---
title: "ബദരീനാഥ്,കേദാർനാഥ് ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്ക് പ്രവേശന വിലക്ക്; നീക്കവുമായി ക്ഷേത്രകമ്മിറ്റി"
english_title: "Entry of non-Hindus into Badrinath and Kedarnath temples prohibited; Temple Committee moves to ban entry"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/338377/entry-of-non-hindus-into-badrinath-and-kedarnath-temples-prohibited-temple-committee-moves-to-ban-entry"
published_at: "2026-01-26T17:04:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69775136eb91d_basdri.jpg"
keywords: []
---

# ബദരീനാഥ്,കേദാർനാഥ് ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്ക് പ്രവേശന വിലക്ക്; നീക്കവുമായി ക്ഷേത്രകമ്മിറ്റി

> **Lead Summary:** **ഉത്തരാഖണ്ഡ്: **പ്രസിദ്ധമായ ബദരീനാഥ്, കേദാർനാഥ് ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്ക് വിലക്കേർപ്പെടുത്താനുള്ള നീക്കവുമായി ക്ഷേത്ര കമ്മിറ്റി. ക്ഷേത്രങ്ങളിലേക്കുള്ള പ്രവേശനം ഹിന്ദുക്കൾക്ക് മാത്രമായിരിക്കുമെന്ന് ക്ഷേത്രഭരണസമിതി അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

## Article Content

**ഉത്തരാഖണ്ഡ്: **പ്രസിദ്ധമായ ബദരീനാഥ്, കേദാർനാഥ് ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്ക് വിലക്കേർപ്പെടുത്താനുള്ള നീക്കവുമായി ക്ഷേത്ര കമ്മിറ്റി. ക്ഷേത്രങ്ങളിലേക്കുള്ള പ്രവേശനം ഹിന്ദുക്കൾക്ക് മാത്രമായിരിക്കുമെന്ന് ക്ഷേത്രഭരണസമിതി അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ചാതുർ ധാം യാത്രയുടെ ഭാഗമായ ഈ രണ്ടു ക്ഷേത്രങ്ങളിലും ഹിന്ദു ഇതര മതസ്ഥർക്ക് പ്രവേശന വിലക്കേർപ്പെടുത്തുമെന്ന് ക്ഷേത്ര ഭരണസമിതി അറിയിച്ചു.

ബദരീനാഥ്- കേദാർനാഥ് ക്ഷേത്ര കമ്മിറ്റിയുടെ കീഴിലുള്ള മറ്റ് ക്ഷേത്രങ്ങളിലും വിലക്ക് ബാധകമായിരിക്കുമെന്ന് ബദരീനാഥ്- കേദാർനാഥ് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ഹേമന്ദ് ദ്വിവേദി വ്യക്തമാക്കി. ഇത് സംബന്ധിച്ച നിർദേശം വരാനിരിക്കുന്ന ക്ഷേത്ര കമ്മിറ്റി ബോർഡ് യോഗത്തിൽ പാസാക്കും.

ആറ് മാസകാലത്തെ ശൈത്യകാല അടച്ചിടലിന് ശേഷം ഈ വർഷം ഏപ്രിൽ 23നാണ് ബദരീനാഥ് ക്ഷേത്രം തുറക്കുക. കേദാർനാഥ് ക്ഷേത്രത്തിന്റെ നടതുറക്കുന്ന തീയതി ശിവരാത്രി ദിനത്തിൽ പ്രഖ്യാപിക്കും.

ഗംഗോത്രി, യമുനോത്രി എന്നിവയാണ് ചാർധാമിന്‍റെ ഭാഗമായ മറ്റ് രണ്ട് പുണ്യസ്ഥലങ്ങൾ. ഈ ക്ഷേത്ര നടകൾ അക്ഷയതൃതീയ പ്രമാണിച്ച് ഏപ്രിൽ 19ന് തുറക്കും.

ഹിമാലയ സാനുക്കളിൽ സ്ഥിതിചെയ്യുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള കേദാർനാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവയെ ബന്ധിപ്പിച്ചുള്ള ചാർ ധാം യാത്രയിൽ ഒട്ടേറെ തീർത്ഥാടകർ പങ്കെടുക്കാറുണ്ട്. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന യാത്രകൂടിയാണ് ഇത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/338377/entry-of-non-hindus-into-badrinath-and-kedarnath-temples-prohibited-temple-committee-moves-to-ban-entry)