാപനങ്ങളായി മാറേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അധ്യക്ഷ പ്രസംഗത്തിൽ വൈസ് ചാൻസലർ സംസാരിച്ചു.

ഒരു സർക്കാർ മെഡിക്കൽ കോളജും എൻജിനീയറിങ് കോളജും സർവകലാശാലയുമായി ബന്ധിപ്പിക്കാനുള്ള നിർദേശം സർക്കാരിന് നൽകിയിട്ടുണ്ടെന്നും ചില അഫിലിയേറ്റഡ് കോളജുകളിൽ ഉടൻ തന്നെ ഡ്യുവൽ ഡിഗ്രി പ്രോഗ്രാമുകൾ ആരംഭിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

സ്കൂൾ ഓഫ് കെമിക്കൽ സയൻസസിൽ സംഘടിപ്പിച്ച ചടങ്ങിൽ മുൻ എം.പി. ഡോ. പി.കെ. ബിജു, അഡ്വ. റെജി സഖറിയ, സുരേഷ് എം.എസ്., ചലച്ചിത്ര സംവിധായകൻ ജയരാജ്, പ്രഫ. പി.ആർ. ബിജു, പ്രഫ. ജിൻ ജോസ്, മിഥുൻ എം.എസ്., ഡോ. പി. മനോജ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/338527/international-education-summit-begins)