---
title: "കോഴിക്കോട്  സ്കൂട്ടർ ഡിവൈഡറിലും മണ്ണുമാന്തി യന്ത്രത്തിലും ഇടിച്ച് അപകടം; സ്കൂട്ടർ യാത്രികൻ മരിച്ചു"
english_title: "Scooter rider dies after hitting divider and earthmoving machine in Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/338199/scooter-rider-dies-after-hitting-divider-and-earthmoving-machine-in-kozhikode"
published_at: "2026-01-25T15:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6975ebad96670_accident.jpg"
keywords: []
---

# കോഴിക്കോട്  സ്കൂട്ടർ ഡിവൈഡറിലും മണ്ണുമാന്തി യന്ത്രത്തിലും ഇടിച്ച് അപകടം; സ്കൂട്ടർ യാത്രികൻ മരിച്ചു

> **Lead Summary:** **കോഴിക്കോട് : ** ദേശീയ പാത രാമനാട്ടുകര – വെങ്ങളം റീച്ചിലെ സർവീസ് റോഡിൽ പുലർച്ചെയുണ്ടായ സ്കൂട്ടർ അപകടത്തിൽ ഒരാൾ മരിച്ചു.

## Article Content

**കോഴിക്കോട് : ** ദേശീയ പാത രാമനാട്ടുകര – വെങ്ങളം റീച്ചിലെ സർവീസ് റോഡിൽ പുലർച്ചെയുണ്ടായ സ്കൂട്ടർ അപകടത്തിൽ ഒരാൾ മരിച്ചു.

സ്കൂട്ടർ ഓടിച്ച തലക്കുളത്തൂർ പുറക്കാട്ടിരി താഴത്തേയിൽ കനകശ്രീയിൽ ജി.നിർമൽ(31) ആണ് മരിച്ചത്. മലാപ്പറമ്പ് സർവീസ് റോഡിൽ നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്ന ഭാഗത്താണ് സ്കൂട്ടർ ഡിവൈഡറിലും മണ്ണുമാന്തി യന്ത്രത്തിലും ഇടിച്ച് അപകടം ഉണ്ടായത്.

പുറക്കാട്ടേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുന്നതിനിടെ പുലർച്ചെ ഒരു മണിയോടെയാണ് അപകടം. നാട്ടുകാരും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി നിർമലിനെ ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം ആശുപത്രി മോർച്ചറിയിൽ. നിർമാണം നടത്തുന്ന ഭാഗത്ത് വ്യക്തമായ സൂചനാ ബോർഡുകൾ സ്ഥാപിക്കാത്തതും മണ്ണുമാന്തി യന്ത്രത്തിൽ പാർക്കിങ് ലൈറ്റുകൾ തെളിക്കാത്തതുമാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് നാട്ടുകാർ പറയുന്നത്.

ചേവായൂർ പൊലീസ് അപകടത്തിൽ കേസ് റജിസ്റ്റർ ചെയ്തു. ടോൾ പിരിവ് ആരംഭിച്ച റോഡിലെ സർവീസ് റോഡിലാണ് യുവാവിന് അപകടത്തിൽ ജീവൻ നഷ്ടമായത്. നിർമാണം പൂർത്തിയാകുന്നതിന് മുൻപാണ് ഒളവണ്ണ ടോൾ പ്ലാസയിൽ ടോൾ പിരിവ് തുടങ്ങിയതെന്ന് നാട്ടുകാർ നേരത്തെ ആക്ഷേപം ഉന്നയിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/338199/scooter-rider-dies-after-hitting-divider-and-earthmoving-machine-in-kozhikode)